പതിനൊന്നാം നിലയിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് 20-കാരൻ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു അപ്പാർട്ട്‌മെന്റിലെ 11-ാം നിലയിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് 20 കാരനായ യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശിയാണ് യുവാവ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പോലീസ് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

വാരണാസി സ്വദേശിയായ കുശാഗ്ര മിശ്ര സുഹൃത്തുക്കളോടൊപ്പം മൈ ഹവേലി അപ്പാർട്ട്‌മെന്റിന്റെ 11-ാം നിലയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ലിഫ്റ്റ് ബട്ടൺ അമർത്തി വാതിൽ തുറന്നെങ്കിലും ലിഫ്റ്റ് ആ നിലയിലേക്ക് വന്നില്ല. അതു ശ്രദ്ധിക്കാതെ കുശാഗ്ര ലിഫ്റ്റിനുള്ളിലേക്ക് കയറുകയും ഷാഫ്റ്റിലേക്ക് വീഴുകയുമായിരുന്നു.

മണിപ്പാൽ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. ബിൽഡറുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് യുവാവിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് സവായ് മാൻസിംഗ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ലിഫ്റ്റ് ഷാഫ്റ്റിൽ വീണാണ് യുവാവ് മരിച്ചതെന്ന് യുഭൻകരോട്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് രവീന്ദ്ര പ്രതാപ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

Print Friendly, PDF & Email

Leave a Comment

More News