സൗമ്യതയുടെ സങ്കീർത്തനം ഇനി മേയർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ ഒരു മലയാളി കൂടി ഉന്നത സ്ഥാനത്തേക്ക് എത്തുന്നു. 2006 മുതൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ, പ്രോടെം മേയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന, എതിരാളികളോടുപോലും എന്നും സൗമ്യമായി മാത്രം ഇടപെടുന്ന പതിനാറുവർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു വെള്ളരിപ്രാവിൻറെ വിശുദ്ധി പേറുന്ന കെൻ മാത്യു ഇത്തവണ മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

ഫോട്ബെൻഡ് കൗണ്ടിയിലെ സിറ്റികളിൽ താരതമ്യേന ചെറിയ സിറ്റിയാണ് സ്റ്റാഫോർഡ്. 2020 ലെ സെൻസെസ് അനുസരിച്ചു സ്റ്റാഫോർഡിലെ ജനസംഖ്യ 17,666 ആണ്. ജനസംഖ്യ അനുപാതം നോക്കിയാൽ വെള്ളക്കാർ 39%, ആഫിക്കൻ അമേരിക്കൻസ് 30%, ഏഷ്യാക്കാർ 23%, പസഫിക് ദ്വീപുകളിൽ നിന്നുള്ളവർ 2% മറ്റുള്ളവർ 6%. എന്നാൽ എല്ലാവിഭാഗങ്ങളിലുമായി ചേർന്ന് കിടക്കുന്ന 26% ഹിസ്പാനിക് ജനസംഖ്യയും സ്റ്റാഫോർഡിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ
വളരെ കുറവ് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാഫോർഡ് അമേരിക്കയിലെ തന്നെ സേഫ് സിറ്റികളിൽ ഒന്നാണ്. വ്യവസായങ്ങൾ ധാരാളമുള്ള സ്റ്റാഫോർഡിൽ താമസക്കാരുടെ ടാക്സ് നിരക്കും നന്നേ കുറവാണു.

ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പം

ഹ്യൂസ്റ്റൺ, ഷുഗർലാൻഡ്, മിസൗറി സിറ്റി എന്നീ സമീപ സിറ്റികളിലെ മലയാളികളുടെ ഹബ് എന്ന് പറയാം സ്റ്റാഫോർഡിനെ. പത്തിലധികം മലയാളി റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റാഫ്‌ഫോർഡിന് ഒരു മലയാളി മേയർ ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടാൻ ഉള്ളു. എല്ലായ്പ്പോഴും മലയാളികൾ ഒത്തുകൂടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ആസ്ഥാനവും സ്റ്റാഫ്‌ഫോഡിൽ തന്നെ.

അന്പത്തിയൊന്നു വർഷങ്ങള്ക്കു ശേഷമാണു 2020ൽ സ്റ്റാഫോർഡിനു ഒരു പുതിയ മേയർ ഉണ്ടാകുന്നത്. ഇപ്പോഴത്തെ മേയർ സെസിൽ വില്ലിസ്. അതിനുമുൻപ് 1969ൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ലെനാർഡ് സ്കാർസെല്ല 2020 ജൂണിൽ മരണമടഞ്ഞപ്പോഴാണ് വില്ലിസ്ൻറെ വരവ്. അന്ന് എതിർ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെൻ മാത്യു വില്ലിസിൻറെ സ്‌നേഹപൂർവമായ അപേക്ഷയിൽ വിശ്വസിച്ചു പിന്മാറുകയായിരുന്നു. പ്രായമേറിയ താൻ ഇനി മല്സരിക്കില്ല എന്നും 2023ൽ കെൻമാത്യു സ്റ്റാഫോർഡിന്റെ മേയറാകും എന്നും പ്രഖ്യാപിച്ച വില്ലിസ് തിരെഞ്ഞെടുപ്പ് വന്നപ്പോൾ തന്റെ വാഗ്ദാനം സൗകര്യപൂർവം മറന്നുകൊണ്ട് വീണ്ടും മത്സര രംഗത്തിറങ്ങുകയുമാണ് ഉണ്ടായത്. ഇന്ന് നാലു സ്ഥാനാർഥികളുമായി സ്റ്റാഫോർഡിലെ തിരഞ്ഞെടുപ്പുരംഗം ചൂട് പിടിച്ചിരിക്കയാണ്. സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മലയാളിയായ ഡോ. മാത്യു വൈരമണ് മത്സരിക്കുന്നുണ്ട്.

