തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ നേതാക്കൾക്കിടയിൽ സമവായമില്ലാത്തതിനാൽ പ്രഖ്യാപനം വൈകുകയാണ്. എന്നാല്‍, പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ മാരത്തൺ ചർച്ചകൾ നടന്നെങ്കിലും, അവസാന തീരുമാനത്തില്‍ എത്താൻ കഴിഞ്ഞില്ല. തീരുമാനം ഘടകകക്ഷി നേതാക്കളെ കോൺഗ്രസ് അറിയിക്കുന്നതായിരിക്കും.
കേരളത്തിലെ ഫ്ലെക്സ് മത്സരത്തിലും പൊതു പ്രകടനങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. ഡല്‍ഹിയിലെ ചർച്ചയില്‍ പങ്കെടുത്തതിനു ശേഷം വി ഡി സതീശൻ കൊച്ചിയിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങും. കോൺഗ്രസ് മുഖ്യമന്ത്രി മത്സരത്തിൽ ആവർത്തിച്ചുള്ള ശക്തിപ്രകടനങ്ങൾ നടന്നിട്ടുണ്ടെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു. ആർക്കുവേണ്ടി പ്രകടനം നടത്തിയാലും അത് അയോഗ്യതയായി കണക്കാക്കുമെന്നും ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധി, പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കേരളം ഏഴു ദിവസമായി കാത്തിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
