പരിഹാസമല്ല പ്രവർത്തനം ആണ് ആവശ്യം: പി.സി. മാത്യു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാനങ്ങൾ എടുത്ത ശേഷം പൊതു ജനത്തെ ഞങ്ങൾ വല്യ കാര്യങ്ങൾ ചെയ്യുന്നവർ ആണെന്ന് തെറ്റി ധരിപ്പിച്ചു പ്രഹസനം ആക്കുകയല്ല, നേരെ മറിച്ചു സമൂഹത്തിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും യൂണിഫൈഡ് അമേരിക്ക റീജിയൻ ചെയർമാനും കൂടിയായ പി.സി. മാത്യു പ്രസ്താവിച്ചു.

ഗ്രൂപ്പ് എ യുമായുള്ള ബന്ധം, ഉടമ്പടികൾ തെറ്റിച്ചതിനാൽ എം.ഓ.യൂ (Memorandum Of Understanding) പിൻവലിച്ചതിനു ശേഷം കൂടിയ റീജിയന്റെ സൂം മീറ്റിംഗിൽ ആണ് പി.സി. പ്രതികരിച്ചത്. ജോലി ചെയ്യുന്നവന് കൂലി കിട്ടുക എന്നത് ഒരു പൊതു ന്യായം ആണെങ്കിൽ താൻ മുൻകൈ എടുത്തു രൂപീകരിച്ച പ്രൊവിൻസുകൾ ഒന്നും തന്നെ വിട്ടുപോകുകയില്ല. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾക്ക് മാത്രമേ യേശുവിനെ ഒറ്റികൊടുക്കുവാൻ കഴിഞ്ഞുള്ളു. ബാക്കി 11 പേരും യേശുവിന്റെ കൂടെ നിൽക്കുകയും ജീവൻ വരെ കൊടുക്കുവാൻ തയ്യാറാകുകയും ചെയ്തു എന്ന് പി.സി. പ്രസ്താവിച്ചു. വിഘടിച്ചു നിൽക്കുന്ന വേൾഡ് മലയാളി ഗ്രൂപ്പുകളെ ഒന്നിപ്പിക്കുവാൻ താൻ ശ്രമിക്കുമെന്നും അതിനായി ഇരു ഗ്രൂപ്പിലും പെടാത്ത ഡോ. രാജ് മോഹൻ പിള്ളയെ യോഗം ഭരമേല്പിച്ചതായും അറിയിച്ചു.

ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങൾ പ്രധാനമായും പൊതു ജനം ശ്രദ്ധിക്കാറുണ്ട്. ഒന്നാമത് അത് നയിക്കുന്നത് ആദര്‍ശമുള്ളവർ ആണോ? രണ്ടാമത് സംഘടന സമൂഹത്തിനുവേണ്ടി എന്താണ് നൽകിയ സംഭാവനകൾ? (അഥവാ സമൂഹത്തിനു വേണ്ടി ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒന്നിച്ചു ചേർന്നു ചെയ്യാൻ കഴിവുള്ളവർ ആണോ?) മൂന്നാമത് പ്രവർത്തിക്കുന്ന കമ്മിറ്റി അംഗങ്ങൾ, നല്ല വ്യക്തിത്വം ഉള്ളവർ ആണോ? എന്നൊക്കെ ആണ്. ആദർശം, ഐക്യം, പ്രവർത്തനം, അർഹിക്കുന്നവർക്ക് അംഗീകാരവും സഹായവും, പരസ്പര ബഹുമാനം ഇവയൊക്കെ അടിസ്ഥാന തത്വങ്ങളാക്കി ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ കഴിയണം. യൂനിഫൈഡ് അമേരിക്ക റീജിയനിൽ തത്കാലം സ്ഥാനങ്ങൾ ഏറ്റവർ ഏവരും സത്യം മനസ്സിലാക്കിയ നേതാക്കളാണെന്നും ഓരോരുത്തരും യോഗത്തിൽ പ്രസംഗിക്കുകയും ചെയ്യുകയുണ്ടായി. ബ്രിട്ടീഷ് കൊളംബിയ, ടോറോണ്ടോ, ന്യൂയോർക്ക്, ഓൾ വിമൻസ് പ്രൊവിൻസ്, നോർത്ത് ജേഴ്സി, ഫിലാഡൽഫിയ, ചിക്കാഗോ, ബോസ്റ്റൺ, ഒക്ലഹോമ, ഡി. എഫ്. ഡബ്ല്യൂ. (ഡാളസ്), ഹൂസ്റ്റൺ മുതലായ പ്രൊവിൻസുകൾ ഒപ്പം നിൽക്കുമെന്നും കൂടാതെ കൂടുതൽ പ്രൊവിൻസുകൾ രൂപീകരിച്ചു ഡബ്ല്യൂ. എം. സി. യെ വളർത്തുവാനും യോഗം തീരുമാനിച്ചു.