മക്കളോടൊപ്പം

കായംകുളം കൃഷ്‌ണപുരം കുന്നത്ത് ഉമ്മൻ മാത്യു(ബേബി) – മറിയാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ മൂത്ത പുത്രനാണ് കെൻമാത്യു. കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിൽ ജോലിയും തുടർ പഠനവും നടത്തുമ്പോൾ തന്നെ സജീവ രാഷ്ട്രീയത്തിലും കെൻ മാത്യു നിറഞ്ഞു നിന്നിരുന്നു. ബോംബെയിൽ കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻ എസ് യു വിൻറെ നേതൃ സ്ഥാനത്തേക്കുയർന്ന കെൻ വിവാഹിതനായ ശേഷം ഭാര്യ ലീലാമ്മയുമൊത്തു 1976 ൽ ഡെട്രോയിറ്റിൽ എത്തി. നേരത്തെ ബോംബയിൽ നിന്നും അക്കൗണ്ടിങ്ങിൽ ബിരുദം നേടിയിരുന്ന കെൻ യൂണിവേഴ്സിറ്റി ഓഫ് ഡെട്രോയിറ്റിൽ നിന്ന് ബി. എ യും എം ബി എ യും കരസ്ഥമാക്കി. 1986ൽ ഹ്യൂസ്റ്റനിൽ എത്തിയ അദ്ദേഹം അന്നുമുതൽ സ്റ്റാഫോർഡ് നിവാസിയാണ്. കെൻ-ലീലാമ്മ ദമ്പതികൾക്ക് രണ്ടു പെണ്മക്കളാണ് ഉള്ളത്. രണ്ടുപേർക്കുമായി ഉള്ള അഞ്ചു പേരക്കുട്ടികളോടും ഒപ്പം സമയം ചിലവാക്കാൻ ഈ തിരക്കിനിടയിലും കെൻമാത്യു സമയം കണ്ടെത്തുന്നു. അമേരിക്കൻ ജീവിതത്തിൽ താൻ സംതൃപ്തനാണ് എന്ന് പറയുമ്പോൾ പോലും നിറഞ്ഞ ചിരിയുള്ള ആ മുഖത്ത് ഒരു നിഴൽ പോലെ അകാലത്തിൽ വിട്ടുപോയ അനുജന്റെ ഓർമ്മ തെളിയുന്നു. ഇനിയും മനസ്സിൽനിന്ന് വിട്ടുമാറാത്ത പ്രിയ അനുജന്റെ നിര്യാണം. അനുജൻ അലക്സ് കുന്നത്ത് മുപ്പത്തിനാലാം വയസിൽ ഹൃദയാഘാതം മൂലം ന്യൂ യോർക്കിൽ മരണപ്പെട്ടിരുന്നു.

2006ൽ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിച്ചു ജയിച്ച കെൻ മാത്യുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ്‌മായി അതിർത്തി പങ്കിടുന്ന മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ കട്ടസപ്പോർട്ടുമായി രംഗത്തുണ്ട്. ഡിസ്ട്രിക്ട് ജഡ്ജായ സുരേന്ദ്രൻ പട്ടേലും, കൗണ്ടി ജഡ്ജി ജൂലി മാത്യുവും അടങ്ങുന്ന മലയാളി കുടുംബം കൂടി പിന്നിലുള്ളപ്പോൾ.

തികഞ്ഞ ഈശ്വരവിശ്വാസിയായ, എപ്പോഴും നിറഞ്ഞ ചിരിയോടെ എല്ലാവരെയും നേരിടുന്ന കെൻ മാത്യു സ്റ്റാഫോർഡ് സിറ്റി കൗൺസിലിലും എല്ലാവര്ക്കും പ്രിയങ്കരനാണ്. എല്ലാ പ്രസ്ഥാനങ്ങളുടെയും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കെൻ കോവിഡ് പ്രതിരോധത്തിലും ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്.
നാലുപേരുള്ള ഈ മത്സരത്തിൽ അമ്പതു ശതമാനം വോട്ടു നേടുന്നവർ വിജയിക്കും. ഒരാൾക്ക് അതുനേടാൻ കഴിഞ്ഞി ല്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന രണ്ടുപേർ തമ്മിൽ വീണ്ടും മത്സരിച്ചു വിജയിയെ കണ്ടെത്തേണ്ടിവരും.കടുത്ത മത്സരം നടക്കുമെങ്കിലും സ്റ്റാഫോർഡിലെ മലയാളികൾ വിചാരിച്ചാൽ കെൻ മാത്യു സ്റ്റാഫ്‌ഫോർഡ് മേയർ പദവിയിലേക്കുയരുകതന്നെ ചെയ്യും. അങ്ങനെ ഫോട്ബെൻഡ് കൗണ്ടി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ അധികാര കേന്ദ്രമാകുകതന്നെ ചെയ്യുമെന്നു പ്രതീക്ഷിക്കാം.

ഓണ സദ്യയിൽ ജഡ്ജ് സുരേന്ദ്രൻ പട്ടേലിനും പൊന്നു പിള്ളക്കും ഒപ്പം
Print Friendly, PDF & Email

Leave a Comment

More News