ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തെയുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കുന്നു

ഡാളസ്: നവംബര്‍ 8ന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടിംഗ് സമയം ഇന്ന് (നവംബര്‍ 4 വെള്ളിയാഴ്ച) രാത്രി 7 മണിക്ക് അവസാനിക്കും. ഒക്ടോബര്‍ 24നാണ് വോട്ടിംഗ് ആരംഭിച്ചത്.

ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ടെക്‌സ്സസില്‍ ഇതിനകം 2.7 മില്യണ്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. 30 പ്രധാന കൗണ്ടികളില്‍ 19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.

2018 ല്‍ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിന്റെ നില മന്ദഗതിയിലാണ്. 2018-ല്‍ ഇതേ സമയം 3.3 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 30 പ്രധാന കൗണ്ടികളില്‍ 27 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു.

കഴിഞ്ഞ തവണ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെതിരെ ശക്തമായ പോരാട്ടം നടത്തിയത് ഇത്തവണ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെറ്റൊ റൂര്‍ക്കെയായിരുന്നു.

2022ല്‍ 10 മില്യന്‍ പേരെങ്കിലും വോട്ടുരേഖപ്പെടുത്തുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണക്കു കൂട്ടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പു ദിവസം അടുത്തു വരുംതോറും ഗ്രേഗ് ഏബട്ടും ബെറ്റൊ റൂര്‍ക്കെയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വര്‍ദ്ധിച്ചുവരികയാണ്. ബെറ്റൊ റൂര്‍ക്കെക്കു ശക്തമായ പ്രചാരണം നടത്തുവാന്‍ കഴിഞ്ഞെങ്കിലും ഡമോക്രാറ്റിക്ക് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ സമീപനം അനുകൂലമല്ലാത്തതിനാല്‍ വിജയ പ്രതീക്ഷയില്ലാതെ റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ് ഗ്രേഗ് ഏബട്ടിന് മൂന്നാമതൊരു അവസരം കൂടി ഗവര്‍ണ്ണര്‍ പദവി അലങ്കരിക്കുന്നതിനു നല്‍കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News