കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്‌? നിനച്ചിരിക്കാത്ത നേരത്ത്‌ പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന്‌ ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്‌. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച്‌ ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ്‌ ഭൂമിയിലേക്കയയ്ക്കുന്നത്‌. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന്‌ ആരു കണ്ടു!

മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടിയത്‌. അതും പരിചയപ്പെടുത്തിയത്‌ റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍ ഏറെ സുന്ദരിയായിരിക്കുന്നു. അവളുടെ കവിതകള്‍ പ്രണയത്തിന്റെ മാസ്മരിക മന്ത്രം പോലെ അല തല്ലുന്നവയാണ്‌. ആര്‍നോ നദിയിലെ കുഞ്ഞോളങ്ങള്‍ പോലെ.

റാഫേല്‍ അന്നു പറഞ്ഞിരുന്നതൊക്കെ അവളെ സന്ദര്‍ശിക്കുമ്പോഴൊക്കെ മൈക്കിള്‍ ഓര്‍ക്കാറുണ്ടായിരുന്നു. ഒരു സാധാരണ കൃഷിക്കാരന്റെ മകള്‍, സുന്ദരി! എങ്കിലും അവള്‍ കഷ്ടപ്പാടുകളിലൂടെ ജനിച്ചു. ബാല്യകാലത്തില്‍ത്തന്നെ മാതാപിതാക്കള്‍ അവളെ കോണ്‍വെന്റില്‍ ആക്കി. ബാല്യത്തില്‍ അവള്‍ പ്രാര്‍ത്ഥനയിലും, പ്രായശ്ചിത്തത്തിലും ആനന്ദം കണ്ടെത്തി. പക്ഷേ, വളര്‍ന്നപ്പോള്‍ പ്രണയം നഷ്ടപ്പെട്ട്‌ ഏകാന്തതയുടെ തടവറയിലേക്ക്‌ വലിച്ചെറിയപ്പെട്ട തിരതള്ളില്‍ അവള്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ വിരഹവ്യഥ കവിതകളായി എഴുതി. അക്കാലത്താണവള്‍ കോണ്‍വെന്റിന്‌ പുറത്തെത്തി ധനികനായ പ്രഭു ഫെര്‍ണാഡോ ഡി അവാലസിന്റെ രണ്ടാം ഭാര്യാ പദം അലങ്കരിച്ചത്‌. എന്തിന്‌, ആ പ്രഭുവും താമസംവിനാ മരണപ്പെട്ടു. ഇപ്പോള്‍ ധനാഢ്യയായ വിധവ. അവരുമായി സുഹൃദ്ബന്ധം സാമീപ്യത്തില്‍ മാത്രം മൈക്കിള്‍ ഇഷ്ടപ്പെട്ടു. പലകുറി അവള്‍ തന്നോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും നടപ്പുള്ള കാര്യമല്ല. അവളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അതിലൊന്നും അത്ര ഗൌരവം ഒരിക്കലും വിറ്റോറിയാ പ്രകടമാക്കിയിട്ടില്ല. എങ്കിലും അവള്‍ മൈക്കിളിനെ ഇഷ്ടപ്പെട്ടു. മൈക്കിളിന്റെ സാമീപ്യം ഒരു ലഹരി പോലെ അവള്‍ ഉള്‍ക്കൊണ്ടു. തിരിച്ച്‌ മൈക്കിള്‍ആന്‍ജലോയും! ആരോഗ്യകരമായ ഒരു ഉറ്റ സുഹൃദ്ബന്ധം പോലെ.

