ട്രംപ് CNN-ന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു; നഷ്ടപരിഹാരമായി $475 മില്യൺ ആവശ്യപ്പെട്ടു

ഫ്ലോറിഡ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അമേരിക്കൻ ബ്രോഡ്കാസ്റ്റർ സിഎൻഎന്നിനെതിരെ 475 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് കൊടുത്തു.

ഫ്ലോറിഡയിലെ ഒരു യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍, “രാഷ്ട്രീയ സന്തുലിതാവസ്ഥ ഇടതുപക്ഷത്തേക്ക് ചായിക്കാനുള്ള യോജിച്ച ശ്രമത്തിന്റെ” ഭാഗമായി അപകീർത്തികരമായ ഭാഷ ഉപയോഗിച്ച് മുൻ യുഎസ് പ്രസിഡന്റിനെ കളങ്കപ്പെടുത്താൻ സി എന്‍ എന്‍ ശ്രമിച്ചുവെന്ന് അവകാശപ്പെടുന്നു.

29 പേജുള്ള ഹര്‍ജിയില്‍ ട്രംപ് 475 മില്യൺ ഡോളർ ശിക്ഷാപരമായ നഷ്ടത്തിനും, അതുപോലെ തന്നെ വിചാരണയിൽ നിർണ്ണയിക്കേണ്ട നഷ്ടപരിഹാര തുകയും ആവശ്യപ്പെടുന്നു.

“വംശീയത”, “വിപ്ലവവാദി” എന്നീ പദപ്രയോഗങ്ങളും ട്രം‌പിനെ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുമായി സി എന്‍ എന്‍ താരതമ്യം ചെയ്തതുമാണ് കേസിനാധാരം.

മുൻ പ്രസിഡന്റിനെ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി 2022 ജനുവരിയിൽ ഫരീദ് സക്കറിയ നടത്തിയ അഭിമുഖത്തെ പരാമർശിച്ച് നെറ്റ്‌വർക്ക് “അപവാദ പ്രചരണം” നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

“2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ” വിവരിക്കാൻ “വലിയ നുണ” എന്ന പദം സി‌എൻ‌എൻ ഉപയോഗിച്ചതിനാൽ അദ്ദേഹത്തിന് ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ട്രംപിന്റെ അഭിഭാഷകർ വാദിക്കുന്നു.

“വലിയ നുണ” “അഡോൾഫ് ഹിറ്റ്‌ലർ പ്രയോഗിച്ച ഒരു തന്ത്രത്തിന്റെ നേരിട്ടുള്ള പരാമർശമാണെന്നും ഹിറ്റ്‌ലറുടെ “മെയിൻ കാംഫ്” ൽ പ്രത്യക്ഷപ്പെടുന്നുവെന്നും അവർ പറയുന്നു.

ഒരു പ്രസ്താവനയിൽ, മുൻ പ്രസിഡന്റ് മറ്റ് പ്രമുഖ മാധ്യമ കമ്പനികൾക്കെതിരെ “വരും ആഴ്ചകളിലും മാസങ്ങളിലും” കേസുകൾ ഫയൽ ചെയ്യുമെന്നും തന്റെ അനുയായികൾ 2021 ൽ യുഎസ് ക്യാപിറ്റോളിനു നേരെ നടത്തിയ ആക്രമണം അന്വേഷിക്കുന്ന ഒരു കോൺഗ്രസ് കമ്മിറ്റിക്കെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കുമെന്നും പറഞ്ഞു.

ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് തന്റെ ആസ്തിയുടെ മൂല്യത്തിൽ ബാങ്കുകളോടും ഇൻഷുറർമാരോടും കള്ളം പറഞ്ഞതിന് മുൻ പ്രസിഡന്റിനെതിരെ കഴിഞ്ഞ മാസം കേസെടുത്ത സാഹചര്യത്തിലാണ് ഈ കേസ്.

2021 ജനുവരിയിൽ ഓഫീസ് ഒഴിഞ്ഞതിന് ശേഷം വൈറ്റ് ഹൗസിൽ നിന്ന് സർക്കാർ രേഖകൾ നീക്കം ചെയ്യുകയും അവ തന്റെ മാർ-എ-ലാഗോ റിട്രീറ്റിൽ സൂക്ഷിക്കുകയും ചെയ്തതിന് ട്രം‌പിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News