അബ്ദുന്നാസര്‍ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണം – എസ്.ഐ.ഒ

കോഴിക്കോട് : ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയ ശേഷവും അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടഞ്ഞുകൊണ്ടിരിക്കുന്ന കർണ്ണാടക സർക്കാർ നടപടികളുടെ സാഹചര്യത്തിൽ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ സഈദ് ടി.കെ.

സുപ്രീംകോടതിയുടെ ജാമ്യ ഇളവുകൾ ‘സുരക്ഷ’യുടെ പേരു പറഞ്ഞ് 50 ലക്ഷം കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമ സംഹിയതയോടുള്ള തുറന്നെതിർപ്പുമാണ്.

ഭരണകൂടത്തിന്റെ അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ പതിറ്റാണ്ടുകൾ നീണ്ട ഹിംസകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അബ്ദുന്നാസർ മഅ്ദനിയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഈ വാർധക്യത്തിലും സുപ്രീംകോടതി വിധിയെ പോലും വകവെക്കാതെ പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാൻ സാധ്യമല്ല.

കർണാടക സർക്കാരിൻ്റെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

കർണാടക സർക്കാരിൻ്റെ ഈ നടപടി ഒരു പൗരനോട് സർക്കാർ ചെയ്യുന്ന തുറന്ന അനീതിയും ഹിംസയുമാണ് എന്നിരിക്കെ കേരള സർക്കാർ മഅ്ദനിയെ നാട്ടിലെത്തിക്കാൻ ഉടനടി ഇടപെടണമെന്ന് എസ്.ഐ.ഒ ആവശ്യപെടുകയാണ്. അത് നിയമ സംഹിതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സർക്കാർ അനിവാര്യമായും ചെയ്യേണ്ടുന്ന കടമയുമാണെന്നും അത് മനസ്സിലാക്കി കേരള സർക്കാർ ഇടപെടണമെന്നും എസ്.ഐ.ഒ ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Related posts

Leave a Comment