ഭര്‍തൃവീട്ടില്‍ മര്‍ദ്ദനവും മാനസിക പീഢനവും: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചു

മലപ്പുറം: നാല് വയസും ഒരു വയസും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. നവുനത്ത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫുവയാണ് മക്കളായ ഫാത്തിമ മർഷീനയെയും മറിയത്തെയും കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ റഷീദലിയും സഫുവയും തമ്മിലുണ്ടായ പിണക്കത്തെ തുടർന്ന് റഷീദലി മറ്റൊരു മുറിയിലാണ് കിടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ ഞങ്ങൾ പോകുന്നുവെന്ന് സഫുവ റഷീദലിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു. അഞ്ച് മണിയോടെ സന്ദേശം ശ്രദ്ധയിൽപ്പെട്ട റഷീദലി സഫുവയുടെ മുറിയിൽ എത്തിയപ്പോഴേക്കും മൂവരും മരിച്ചിരുന്നു.

അതേസമയം, സഹോദരി മരിക്കുന്നതിന് മുമ്പ് ‘മര്‍ദ്ദനം സഹിക്കാം, പക്ഷേ മാനസിക പീഡനം സഹിക്കാനാവില്ല, ഞാന്‍ പോകുന്നു’ എന്ന സന്ദേശം അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം പറയുന്നു. സഫുവയുടെ മാതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. അവരെ കാണാൻ പോകണമെന്ന് സഫുവ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News