ഹൃദയത്തിൽ കൊണ്ടുനടന്ന ഉറ്റ സുഹൃത്തും സഹോദരനുമായ കോടിയേരിയുടെ ഭൗതിക ശരീരം തോളിലേറ്റി പിണറായി വിജയന്‍

ഗുരുസ്ഥാനീയന്‍ ഇ കെ നായനാരുടെ ഭൗതിക ശരീരം ചുമലിലേറ്റി പിണറായി വിജയൻ അന്ന് മുൻ നിരയിൽ ഉണ്ടായിരുന്നു. നായനാരുടെ ഭൗതികശരീരം വഹിച്ച് അസാമാന്യമായ അനുഭൂതിയോടെ അദ്ദേഹം നടന്നു നീങ്ങിയത് അദ്ദേഹത്തിന്റെ സ്നേഹസ്മരണകളും ഓർമ്മകളും മരണത്തിന്റെ ദുഃഖവും നെഞ്ചിൽ അലയടിക്കുമ്പോഴാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം പയ്യാമ്പലത്തെ സാഗരതീരം സമാനമായ ഒരു സങ്കടകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

2004 മെയ് 19 ഇ കെ നായനാർ എന്ന ഏറമ്പാല കൃഷ്ണന്‍ നായനാര്‍ രാഷ്ട്രീയ കേരളത്തിൽ നിന്ന് വിട്ടുപോയ ഒരു ദുഃഖ ദിനമായിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരാണ് വിയോഗത്തിന്റെ ഞെട്ടലിൽ നെഞ്ചിടിപ്പോടെ നിന്നത്. മൃതദേഹം ഡൽഹി എയിംസിൽ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു.

സെക്രട്ടേറിയറ്റിലെയും എകെജി സെന്ററിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലെത്തിച്ചു. വഴിയിലുടനീളം, “ഇല്ല ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന ഹൃദയഭേദകമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. മുമ്പെങ്ങുമില്ലാത്തവിധം ജനപ്രവാഹമായിരുന്നു സംസ്ഥാനം അന്ന് കണ്ടത്. പാർട്ടി അണികൾ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒരു നോക്കുകാണാൻ തെരുവിൽ തടിച്ചുകൂടി. എതിർ രാഷ്ട്രീയ ചേരിയിലുള്ളവർ പോലും അദ്ദേഹത്തിന്റെ വിയോഗം തളര്‍ത്തി.

അന്ന് പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുസ്ഥാനീയനായ ഇകെ നായനാരുടെ ഭൗതിക ദേഹം തോളിലേറ്റുവാങ്ങി മുന്‍നിരയില്‍ പിണറായി വിജയനുണ്ടായിരുന്നു. ഇടനെഞ്ചില്‍ അദ്ദേഹവുമൊത്തുള്ള സ്നേഹസ്മരണകളും വിയോഗത്തിന്‍റെ സങ്കടവും ഇരമ്പുമ്പോഴും അസാമാന്യമായ വികാര വായ്‌പോടെ അദ്ദേഹം നായനാരുടെ മൃതദേഹവും ചുമന്ന് നടന്നുനീങ്ങി.

പതിനെട്ടാണ്ടുകള്‍ക്കിപ്പുറം സമാനമായൊരു സങ്കടരംഗത്തിനാണ് പയ്യാമ്പലത്തെ സാഗരതീരം സാക്ഷിയായത്. സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള ദൂരമത്രയും വിലാപയാത്രയെ കാല്‍നടയായി നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുമായി പതിറ്റാണ്ടുകള്‍ കോമ്രേഡ്ഷിപ്പിന്‍റെ ആര്‍ദ്രമുഹൂര്‍ത്തങ്ങള്‍ പങ്കിട്ട പിണറായി വിജയന്‍ ആ യാത്രയില്‍ ഉള്ളേറ്റുവാങ്ങിയ ഹൃദയഭാരം ആര്‍ക്ക് അളക്കാനാവും.

പയ്യാമ്പലത്തേക്കെത്തുമ്പോള്‍ കോടിയേരിയുടെ മൃതദേഹം തോളില്‍ വാങ്ങി വലത്ത് പിണറായിയുണ്ടായിരുന്നു. ഇടത്ത് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. ഉള്ളിലെ വിങ്ങലിന്‍റെ പൊള്ളലിലും അചഞ്ചല സ്ഥൈര്യത്തോടെ അദ്ദേഹം മൃതദേഹവുമേറ്റി നടന്നു. അന്ന് പിണറായി വിജയന്‍ ഇ.കെ നായനാരുടെ മൃതദേഹം തോളിലേറ്റി നടന്നുനീങ്ങിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, ഇന്ന് കോടിയേരിയുടെ ചേതനയറ്റ ശരീരം ചുമലിലേറ്റിയ, അല്ല അദ്ദേഹം പറഞ്ഞപോലെ ഹൃദയത്തിലേറ്റിയ മുഖ്യമന്ത്രി.

