ഇന്ത്യ പ്രസ് ക്ലബിന്റെ ഗുരുവന്ദനം: മുതിർന്ന നാല് പത്രപ്രവർത്തകരെ ആദരിച്ചത് വികാര നിർഭരമായി

കൊച്ചി: പതിറ്റാണ്ടുകൾക്ക് മുൻപേ മാധ്യമരംഗത്ത് അതികായരായിരുന്ന, ഇപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നാല് പത്രപ്രവർത്തകരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഗുരുവന്ദനം എന്ന പേരിൽ ആദരിച്ച ചടങ്ങ് വികാരനിർഭരമായി.

കെ.മോഹനൻ (ദേശാഭിമാനി), പി.രാജൻ (മാതൃഭൂമി), വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ച ടി.ജെ.എസ് ജോർജ്, ബി.ആർ.പി.ഭാസ്കർ എന്നിവരെ പുരസ്കാരനിശയിൽ സ്വർണപ്പതക്കം നൽകി ആദരിച്ചത് അപൂർവ അനുഭവമായി.

കഴിഞ്ഞതെല്ലാം കൊഴിഞ്ഞപൂവല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദരവുചടങ്ങ്. വാക്ചാതുരികൊണ്ടും നർമ്മബോധംകൊണ്ടും ആദരവിനൊപ്പം അവർ സദസ്സിന്റെ കയ്യടിയും നേടി. പത്രപ്രവർത്തനത്തിൽ നിരവധി പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചവരാണ് ആദരിക്കപ്പെട്ട പ്രതിഭകൾ.

മുപ്പതു വർഷമായി എഴുത്തിൽ നിന്ന് വിരമിച്ച് മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന തന്നെ കണ്ടെത്തി ആദരിക്കാൻ മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് പി. രാജൻ പറഞ്ഞു. പ്രായവും രോഗങ്ങളും അലട്ടുമ്പോൾ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കെ. മോഹനനും സന്തോഷം പ്രകടിപ്പിച്ചു.

ഗൾഫിലെ മലയാളി സംഘടനകൾ മുൻപ് കേരളത്തിൽ ഒട്ടേറേ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് പോലെ അമേരിക്കൻ മലയാളി സംഘടനകളും മുന്നോട്ടു വരുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പറഞ്ഞു.

27 വർഷക്കാലമാണ് മാതൃഭൂമിയിൽ രാഷ്ട്രീയ-നിയമകാര്യ ലേഖകനായി പി.രാജൻ തിളങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് അതിനെ ചോദ്യംചെയ്ത് ഇന്ദിരയുടെ അടിയന്തരം എന്ന ലേഖനം ഏറെ വിവാദമാവുകയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിരുന്നു. നട്ടെല്ലുള്ള പത്രപ്രവർത്തകനെന്ന് അദ്ദേഹം ഖ്യാതിനേടി. മാനേജുമെന്റിനെ എതിരിട്ടാണ് അദ്ദേഹം പുറത്തു പോകുന്നത്.

മികവുറ്റ എഴുത്തുകാരനായ ടി.ജെ.എസ്.ജോർജ്, രാഷ്ട്രീയ കോളമിസ്റ്റ് , ജീവചരിത്രകാരൻ എന്നിങ്ങനെ അനവധി രംഗങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്. അഴിമതി, രാഷ്ട്രീയ അരാജകത്വം എന്നിവയ്‌ക്കെതിരെ സാമൂഹിക നീതിക്കുവേണ്ടി അക്ഷരപോരാട്ടം നടത്തിയ ടി.ജെ.എസ് തൊണ്ണൂറ്റിനാലാം വയസിലും കോളമെഴുത്ത് തുടരുന്നു. ബാങ്കളൂരിലുള്ള അദ്ദേഹത്തിന് ചടങ്ങിന് എത്താൻ കഴിഞ്ഞില്ല.

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ ശക്തമായി അക്ഷരങ്ങളിലൂടെ രോഷം പ്രകടിപ്പിച്ച ദേശാഭിമാനിയുടെ നട്ടെല്ലായിരുന്നു കെ.മോഹനൻ. അറുപതുകളിൽ ദേശാഭിമാനിയുടെ ജീവനും ഓജസ്സുമായി നിന്ന അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ മുനവച്ച ഭാഷകൊണ്ട് ആവേശത്തിരയിളക്കിയിരുന്നു. സിപിഐ (എം) രാജ്യസഭാംഗമായിരുന്നു.

ദി ഹിന്ദു വിലൂടെയും ഡെക്കൻ ഹെറാൾഡിലൂടെയും ദേശീയ മാധ്യമങ്ങളിലെ അതികായനായി പേരെടുത്ത ബി.ആർ.പി.ഭാസ്കറിനെയും ആദരിച്ചു. ഇപ്പോൾ ഷാർജയിൽ നിന്നിറങ്ങുന്ന പത്രത്തിൽ കോളമിസ്റ്റാണ്. ന്യൂസ് റൂം എന്നുള്ള അദ്ദേഹത്തിന്റെ ആത്മകഥ മാധ്യമലോകത്തുള്ളവർക്ക് മാതൃകയാണ്. ചെന്നൈയിലുള്ള അദ്ദേഹത്തിനും എത്താൻ കഴിഞ്ഞില്ല.

അവർക്ക് പതക്കാം പ്രസ് ക്ലബ് ഭാരവാഹികൾ അവരുടെ വസതിയിലെത്തി നൽകുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News