താനൊരു ശില്പിയാണ്‌. ശില്പി കല്ലുവെട്ടുകാരന്‍ തന്നെയല്ലേ! എങ്ങനെ ഒരുങ്ങി നടക്കാനാകും…? സമയാസമയങ്ങളില്‍ ഭാര്യയുടെ ഇഷ്ടങ്ങള്‍ നിറവേറ്റും? കരിങ്കല്‍പ്പൊടിയും വിയര്‍പ്പും കുഴഞ്ഞ ശരീരത്തോടെ ഒരു ശില്പിയുടെ ഗന്ധവുമായി നടക്കാനാണ്‌ തനിക്കിഷ്ടം, ഡാവന്‍ചിയുംബോട്ടോസെലിയുമൊക്കെ എപ്പോഴുമൊരുങ്ങിച്ചമഞ്ഞ്‌ പ്രഭൂക്കളെപ്പോലെയാണ് നടപ്പ്. എന്തിന്‌, റാഫേല്‍പോലുമങ്ങനെയായിരുന്നില്ലേ? ആര്‍നോ നദിയില്‍ വിശാലമായി മുങ്ങിക്കുളിക്കാമെങ്കിലും അതൊക്കെ വേനല്‍ക്കാലങ്ങളില്‍ മാത്രം. എന്നാല്‍ വിന്ററിലെ കാര്യമാണ്‌ ഏറെ പ്രശ്‌നം! നവംബര്‍ മുതല്‍ മാര്‍ച്ചു വരെ ആര്‍നോ നദിയില്‍ മഞ്ഞുരുകി കരയും നദിയും ഒന്നായി കിടക്കുന്ന കാലത്ത്‌ വിശാലമായ കുളി എങ്ങനെ നടക്കും? അപ്പോള്‍ പക്ഷികള്‍
കൂളിക്കും പോലെ കല്‍ക്കരി കത്തിച്ചു ചൂടാക്കിയ ചെറിയ ടബ്ബില്‍നിന്ന്‌ തൊട്ടുപുരട്ടി കുളിക്കാനേ ആവു. എന്നിട്ട്‌ വില കൂടിയ പരിമളങ്ങള്‍ പുരട്ടി നടക്കുന്ന ഭാര്യയുടെ പരാതി കേള്‍ക്കാന്‍ താനില്ല. കരിങ്കല്ലിന്റെ ഗന്ധം എന്ന്‌ ചിലപ്പോള്‍ അവള്‍ പറഞ്ഞില്ലെങ്കില്‍ത്തന്നെ അതു വേണ്ട, തന്നെയുമല്ല അവരൂടെ കൂടെ കെട്ടിയൊരുങ്ങി പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ നല്ല സമയത്തെ
കൊന്നിട്ട്‌ എന്തു പ്രയോജനം? സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഒരു ശില്പിയായി വിരാജിക്കുക. അതില്‍പ്പരം എന്തു സൗഭാഗ്യം!

എങ്കിലും സ്ത്രീകളെപ്പറ്റി പരക്കെയുള്ള പ്രസ്താവനകളും വിലയിരുത്തലുകളും തിരുത്തപ്പെടേണ്ടതാണ്‌. പുരുഷന്മാര്‍ ബുദ്ധിയുടെയും കഴിവിന്റെയും അരങ്ങ്‌ തകര്‍ത്ത്‌ വാഴുമ്പോള്‍, സ്ത്രീയെ അബലയെന്ന്‌ വിളിച്ച്‌ തരംതാഴ്ത്തി നിര്‍ത്താനുള്ള പ്രവണതയാണ്‌, യൂറോപ്പിലെവിടെയും. പുരുഷന് വിശാലമായ മാറിടവും ഒതുങ്ങിയ അരക്കെട്ടും ശക്തിയുടെയും ബുദ്ധിയുടെയും പ്രതീകമായി വിലയിരുത്തുമ്പോള്‍, സ്ത്രീയെ ഇടുങ്ങിയ മാറിടവും വിടര്‍ന്ന അരക്കെട്ടുമായി സങ്കല്പിച്ച്‌ അബലകളായി തരംതാഴ്ത്തുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും രചനകളുമാണെവിടയും. സ്ത്രീകള്‍ക്ക്‌ വിരളമായേ വിദ്യാഭ്യാസം സിദ്ധിക്കു. അതും ചുരുക്കം ചില പ്രഭ്വികള്‍ക്ക്‌ മാത്രം സ്വന്തം കൊട്ടാരങ്ങളില്‍. സ്ത്രീ, സന്താനങ്ങളെ പെറ്റു വളര്‍ത്താനും കുടുംബം പരിപാലിക്കാനു
മുള്ള ഒരു ഉപകരണം എന്നതില്‍ക്കവിഞ്ഞ്‌ അവര്‍ക്കെന്താണ്‌ സ്ഥാനം?

