മദ്രസ വിദ്യാർത്ഥിനിയുടെ മരണം; APCR വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബാലരാമപുരം ഖദീജത്തുൽ കുബ്റ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) ന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

അഡ്വക്കേറ്റ് പി എ പൗരൻ, മാഗ്ലിൻ ഫിലോമിന, അഡ്വക്കേറ്റ് അനിൽകുമാർ, സി എ നൗഷാദ്, അബ്ദുൽ മജീദ് നദ്‌വി, ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണത്തിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അധികാരികൾ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബം എന്നിവരെ നേരിൽ കണ്ടാണ് സംഘം വിവരങ്ങൾ ശേഖരിച്ചത്.

വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച വിവിധ ആരോപണങ്ങൾ സമൂഹത്തിൽ ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ ശരിയായ വസ്തുത പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സഹായകരമാകുന്നതിനാണ് വസ്തുതാന്വേഷണം.
മതസ്ഥാപനങ്ങളെക്കുറിച്ച് -വിശേഷിച്ചും മുസ്ലിം മത പാഠശാലകൾ ആയ മദ്രസകളെ ലക്ഷ്യം വച്ച് – നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് കേരളത്തിലെ ഒരു മുസ്ലിം മതസ്ഥാപനത്തെ കുറിച്ച് ഉയർന്നുവരുന്ന ആരോപണങ്ങൾ വസ്തുതയാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും സംഘം പറഞ്ഞു.

ഇന്ത്യയിലെ പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2006-ൽ സ്ഥാപിതമായ സർക്കാരിതര പൗരാവകാശ സംഘടനയാണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ).

Print Friendly, PDF & Email

Related posts

Leave a Comment