ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ആസ്ഥാനത്ത് പ്രസിഡന്‍റ് റൊണാള്‍ഡ് പൂക്കുമ്പേല്‍-ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്‍റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയി കാപ്പന്‍ (ട്രഷറര്‍), ജോപ്പായി പുത്തേത്ത് (ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ ഐകകണ്ഠേന 2025 സെപ്റ്റംബര്‍ 1-ാം തീയതി നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 11-ാമത് ഇന്‍റര്‍നാഷണല്‍ വടംവലിയുടെ ചെയര്‍മാനായി സിറിയക് കൂവക്കാട്ടിലിന്‍റെ നേതൃത്വത്തിലുള്ള ഒരു അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ജനറല്‍ കണ്‍വീനര്‍, മാനി കരികുളം ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മാത്യു തട്ടാമറ്റം പി.ആര്‍.ഒ. & പബ്ലിസിറ്റി ചെയര്‍മാന്‍, ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍.
സിറിയക് കൂവക്കാട്ടില്‍ ഇത് ആറാം തവണയാണ് ചിക്കാഗോ വടംവലിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്.സിറിയക് കൂവക്കാട്ടിലിനെപ്പറ്റി പറഞ്ഞാല്‍ നോര്‍ത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമാണ്. നോര്‍ത്ത് അമേരിക്കയില്‍ പകരം വയ്ക്കാനില്ലാത്ത സംഘാടകമികവ് മുന്‍ കെ.സി.എസ്. പ്രസിഡന്‍റ്, മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്‍റ്, ഇല്ലിനോയി മലയാളി അസോസിയഷന്‍ മുന്‍ ഭാരവാഹി, ചിക്കാഗോയില്‍ നടന്ന ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ചെയര്‍മാന്‍, ചിക്കാഗോയില്‍ വച്ച് നടന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ജനറല്‍ കണ്‍വീനര്‍ അങ്ങനെ അങ്ങനെ എണ്ണിയാല്‍ തീരാത്ത പദവികള്‍ വഹിച്ച സിറിയക് കൂവക്കാട്ടില്‍ നല്ലൊരു കായികതാരവും കായികപ്രേമിയും ചിക്കാഗോയിലെ ഒരു ലീഡിംഗ് ബിസിനസ്മാന്‍ കൂടിയാണ്. ഇതിനെല്ലാമുപരി നല്ലൊരു ഈശ്വരവിശ്വാസിയുമാണ്.
സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ഇത് രണ്ടാം തവണയാണ് ചിക്കാഗോ വടംവലിയുടെ ജനറല്‍ കണ്‍വീനര്‍ ആകുന്നത്. ചിക്കാഗോയിലെ യുവതുര്‍ക്കി എന്നറിയപ്പെടുന്ന സ്റ്റീഫന്‍ കിഴക്കേക്കുറ്റ് നല്ലൊരു സംഘാടകനും നല്ലൊരു ബിസിനസുകാരനുമാണ്. ചിക്കാഗോ മലയാളി സമൂഹത്തിന്‍റെ നിറസാന്നിദ്ധ്യവുമാണ്. വളര്‍ന്നു വരുന്ന യുവനേതാവിനെ തേടി പല പദവികളും കാത്തിരിക്കുന്നു.
ഈ ടൂര്‍ണമെന്‍റിന്‍റെ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ശ്രീ. മാനി കരികുളം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ മുന്‍ ട്രഷററും ചിക്കാഗോയില്‍ മുന്‍പ് നടന്ന വടംവലിയുടെ വൈസ് ചെയര്‍മാനും എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഈ വടംവലി ടൂര്‍ണമെന്‍റിനെ വിജയത്തിലെത്തിക്കുവാനും കഴിവുള്ള നല്ലൊരു സംഘാടകനും, നല്ലൊരു മനുഷ്യസ്നേഹിയുമാണ്. സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി മത്സരത്തിന്‍റെ വിജയത്തിന് നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും.
ഈ ടൂര്‍ണമെന്‍റിന്‍റെ പി.ആര്‍.ഒ. & പബ്ലിസിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാത്യു തട്ടാമറ്റത്തെപ്പറ്റി പറയുകയാണെങ്കില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഫൗണ്ടിംഗ് എക്സിക്യൂട്ടീവില്‍ തുടങ്ങി കഴിഞ്ഞ 12 വര്‍ഷക്കാലമായി എല്ലാ എക്സിക്യൂട്ടീവിന്‍റെയും കൂടെ നിഴലായി പ്രവര്‍ത്തിക്കുകയും, ഈ വടംവലി ടൂര്‍ണമെന്‍റിനെ ഏഴാംകടലിനുമപ്പുറമെത്തിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചതില്‍ ഒരു മുഖ്യ പങ്കു വഹിക്കുകയും, കൂടാതെ സോഷ്യല്‍ ക്ലബ്ബ് എന്ന ഈ പ്രസ്ഥാനത്തെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും ലോകപ്രശസ്തിയിലെത്തിക്കുവാന്‍ പ്രയത്നിച്ച വ്യക്തി കൂടിയാണ്.
ഈ ടൂര്‍ണമെന്‍റിന്‍റെ അവിഭാജ്യഘടകമായി മാറിയ ഫുഡ് ഫെസ്റ്റിവല്‍ എന്ന ആശയത്തിന് രൂപം കൊടുത്ത ജോസ് മണക്കാട്ട് ഇന്ന് ചിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന നല്ലൊരു സംഘാടകനാണ്. ഫോമ എന്ന നോര്‍ത്ത് അമേരിക്കന്‍ സംഘടനയുടെ മുന്‍ ജോയിന്‍റ് സെക്രട്ടറി മുതല്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ചെയര്‍മാന്‍ സ്ഥാനം തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് ജോസ് മണക്കാട്ട്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ പറയുകയാണെങ്കില്‍ ചിക്കാഗോ മലയാളി സമൂഹത്തിന് എന്താവശ്യം വന്നാലും ജാതി മത ഭേദമന്യേ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.
ഈ അഞ്ചു പേരെയും ഈ വര്‍ഷത്തെ ഇന്‍റര്‍നാഷണല്‍ വടംവലിയുടെ നേതൃത്വത്തിലേക്ക് കിട്ടിയതോടുകൂടി ഈ വര്‍ഷവും ഈ വടംവലി ടൂര്‍ണമെന്‍റ് അവിസ്മരണീയമായിത്തീരും എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് സോഷ്യല്‍ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡന്‍റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്‍റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയി കാപ്പന്‍ (ട്രഷറര്‍), ജോപ്പായി പുത്തേത്ത് (ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ സംയുക്തമായി പറഞ്ഞു.