ഭര്‍ത്താവ്‌ യുദ്ധത്തിനു പോയി തിരികെ വരുമ്പോഴോ, അല്ലെങ്കില്‍ കച്ചവട കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ മടങ്ങിവരുമ്പോഴോ അവരുടെ ഷൂസ്‌ അഴിച്ചുമാറ്റി പരിചരിച്ച്‌ സ്നേഹമസൃണമായി സ്പര്‍ശനസുഖത്തോടെ കരാംഗുലികളാല്‍ തഴുകി മൃദുലമായി സംസാരിക്കുന്ന ഭാര്യ. അതൊക്കെത്തന്നെ ഈ നവോത്ഥാന കാലത്തും നാട്ടുനടപ്പ്‌, അവര്‍ എന്തെല്ലാം മറ്റ്‌ ജോലികള്‍ ചെയ്യണം.
സന്താനങ്ങളെ പരിപാലിക്കുന്നതു കൂടാതെ നുല്‍നുല്‍ക്കണം, വസ്ത്രങ്ങള്‍ തൂന്നണം, അതിനപ്പുറം രൂചികരമായ ഭക്ഷണം പാകം ചെയ്യുണം.

എന്നാല്‍, വിറ്റോറിയാ സ്ത്രീകളില്‍ കുലീനയാണ്‌. ഗ്രീക്കിലും ലാറ്റിനിലും തികഞ്ഞ അറിവുള്ളവളാണ്‌. കലയിലും സാഹിത്യത്തിലും അവള്‍ അഗ്രഗണ്യയാണ്‌. കവിതയില്‍ പുരാതന ഗ്രീസിലെ സാഫ്രോയെ പോലെയാണ്‌. എന്നാല്‍ സാഫ്രോ ലെസ്ബോസ്റസിലെ പ്രണയിനികളെ മാത്രമാണ്‌ പ്രണയിച്ചതെങ്കില്‍ വിറ്റോറിയായ്ക്ക്‌ ഏറെ ഇഷ്ടം മധ്യ പ്രായം കടന്ന പുരുഷ
ന്മാരെയാണ്‌. മൈക്കിള്‍ആന്‍ജലോയെ അവള്‍ സ്നേഹിക്കാനാരംഭിച്ചത്‌ പിയറ്റ കൊത്തിയതിനുശേഷമാണ്‌. മാതാവും മകനും! ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയ വ്യാകുലയായ മാതാവ്‌!

അന്നൊരിക്കല്‍ പതിവുപോലെ വാരാന്ത്യത്തിലെ ഒഴിവു വേളയില്‍ അവളെ കാണാനെത്തിയതായിരുന്നു മൈക്കിള്‍ആന്‍ജലോ. മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നിന്ന സ്പ്രിങ്ങിന്റെ അവസാനം. ഓക്കിന്റെയും ചെറിയുടെയും ചെസ്സ്നട്ടിന്റെയും മരങ്ങള്‍ ഇലപൊഴിച്ച്‌ മഞ്ഞുകണങ്ങളില്‍കുളിരണിഞ്ഞ്‌ ചൂടില്ലാത്ത സൂര്യ നാളങ്ങളില്‍ പ്രകാശിച്ചു നിന്നിരുന്നു. അവളെ
പരിചയപ്പെട്ടതിനുശേഷം അധികമായിരുന്നില്ല. റാഫേല്‍ മരിക്കുംമുമ്പ്‌ റാഫേലൂമായിട്ടായിരുന്നു മിക്കപ്പോഴും മൈക്കിള്‍ആന്‍ജലോ വാരാന്ത്യങ്ങള്‍ ചെലവിട്ടിരുന്നത്‌. പതിവ്‌ ജോലിയുടെ കാഠിന്യം കുറയ്ക്കാന്‍ വൈന്‍ കുടിച്ച്‌ സൊറ
പറഞ്ഞിരിക്കുക പതിവായിരുന്നു. മിക്കവാറും ശില്പകലയേപ്പറ്റിയും ചിത്ര കലയെപ്പറ്റിയുമൊക്കെയായിരിക്കും സംഭാഷണങ്ങള്‍.