പിണറായി വിജയന്‍റെ ജീവിതത്തിലെ വലിയ വിയോഗങ്ങളിലെ അത്യപൂര്‍വ സാമ്യതയായി ആ രംഗം. കാലം സാക്ഷി, ചരിത്രം സാക്ഷി… അപ്പോഴും അവിടെ മുഴങ്ങുന്നുണ്ട്. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, കോടിയേരി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’. എന്നാല്‍ അത്രയും നേരം കാത്തുവച്ച സ്ഥൈര്യം ഉള്‍പ്പൊള്ളലില്‍ ഒടുവില്‍ ഇടറി. അതിന്‍റെ സാക്ഷ്യമായിരുന്നു അനുശോചനയോഗത്തിലെ വാക്കുകള്‍. ഇന്നോളം പിണറായി വിജയനെ ഇടറിയ മുഖത്തോടെ കലങ്ങിയ കണ്ണുകളോടെ ഇത്രമേല്‍ നെഞ്ചിടിച്ചിലോടെ രാഷ്ട്രീയ കേരളം കണ്ടിട്ടില്ല.

ഹൃദയത്തിലാണ് അദ്ദേഹത്തെ ചുമന്നതെന്ന് ഇടറിയ വാക്കുകളോടെ അദ്ദേഹം പറഞ്ഞുവച്ചു. ‘വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം , എപ്പോള്‍ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ നിശ്ചയമില്ല, അല്‍പ്പം വഴിവിട്ട രീതിയിലാണ് സംസാരിക്കുന്നത്’ – പിണറായി പറഞ്ഞു തുടങ്ങി. പക്ഷേ മുന്‍പില്ലാത്തവിധം അദ്ദേഹം ഒരു പ്രസംഗം മുഴുമിപ്പിക്കാതെ മടങ്ങി. കോടിയേരിയുടെ അസാന്നിധ്യമുണ്ടാക്കുന്ന വിടവും പൂര്‍വാനുഭവങ്ങളും പങ്കുവച്ചുള്ള സംസാരം ഇടയ്ക്കുമുറിഞ്ഞു.

‘നേരത്തെ പറഞ്ഞതുപോലെ ഞാൻ ഉപസംഹരിക്കുന്നു’ എന്ന് ഗദ്ഗദകണ്ട്ഠനായി പിണറായി വിജയന്‍ സീറ്റിലേക്ക് മടങ്ങി. ഇത്രയും വൈകാരികമായ അനുഭവത്തിൽ പിണറായിയെ കണ്ടിട്ടില്ല. തന്റെ ഉറ്റസുഹൃത്തും സഹോദരനുമായ കോടിയേരിയുടെ വേർപാടിൽ അദ്ദേഹം വല്ലാതെ ഉലച്ചുപോയതെന്നുള്ളത് വ്യക്തം.

ഓർമയില്‍ കനലായി കോടിയേരി

കണ്ണൂർ: ഹൃദയഭേദക നിമിഷങ്ങൾക്ക് സാക്ഷിയായ കണ്ണൂർ പയ്യാമ്പലം ബീച്ചില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന് നിത്യനിദ്ര. സിപിഎം നേതാക്കളായ ചടയൻ ഗോവിന്ദന്‍റേയും ഇകെ നായനാരുടേയും ശവകുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്കും ചിതയൊരുക്കിയത്. വിങ്ങിപ്പൊട്ടിയ മനസും മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയനും ‘ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന് പതിനായിരങ്ങൾ കണ്ഠങ്ങളില്‍ നിന്നുയർന്ന മുദ്രാവാക്യവും അറബിക്കടലും സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി. മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീകൊളുത്തുമ്പോൾ ഭാര്യ വിനോദിനിയും കുടുംബാംഗങ്ങളും സിപിഎം നേതാക്കളും മന്ത്രിമാരും അടക്കം വൻ ജനാവലി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

കോടിയേരിയുടെ അന്ത്യയാത്രയും സംസ്കാര ചടങ്ങുകളും ചിത്രങ്ങളിലൂടെ

Print Friendly, PDF & Email

Leave a Comment

More News