അട്ടപ്പാടി മധു കൊലക്കേസിൽ നീതി നടപ്പാവുമ്പോൾ

കേസിന്റെ തുടക്കം മുതൽ സർക്കാരിനും പോലീസിനും വേണ്ടത്ര താൽപ്പര്യം ഇല്ലെന്ന വ്യാപകമായ പ്രചാരണങ്ങളുടെ വിവാദങ്ങളിൽ നിന്ന് അഞ്ച് വർഷത്തിനിപ്പുറം മധു കൊലക്കേസിൽ പ്രതികൾക്ക് മേൽ ശിക്ഷവിധി നടപ്പാവുമ്പോൾ ആശ്വാസകരമാണ് കാര്യങ്ങൾ.

മധു കൊലക്കേസ് ശിക്ഷ വിധിയിൽ മണ്ണാർക്കാട് എംഎൽഎയുടെയും പാലക്കാട് എംപിയുടെയും ഒന്നും പ്രതികരണങ്ങൾ കാണുന്നില്ല!? പ്രതികരണശേഷി ഇല്ലാത്ത വനവാസികളെക്കാൾ വന്തവാസികളുടെ വോട്ട് തന്നെ ഏവർക്കും മുഖ്യം!

അട്ടപ്പാടിയും ആദിവാസി സമൂഹവും തെരെഞ്ഞെടുപ്പ് കാലത്തെ അലങ്കാരങ്ങൾ മാത്രമാണോ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും!? അങ്ങിനെ തോന്നിയിട്ടുണ്ട് പലപ്പോഴും.

മധുവിന്റെ വിയോഗ സമയത്തും ഇപ്പോൾ ശിക്ഷ വിധിച്ച സമയത്തും നാട്ടിൽ പല സുഹൃത്ത്ക്കളും കൊലയെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു, ഈയിടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ടത് മധുവിന്റെ അമ്മയും സഹോദരിയും തടിച്ചു കൊഴുത്തു എന്നാണ്! മധുവിനെ വീട്ടുകാർ നോക്കാത്തത് കൊണ്ടാണ് ഈ ഗതി വന്നത് എന്ന് വാർത്തകൾക്ക് കീഴെ കമന്റുകൾ വരുന്നു! കള്ളനും നാട്ടുകാർക്ക് സ്ഥിരം ശല്യവും ആയിരുന്നു എന്നും സ്റ്റേഷനിൽ പരാതികൾ ഉണ്ട് എന്നും പറയുന്നു..അപ്പോൾ കൊല്ലാം എന്നാണോ!?

ഒരു മനുഷ്യന്റെയും ജീവിനെടുക്കാൻ ആർക്കും അധികാരം ഇല്ലെന്നിരിക്കെ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിട്ടും ഇത്ര വർഷം പിന്നിടുമ്പോഴും പിന്നേയും ഇങ്ങിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ തെറ്റിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു പലരും! ഒരു പക്ഷെ പ്രതികൾ സ്വന്തം പാർട്ടിക്കാരോ, വേണ്ടപ്പെട്ടവരോ ആവാം, പക്ഷെ നീതി നടപ്പിലാവണമല്ലോ സമൂഹത്തിൽ. തീർച്ചയായും നിരപരാധികൾ ശിക്ഷിക്കപ്പെടാനും ആവില്ല.

രാജ്യത്ത് സംഘപരിവാർ സ്വാധീന മേഖലകളിൽ മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ന്യുനപക്ഷങ്ങൾക്ക് നേരെ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന കാലത്താണ് മാനസിക പ്രശ്നം നേരിടുന്ന ഒരു ആദിവാസി യുവാവ് ഇങ്ങ് കേരളത്തിൽ വിശപ്പകറ്റാൻ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ജീവൻ നഷ്ടപ്പെടുന്നത്. അത് മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ ആവില്ല.

ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന പ്രബുദ്ധ കേരളത്തെ അപകീർത്തിപെടുത്താൻ തക്കം പാർത്തിരിക്കുന്ന ധ്രുവീകരണ ശക്തികൾക്ക് വീണുകിട്ടിയ അവസരം ആയിരുന്നു പ്രസ്തുത സംഭവം.