മൈക്കിള്‍ആന്‍ജലോയെ വിറ്റോറിയാ പതിവു പോലെ ഈഷ്മളമായിസ്വീകരിച്ചു. പുറത്തെ മരം കോച്ചുന്ന തണുപ്പില്‍നിന്ന്‌ വന്ന്‌, നീളന്‍ കമ്പിളി കോട്ടും തലപ്പാവും ഊരി മാറ്റാന്‍ സഹായിച്ച്‌ വിറ്റോറിയാ മൈക്കിള്‍ആന്‍ജലോയെ ഉപചരിച്ച്‌ തോല്‍ പതിപ്പിച്ച സെറ്റിയില്‍ ആസനസ്തനാക്കി. അവളുടെ ഉപചാരങ്ങളുടെ നൈര്‍മ്മല്യം മൈക്കിളിനെ ഉന്മേഷവാനാക്കി. അവള്‍
കത്തിക്കൊണ്ടിരുന്ന ചിമ്മിനിയുടെ വല തുറന്ന്‌ രണ്ടു മൂന്ന്‌ ഓക്കു കഷണങ്ങളിട്ട്‌ തീ ആളിക്കത്തിച്ചു മൃദുലമായി മൊഴിഞ്ഞു;

ഈ വര്‍ഷത്തെ തണുപ്പ്‌ കഠിനമാകാനാണ്‌ സാധ്യത. മിലാനിലും വെനീസിലുമൊക്കെ ആദ്യത്തെ മഞ്ഞുധൂളികള്‍ വീണു എന്നു കേട്ടു.

അതേ, അതേ. ആളിക്കത്തിയ തീനാളങ്ങളില്‍നിന്ന്‌ കത്തിപ്പൊങ്ങിയ മിന്നല്‍പ്പിണറുകളെ നോക്കി മൈക്കിള്‍ മറുപടി പറഞ്ഞു.

അവള്‍ ചുവരിലേക്ക്‌ ചൂണ്ടി പെട്ടെന്ന്‌ പറഞ്ഞു: കണ്ടില്ലേ, എന്റെ ആ ചിത്രം! റാഫേല്‍ കഴിഞ്ഞ കൊല്ലം ഇതേപോലൊരു മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍ ഇവിടെ എത്തി എനിക്ക്‌ വരച്ച്‌ സമ്മാനിച്ചതാണ്‌. കഷ്ടം! കാലം എത്ര പെട്ടെന്ന്‌ ആ വിശ്വകലാകാരനെ നിശ്ശബ്ദനാക്കി.

റാഫേല്‍ മരിക്കുന്നില്ല! അനശ്വരമായ ചിത്രങ്ങള്‍ വരച്ച റാഫേല്‍ ഒരിക്കലും മരിക്കില്ല. ആ ഒരൊറ്റ ചിത്രം മതി റാഫേലിനെ ലോകം എന്നുംഓര്‍ക്കാന്‍. യേശു തമ്പുരാന്റെ രൂപാന്തരീകരണം! ക്രിസ്തു ദൈവപുത്രനെന്ന സാക്ഷ്യത്തിന്റെ അത്യുജ്ലലമായ ആവിഷ്ക്കാരം. ചായങ്ങളുടെ തുടുപ്പില്‍ ആ ചിത്രം എന്നെന്നും റാഫേലിനെ അനശ്വരനാക്കട്ടെ!

