വിലകൂടിയ വാച്ചുകളുടെ പേരിൽ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു: റിപ്പോർട്ട്

മുംബൈ: ഇന്നലെ രാത്രി മുംബൈ എയർപോർട്ടിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ബാഗേജിൽ വില കൂടിയ വാച്ചുകൾ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കുന്നതിനു മുമ്പ് 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാർജയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ല്‍ സ്വകാര്യ വിമാനത്തിലായിരുന്നു ഖാനും സംഘവും വന്നിറങ്ങിയത്. ഖാനും കൂടെയുള്ളവരും ടെർമിനലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ലഗേജിൽ വാച്ചുകൾ ഉണ്ടെന്ന് വ്യക്തമായി.

കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖാനെയും മാനേജരെയും വിമാനത്താവളം വിടാൻ അനുവദിച്ചെങ്കിലും, അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഉൾപ്പെടെയുള്ള താരത്തിന്റെ നിരവധി ക്രൂവിനെ ചോദ്യം ചെയ്യുന്നതിനായി രാത്രി മുഴുവൻ തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താരത്തിന്റെ ലഗേജിലും ഒപ്പം യാത്ര ചെയ്ത മറ്റുള്ളവരുടെ ലഗേജിലും ഏകദേശം 18 ലക്ഷം രൂപ വിലമതിക്കുന്ന ആറ് വാച്ചുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഖാൻ ഇന്നലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 സന്ദർശിച്ചിരുന്നു. അവിടെ ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആന്റ് കൾച്ചറൽ നറേറ്റീവ് അവാർഡിനൊപ്പം ആഗോള ചലച്ചിത്രത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News