മധു കൊലക്കേസിൽ നാട്ടുകാർ പറയുന്നത് ജനക്കൂട്ടം മധുവിനെ പിടികൂടി പോലീസ്ന് ഏൽപ്പിക്കും വരെ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ല, നടന്ന് ആരോഗ്യത്തോടെയാണ് പോലീസ് വാഹനത്തിൽ കയറിയത്, പിന്നീട്‌ എന്ത് സംഭവിച്ചു എന്നതിൽ ദുരൂഹത ഉണ്ട്, അതുകൊണ്ട് പൊലീസിന് വിഷയത്തിൽ പങ്കുണ്ട് എന്നാണ്, പക്ഷെ അങ്ങിനെ എങ്കിൽ എന്ത് കൊണ്ട് തുടക്കം മുതൽ അങ്ങിനെ ഒരു അന്വേഷണം ഉണ്ടായില്ല?,

പ്രദേശത്തെ ഉത്തരവാദിത്തപ്പെട്ട എം എൽഎക്കും, എംപിക്കും മറ്റ് ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കൊല്ലപ്പെട്ടത് ഒരു ആദിവാസി ആയത് കൊണ്ടായിരിക്കുമോ ദുരൂഹത ആരോപിക്കപ്പെടുന്ന പോലീസ് വിഷയത്തിൽ ഇത്രക്ക് നിസ്സംഗത ഉണ്ടായത്!?

അതിനിടെ സർക്കാരിന് എതിരെയും ആരോപണങ്ങൾ ഉയർന്നു ,കേസിൽ പ്രോസിക്യൂട്ടർ ഹാജരാവാത്തതും തുടർന്ന് സർക്കാരിനു നേരെ കോടതിയുടെ പ്രതികരണവും പ്രോസിക്യൂഷന്റെ ഫീസ് സാമ്പത്തിക ചെലവുകൾ നൽകിയില്ല എന്നതും എല്ലാം വിവാദം ആയി.

പക്ഷെ പല സാക്ഷികളും കൂറു മാറിയിട്ടും മധുവിന്റെ വീട്ടുകാരെ ഭീഷണിപെടുത്തിയിട്ടും (അവർ പറയുന്നു) മറ്റ് പ്രലോഭനങ്ങൾക്ക്ടയിലും പല കാരണങ്ങളാൽ പിന്മാറിയ മൂന്ന് പ്രോസിക്യൂട്ടർമാർക്ക് ശേഷം പിന്നീട് വന്ന പ്രോസിക്യൂട്ടർ രാജേഷ് മേനോന്റെ ശക്തമായ വാദങ്ങളും തെളിവുകളും എല്ലാം ചേർന്ന് ഇപ്പഴെങ്കിലും നീതി നടപ്പിലാവുമ്പോൾ മനുഷ്യത്വം ഉള്ളവർക്ക് ആശ്വാസവും അക്രമികൾക്ക് താക്കീതും ആണ് ഈ ശിക്ഷ വിധി.

പ്രതികളിലെ16 ൽ 2 പേരെ വെറുതെ വിടുകയും മറ്റ്13 പ്രതികൾക്കും 7 വർഷത്തെ കഠിന തടവ് നൽകിയുള്ള കോടതി വിധിയിൽ മധുവിന്റെ വീട്ടുകാർ തൃപ്തരല്ല എന്നവർ മാധ്യമങ്ങളോട് പറഞ്ഞു, മുഴുവൻ പ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ പോകും എന്നും അവർ വ്യക്തമാക്കുകയുണ്ടായി.

എല്ലാ രാഷ്ട്രീയ പാർട്ടിയിലും മത വിഭാഗത്തിലും ഉള്ളവരാണ് പ്രതികൾ എന്നത് കൊണ്ട് തന്നെ തുടക്കം മുതൽ എല്ലാ പാർട്ടികളും കൊലക്കേസ് വിഷയത്തിൽ പ്രാദേശികമായി പ്രതിരോധത്തിൽ ആയിരുന്നു. പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം സൂക്ഷമമായ മൗനത്തിൽ ഒതുക്കി. പലപ്പോഴും പുറത്ത് നിന്ന് വന്നവർ ആണ് സമരങ്ങളിൽ ഉണ്ടായിരുന്നത്.
ഏകപക്ഷീയമായ ചില രാഷ്ട്രീയ ഇടപെടലുകൾക്ക് ചിലർ ശ്രമിച്ചെന്ന് ആരോപണം വന്നെങ്കിലും പ്രതികൾ ആയവർ രാഷ്ട്രീയ ഭേദമന്യേ ‘മതേതരത്വം’ കാത്തതിനാൽ മറ്റ് രീതിയിലേക്ക് കാര്യങ്ങൾ പോയില്ല.