ഓ, ഞാന്‍ പോയി മദ്യമെടുത്തുകൊണ്ടുവരട്ടെ, ആകട്ടെ എന്തു തരം മദ്യമാണ്‌ മൈക്കിളിനിഷ്ടം? അല്ലെങ്കില്‍ത്തന്നെ ഇന്നൊരു വിശിഷ്ടതരം മദ്യം ഞാന്‍ കൊണ്ടുവരാം. എന്നെ ഇവിടെ ഒരു വിശിഷ്ടാതിഥിയായ ഒരുമദ്ധ്യവയസ്ക്കന്‍ കാണാനെത്തിയിരുന്നു. കേട്ടിട്ടുണ്ടാകും, മിലാനില്‍നിന്നുള്ള സുന്ദരനായ ചിത്രകാരന്‍, പേര്‌ ടിറ്റിയന്‍! അദ്ദേഹം മിലാനില്‍ നിന്ന്‌ കൊണ്ടുവന്ന്‌ എനിക്ക്‌ സമ്മാനിച്ചതാണ്‌. മിലാന്‍ വലിയ തുറമുഖപട്ടണമാണല്ലോ. ഇത്‌ ഫ്രാന്‍സില്‍നിന്ന്‌ കപ്പലില്‍ ഇറക്കുമതിയായെത്തിയ പുതിയ ഒരു ഉത്പന്നമാണ്‌. “കോണിയാക്ക്‌”. ഫ്രാന്‍സില്‍ കോണിയാക്ക്‌ എന്ന സ്ഥലത്തെ പ്രത്യേക തരം മുന്തിരിയില്‍ നിന്ന്‌ വാറ്റി ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം ബ്രാന്‍ഡി! ഞാനിതുവരെ ഇതു രൂചിച്ചിട്ടില്ല. ഇന്നൊരു പ്രത്യേക അവസരമാണല്ലോ, താങ്കള്‍ കൂടെയുള്ളപ്പോള്‍.

ടിറ്റിയനെ ഒരിക്കല്‍ മാത്രം കണ്ടിട്ടുണ്ട്‌. പരിചയം പോരാ. ചിത്രരചനയില്‍ സമര്‍ത്ഥനെന്നാണ്‌ കേള്‍വി. ചായ നിര്‍മ്മിതിയില്‍ ഏറെ വൈദഗ്ദ്ധ്യമുണ്ടെന്നും കേള്‍ക്കുന്നു.

ആളൊരു ഫഹ്യുമാനിസ്റ്റ്‌ (മനുഷ്യസ്നേഹി) ആണ്‌ എന്നു പറഞ്ഞാല്‍ സാധാരണ മതപരമായ ചിത്രങ്ങളുടെ വലയത്തില്‍ നിന്ന്‌ പുറത്തു കടന്ന്‌ ചിത്രരചന നടത്തുന്ന നവോത്ഥാനകാലത്തെ പുരോഗമനവാദി എന്നു വേണമെങ്കിലും അയാളെപ്പറ്റി പറയാം. എന്തോ, അയാളുടെ ചിത്രങ്ങള്‍ക്ക്‌ എന്തൊക്കെയോ സവിശേഷതകള്‍ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌ ചായങ്ങളുടെ
പ്രത്യേകതിളക്കങ്ങളില്‍. സ്ത്രീ സൗന്ദര്യത്തെ വരച്ച്‌ പ്രതിഫലിപ്പിക്കാനാണ്‌ അയാളേറെ സമര്‍ത്ഥന്‍! സ്ത്രീകളുടെ നഗ്നവും അര്‍ത്ഥനഗ്നവുമായ വരകളില്‍ അയാള്‍ക്കേറെ ആരാധകരുണ്ടെന്നാണ്‌ കേള്‍വി. മൈക്കിള്‍ആന്‍ജലോയെപ്പോലെ അല്ല അയാളുടെ ചിത്രരചന. താങ്കള്‍ കൂടുതല്‍ പുരുഷ തേജസ്സും, അവരുടെ നഗ്നതയും, പ്രതേകിച്ചും മസ്സിലുകളും രക്തധമിനികളും പ്രതിഫലിപ്പിക്കുമ്പോള്‍ ടിറ്റിയാന്റെ രചന മറ്റൊന്നാണ്‌. താങ്കളുടെ സൃഷ്ടികളേക്കാള്‍ മഹത്തരമൊന്നുമല്ലെങ്കിലും അത്‌ നൂതനമെന്നേ പറയാനാവൂ. എന്നാല്‍,താങ്കളുടെ സൃഷ്ടികള്‍ ക്ലാസ്സിക് തന്നെ. അതിനാര്‍ക്കാണ്‌ സംശയം!

(തുടരും..)

Print Friendly, PDF & Email

Leave a Comment

More News