കള്ളം പറയുന്നവർ ആദർശം ഇല്ലാത്തവർ ആണ്. അടുത്തടിയിടെ ഡബ്ല്യൂ എം.സി. നോർത്ത് ടെക്സസിന്റെ ഓണപ്പരിപാടികൾ നടന്നപ്പോൾ ഒരു ഗ്ലോബൽ ചെയർമാൻ പ്രസംഗിച്ചതിന്റെ വീഡിയോ ക്ലിപ്പ് (ഫ്ലവർസ് ചാനലിൽ സം‌പ്രേക്ഷണം ചെയ്തത്) വീക്ഷിച്ചപ്പോൾ മൂക്കത്തു വിരൽ വച്ചുപോയി. അദ്ദേഹം പ്രസംഗിക്കുകയാണ് തങ്ങളുടെ ഗ്രൂപ്പിന് നാൽപതു രാജ്യത്തു ശാഖകൾ ഉണ്ടെന്ന്. അത് പച്ച കള്ളമാണ് എന്നും നാൽപതു രാജ്യത്തെ പ്രസിഡന്റുമാരുടെ പേര്, ഫോൺ നമ്പർ, രാജ്യത്തിന്റെ പേര് മുതലായവ തന്നാൽ അത് പരിശോധിച്ചിട്ടു ശരിയാണെങ്കിൽ താൻ വേൾഡ് മലയാളി കൗൺസിലിൽ നിന്ന് തന്നെ രാജി വെക്കുവാൻ തയ്യാറാണെന്ന് പി.സി. മാത്യു പറഞ്ഞു. അത് പോലെ തന്നെ ഒരു റീജിയൻ പ്രസിഡന്റ് പറയുകയാണ് 25 വര്‍ഷമായപ്പോൾ തങ്ങൾ 25 വീട് വച്ച് കൊടുക്കുവാൻ തീരുമാനിച്ചു എന്ന്. അങ്ങനെ ഒരു തീരുമാനം ഈ മാന്യ ദേഹത്തിൻ്റെ ഗ്രൂപ്പ് അല്ല നേരെ മറിച്ചു ശ്രീ ജോണി കുവിള നയിക്കുന്ന ഡബ്ല്യൂ.എം.സി. ആണ് തീരുമാനിച്ചത്. (ഈ ഗ്രൂപ്പിൽ നിന്ന് കൊണ്ട് ഒരു ഉളുപ്പും കൂടാതെ കേട്ടിരിക്കുന്ന മലയാളികളെ കബളിപ്പിക്കുവാൻ മറ്റൊരു ഗ്രൂപ്പ് ചെയ്യുന്ന കാര്യം എടുത്തു വിളമ്പാൻ എങ്ങനെ കഴിയുന്നു?) ഇതാണ് ആദർശം ഇല്ലായ്‌മക്കു മറ്റൊരു ഉദാഹരണം. ഇവർ വേൾഡ് മലയാളി കോൺസിലിനു നാണക്കേട് വരുത്തി തീർക്കുക മാത്രമാണ് ചെയ്യുന്നത്.

മറ്റുള്ളവരെ പേരെടുത്തു പറഞ്ഞു നിലവാരം കുറഞ്ഞ രാഷ്ട്രീയക്കാരെ പോലും ലജ്ജിപ്പിക്കുന്ന പത്രക്കുറിപ്പുകൾ ഒഴിവാക്കണമെന്നു പി.സി. മാത്യു അഭ്യര്‍ത്ഥിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം യൂണിവേഴ്സിറ്റി യൂണിയൻ എക്സികൂട്ടിവ് അംഗമായി പലവട്ടം തിരഞ്ഞെടുക്കപ്പെടുകയും മഹാത്മാ യൂണിവേഴ്സിറ്റി സെനറ്റിൽ അംഗമായി പ്രവർത്തിക്കുകയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമായും പ്രവർത്തിക്കുകയും ചെയ്തത് കൂടാതെ ഇപ്പോൾ അമേരിക്കയിലെ ഗാര്‍ലാന്റില്‍ സിറ്റി കൗൺസിൽ അഡ്വൈസറി ബോർഡ് അംഗമായും വിവിധ സാമൂഹ്യ സംഘടനകളിലും പ്രവർത്തിച്ചു തൻ്റെ കമ്മ്യൂണിറ്റി പ്രവർത്തനത്തിനുള്ള പ്രതിബദ്ധതയും അർപ്പണ ബോധവും തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിഹാസമല്ല മറിച്ച് പ്രവർത്തനവും അനുഭവ സമ്പത്തുമാണ് ഒരു നല്ല നേതൃത്വത്തിൻന്റെ ഗുണഗണങ്ങൾ എന്ന് പി. സി. പ്രതികരിച്ചു.

വേൾഡ് മലയാളി കൗൺസിലിന് അമേരിക്കയിൽ വിവിധ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിനും പുതിയ തലങ്ങളിലേക്ക് ഉയർത്തുകയും ചെയ്ത ഒരു വ്യക്തി എന്ന നിലക്ക് തന്നെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ വാർത്തകൾ കൊടുക്കുന്നത് കൊണ്ട് ഇവർ “പല്ലിട കുത്തി സ്വയം മണപ്പിച്ചു സ്വയം അപഹാസ്യർ” ആവുകയാണ്. ഡബ്ല്യൂ എം.സി.യെ നാറ്റിക്കാതിരിക്കുവാൻ ഇത്തരം വാർത്തകൾ തീർത്തും ഒഴിവാക്കണമെന്നും ഡബ്ല്യൂ. എം. സി യെ സ്നേഹിക്കുന്നവർ ഇവരെ പുറം തള്ളുമെന്നും പി.സി. മാത്യു പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News