കാണാതായ മാതാവിന്റെ മൃതദേഹം മകന്റെ കാറിലെ ട്രങ്കിൽ

ഹംബിൾ (ടെക്സസ് ): ടെക്സസ്സിലെ ഹംബിൾ അപ്പാർട്മെന്റിൽ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസ്സുള്ള അമ്മ മിഷേലിന്റെ മൃതദേഹം 17 കാരനായ മകൻ ടൈലർ റോയൻസ് ഓടിച്ചിരുന്ന കാറിന്റെ ട്രങ്കിൽ കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്കയിൽ 750 മൈൽ അകലെ പോലീസിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അതിവേഗത്തിൽ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിൽ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഇന്നു (ഒക്ടോ 15) നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും വ്യാഴാഴ്ച ഇവരെ കാണാനില്ല എന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വടക്കൻ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്.

ഹ്യൂസ്റ്റൺ അധികൃതരും വെള്ളിയാഴ്ച നെബ്രാസ്കയിൽ മിഷേലിന്റെ കാർ അപകടത്തിൽ പെട്ടതായി സ്ഥിരീകരിച്ചു .പോലീസ് വാഹനം പരിശോധിച്ചപ്പോൾ ട്രങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മിഷേലിന്റെതാണെന്നും പോലീസ് പിന്നീട് പറഞ്ഞു. മരിച്ച മിഷേൽ അനിമൽ അഡ്വക്കേറ്റാണ്.

സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ടെയ്‌ലറെ ടെക്സസിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News