കീന്‍ ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ന്യൂയോർക്ക്: കേരളാ ഇഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ 12-ാംമത് കുടുംബ സംഗമവും സ്കോളര്‍ഷിപ്പ് വിതരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെസ്‌ലി ഹിൽസിലെ ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്ക സെന്ററിന്റെ ഹാളിൽ വച്ച് നടത്തപ്പെട്ട ഈ പരിപാടി, അവതരിപ്പിക്കപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടേയും, സന്ദേശങ്ങളുടേയും, കലാ പരിപാടികളുടേയും അതിമേന്മകൊണ്ട് പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചു.

അശ്വതി, മീരാ ജെയിംസ്, അമല ജെയിംസ് എന്നിവര്‍ ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും ഇന്‍ഡ്യന്‍ ദേശിയഗാനത്തോടും കൂടി പരിപാടികള്‍ ആരംഭിച്ചു. കീന്‍ ജനറല്‍സെക്രട്ടറി ഷിജി മാത്യുവിന്‍റെ സ്വാഗത പ്രസംഗത്തിനുശേഷം കീന്‍ പ്രസിഡന്‍റ് ഷാജി കുരിയക്കോസ്, തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കീനിന്‍റെ 2022 ലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചു. കീൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അജിത് ചിറയിൽ, പബ്ലിക് റിലേഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സ്കോളർഷിപ് കമ്മിറ്റി ചെയർമാൻ കോശി പ്രകാശ് എന്നിവരുടെ ആശംസാ പ്രസംഗങ്ങളില്‍ കീനിന്റെ പ്രവര്‍ത്തനങ്ങള്‍, സംഘടനയുടെ വളര്‍ച്ച, സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവയുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചു.

ഫാമിലി നൈറ്റിന്‍റെ മുഖ്യപരിപാടിയായ ടെക്നിക്കൽ പ്രസന്റേഷൻ മുഖ്യതിഥിയായ ശ്രീമതി സിന്ധു സുരേഷ് വളരെ തന്മയത്വോടുകൂടി അവതരിപ്പിച്ചു. ‘A Birds Eye View on Digital Transformation’ എന്ന വിഷയത്തെപ്പറ്റി നടത്തിയ പ്രഭാഷണം പങ്കെടുത്ത ഏവരുടേയും കൗതുകം ഉണര്‍ത്തി. അക്കാഡമിക് രംഗത്തും ഗവേഷണരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സിന്ധുവിനെ ന്യൂ ജേഴ്‌സി റീജിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള പരിചയപ്പെടുത്തി.

തുടര്‍ന്ന് ഈ വര്‍ഷം കീൻ സ്കോളർഷിപ്പിന് അര്‍ഹനായ ക്ലാർക്‌സ്‌ടൗൺ നോർത്ത് ഹൈസ്കൂൾ സല്യൂട്ടറ്റോറിയൻ ജോഷുവ അലക്സാണ്ടറിന് കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് ചെയർമാൻ ബിജു ജോൺ ക്യാഷ് അവാർഡ് നല്‍കി. മുഖ്യതിഥിയായ സിന്ധുവിനെ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശ്ശേരി ഫലകം നല്‍കി ആദരിച്ചു. കീനിന്‍റെ മുന്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കിയ ജൂലിയൻ ഡെലിയ, ഫെലിഷ്യ ഫ്രയറ്മാൻ, മനോജ് പി കീച്ചിലോർ എന്നിവരെ പ്രൊഫഷണൽ അഫ്ഫയെര്സ് ചെയർമാൻ സാജൻ ഇട്ടി ആദരിച്ചു. കൂടാതെ സ്പോൺസർമാർ ആയ സജിമോൻ ആന്റണി (MSB Builders), ഡൊമിനിക് ശാമുവേൽ, എൽദോ പോൾ, മാത്യു പരുത്തിക്കൽ, പ്രേമ ആന്ദ്രപ്പള്ളിയിൽ എന്നിവരെ കീൻ സെക്രട്ടറി ഷിജി മാത്യുവും ട്രസ്റ്റി ബോർഡ് മെമ്പർ ജെയ്സൺ അലെക്സും ചേര്‍ന്ന് ആദരിച്ചു.

പൊതു സമ്മേളനത്തിനുശേഷം നടന്ന കലാപരിപാടികള്‍ക്ക് സോഷ്യൽ ആൻഡ് കൾച്ചറൽ ചെയർമാൻ ജേക്കബ് ജോസഫ് നേതൃത്വം നല്‍കി. ജേക്കബ് ജോസഫിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ശോഭാ ജേക്കബ്, സെറിൻ ഇട്ടി, ആഷ്‌ലി മാത്യു എന്നിവര്‍ എം സിമാരായി തങ്ങളുടെ പാടവം തെളിയിച്ചു. ജേക്കബ് ബ്രദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാമുവേൽ ജേക്കബ്, സ്റ്റീഫൻ ജേക്കബ്, സൈമൺ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഡാന്‍സോടുകൂടി ആരംഭിച്ച കലാപരിപാടിയില്‍ ട്രൈസ്റ്റേറ്റിലെ സുപ്രസിദ്ധ നര്‍ത്തകിയും സൗപർണിക ഡാൻസ് സ്കൂളിന്റെ സാരഥിയും കീനിൻറെ മുൻ ഭാരവാഹിയുമായ മാലിനി നായർ, സൗപർണിക ഡാൻസ് സ്കൂൾ ടീം, മെറീന ആന്റണി എന്നിവരുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തങ്ങള്‍ കാണികളെ കോരിത്തരിപ്പിക്കുവന്നവയായിരുന്നു. അമേരിക്കയിലെ അറിയപ്പെടുന്ന ഗായകരായ തഹസിൽ മുഹമ്മദ്, ജേക്കബ് ജോസഫ്, അശ്വതി എന്നിവര്‍ നടത്തിയ ഗാനമേള ശ്രോതാക്കളെ പിടിച്ചിരുത്തി.

കലാപരിപാടികള്‍ക്ക് ശേഷം കീനിന്‍റെ സ്കോളര്‍ഷിപ്പ് ഫണ്ടിലേക്ക് നടത്തിയ റാഫിളിന്‍റെ നറുക്കടുപ്പ് കീൻ ട്രഷറർ സോജിമോൻ മാത്യു, മുന്‍ പ്രസിഡന്‍റുമാരായ ലിസി ഫിലിപ്പ്, മെറി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. 1-ാം സമ്മാനമായ ആപ്പിൾ വാച്ച് ബിനു വര്ഗീസിനും 2 -ാം സമ്മാനം വിവേക് തോമസിനും 3 -ാം സമ്മാനം ജെയിംസ് ജോർജിനും ലഭിച്ചു.

റോക്‌ലൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയണൽ വൈസ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പിൻറെ നന്ദി പ്രകാശനത്തോടും തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ വിരുന്നോടും കൂടി 2022 -ലെ കുടുംബമേള സമാപിച്ചു. 501 C (3) അംഗീകാരമുള്ള കീനിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ദയവായി കീനുമായി ബന്ധപെടുക.

ഷാജി കുര്യാക്കോസ് – പ്രസിഡന്റ്
ഷിജിമോൻ മാത്യു – സെക്രട്ടറി
സോജിമോൻ മാത്യു – ട്രഷറർ
ഫിലിപ്പോസ് ഫിലിപ്പ് – പി ആർ ഓ

Print Friendly, PDF & Email

Leave a Comment

More News