അട്ടപ്പാടി ഉൾക്കൊള്ളുന്ന മണ്ണാർക്കാട് മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അട്ടപ്പാടിയിലെ ഭൂമിവിഷയങ്ങൾ, ശിശു മരണം, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങി ആദിവാസികളുടെ പല വിഷയങ്ങളിലും , സന്നദ്ധ സേവന പ്രവർത്തന ഭാഗമായും ആദിവാസി ഊരുകളിലും , പുതൂർ, ഷോളയൂർ, അഗളി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും എല്ലാം സന്ദർശിക്കുകയും, അധികാരം ഇല്ലെങ്കിൽ കൂടി ഒരു ചെറുരാഷ്ട്രീയ സംവിധാനത്തിൽ നിന്ന് കൊണ്ട് കഴിയുന്ന രീതിയിൽ കഴിഞ്ഞ കാലങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

വളരെ പാവങ്ങളായ മധുവിന്റെ വീട്ടുകാരെ,അമ്മയെയും സഹോദരിയെയും നേരിൽ കണ്ട സമയത്ത് അവർ പറഞ്ഞത് ഞങ്ങൾക്ക് നീതി വേണം എന്നാണ്, അന്ന് കോവിഡ് പ്രോട്ടോക്കോൾ പറഞ്ഞ് ഞങ്ങൾക്ക് ആ വീട് സന്ദർശിക്കാൻ അനുമതി നൽകിയില്ല ഉദ്യോഗസ്ഥർ , പക്ഷെ കേസ് എടുത്താലും വേണ്ടില്ല ഇക്കാര്യത്തിൽ മധുവിന് നീതി ലഭിക്കണം എന്നുള്ളത് കൊണ്ട് അന്നത്തെ ഡി.എഫ്‌.ഒ യെ വിളിച്ച് കടുത്ത സ്വരത്തിൽ അനുമതി ഇല്ലെങ്കിലും ഊരിൽ പോകും എന്ന് പറയേണ്ടി വന്നു . ദിവസങ്ങൾക്ക് മുൻപ് മുൻകൂട്ടി അപേക്ഷ നൽകിയിട്ടെ അവിടെ പോകാൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ ഇതുവരെ ഊരിൽ പോയവരുടെ ലിസ്റ്റ് വേണം, വിവരാവകാശ അപേക്ഷ നൽകും എന്നായപ്പോൾ പെട്ടെന്ന് പോയി വരണം എന്ന് പറഞ്ഞ് അനുവാദം നൽകി.

നമ്മൾ താഴ്ന്ന് നിന്നാൽ ജനാധിപത്യത്തിന്റെ പഴുതിൽ ചവിട്ടി നിന്ന് നമുക്ക് മേൽ അധികാരം പ്രയോഗിക്കും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം.

പക്ഷെ അനീതി കാണുമ്പോൾ ഇടപെടാതിരിക്കാനോ പ്രതികരിക്കാതിരിക്കാനോ ആവില്ലല്ലോ രാഷ്ട്രീയ ഇച്ഛാശക്തിയും മനുഷ്യത്വവും ഉള്ളവർക്ക്.

മത,ജാതി താൽപ്പര്യങ്ങൾക്കപ്പുറം കക്ഷിരാഷ്ട്രീയത്തിന്റെയും , മുന്നണിരാഷ്ട്രീയത്തിന്റെയും, അധികാരത്തിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറമാണ് മാനവികതക്കും നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള വർത്തമാനങ്ങളും നിലപാടുകളും ഇടപെടലുകളും വിപ്ലവങ്ങളും ചരിത്രപരമായി കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. അത് തുടർന്നും നിലനിൽക്കണം നമ്മുടെ നാട്ടിൽ.

കെ.വി. അമീർ
(സാമൂഹ്യ പ്രവർത്തകൻ)

Print Friendly, PDF & Email

Leave a Comment

More News