ജില്ലയിലെ ഹയർ സെക്കന്ററി പ്രശ്നം പരിഹരിക്കുക : വെൽഫെയർ പാർട്ടി

പ്രൊഫ. കാർത്തികേയൻ റിപ്പോർട്ട് നടപ്പിലാക്കിയ ശേഷമേ പ്ലസ് വൺ അഡ്മിഷൻ ആരംഭിക്കാവൂ. – വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി

പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല സാക്ഷ്യം വഹിക്കുന്നതാണ്. ഈ വർഷവും അത് ആവർത്തിക്കുന്ന സാമൂഹിക സാഹചര്യമാണ് സംസ്ഥാന ഭരണകൂടം നിലനിർത്തിയിട്ടുള്ളത്.

ഈ അധ്യയനവർഷം 77,827 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് പാസായത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. പരീക്ഷാഫലങ്ങൾ കൂടി ചേർത്താൽ വിജയികളുടെ എണ്ണം ഇനിയും വർധിക്കും. നിലവിൽ സർക്കാർ – എയ്ഡഡ് മേഖലയിൽ 43,450 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിലുള്ളത്. അതായത് 34,377 പ്ലസ് വൺ സീറ്റുകളുടെ കുറവ് ജില്ലയിലുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇയിൽ 2325 സീറ്റും ഐ.ടി.ഐ.യിൽ 1295 സീറ്റും പോളിടെക്‌നിക്കിൽ 1180 സീറ്റുകളും ആണ് ജില്ലയിലുള്ളത്. ഇവയാകെ 4800 വിദ്യാർത്ഥികൾക്കേ ഉപകാരപ്പെടുകയുള്ളൂ. ഇങ്ങനെ പൊതു മേഖലയിലെ മുഴുവൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും 48250 ഉപരിപഠന സാധ്യതകളെ മലപ്പുറം ജില്ലയിലുള്ളൂ. 29,577 വിദ്യാർത്ഥികൾക്ക് പൊതുമേഖലയിലെ ഒരു സംവിധാനത്തിലും ജില്ലയിൽ പഠിക്കാൻ അവസരമില്ല.

ഇത് ഈ വർഷത്തെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ 15 വർഷത്തിലധികമായി ജില്ല അഭിമുഖീകരിക്കുന്ന മുഖ്യ വിദ്യാഭ്യാസ പ്രതിസന്ധികളിൽ ഒന്നാണിത്. ഓരോ വർഷവും പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വരുമ്പോഴെല്ലാം രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും സാമൂഹിക രാഷ്ട്രീയ വേദികളും മീഡിയകളുമെല്ലാം ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പല രീതിയിൽ കൊണ്ടുവരുന്നതുമാണ്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടുള്ള നിരന്തര സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും മലപ്പുറം ജില്ല സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. പക്ഷേ മാറിമാറി വന്ന ഇടതു വലത് സർക്കാറുകൾ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഇതുവരെ കണ്ടിട്ടില്ല.

ഈ സമരപ്രക്ഷോഭങ്ങളുടെയൊക്കെ സമ്മർദ്ദഫലമായി മലപ്പുറം ജില്ലയടക്കമുള്ള മലബാറിലെ സെക്കന്ററി പ്രശ്‌നം പഠിക്കാൻ പ്രൊഫ. കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയെ ഈ വർഷം സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. നാലര മാസമെടുത്ത് വിഷയം പഠിച്ച ആ കമ്മിറ്റി കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് അവരുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അതിലെ മുഖ്യ പരാമർശങ്ങൾ വിവിധ മീഡിയകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. അതനുസരിച്ച് ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്ന മലപ്പുറം ജില്ലയിൽ പുതിയ അഡീഷണൽ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കാനും തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കു ബാച്ചുകൾ സ്ഥിരമായി ഇങ്ങോട്ട്് ഷിഫ്റ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. ഹയർസെക്കന്ററി ഇല്ലാത്ത മലപ്പുറം ജില്ലയിലെ 20 സർക്കാർ – എയ്ഡഡ് ഹൈസ്‌കൂളുകളെ ഹയർ സെക്കന്ററിയായി പ്രമോട്ട് ചെയ്യാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക പരിഹാരം എന്ന നിലയ്ക്ക് എല്ലാ വർഷവും സർക്കാർ ചെയ്യുന്ന 30% വരെയുള്ള സീറ്റ് വർധന അശാസ്ത്രീയമാണെന്നും കമ്മിറ്റി ചൂണ്ടികാട്ടിയിരിക്കുന്നു. ഇതുവഴി മലപ്പുറം ജില്ലയിൽ ഒരു ക്ലാസിൽ 65നും മുകളിൽ വിദ്യാർഥികൾ പഠിക്കേണ്ടിവരുന്ന ഗതികേടുണ്ട്. ഇത് ഒട്ടേറെ അക്കാദമിക പ്രശ്‌നങ്ങൾക്ക് ഇടവെക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2013ലെ പ്രൊഫ. ലബ്ബ കമ്മീഷനും ഈ വിഷയം നേരത്തെ പറഞ്ഞുവെച്ചിട്ടുള്ളതുമാണ്.

അതിനാൽ ഈ സംസ്ഥാന സർക്കാർ തന്നെ നിശ്ചയിച്ച പ്രൊഫ. കാർത്തികേയൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ശേഷമേ ഈ അധ്യയന വർഷത്തെ പ്ലസ് വൺ ഏകജാലകം അഡ്മിഷൻ പ്രക്രിയകൾ ആരംഭിക്കാവൂ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയാണ്.

‘ മലപ്പുറം ജില്ലയിലെ ഹയർ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണുക.
‘ പ്രൊഫ. കാർത്തികേയൻ നായർ കമ്മീഷൻ റിപ്പോർട്ട്് പുറത്തുവിടുക.
‘ സീറ്റുകളുടെ വർധനയല്ല, ആവശ്യാനുസരണം ബാച്ചുകൾ വർധിപ്പിക്കുക. (താൽക്കാലികമായല്ല, സ്ഥിരം ബാച്ചുകൾ)
‘ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സീറ്റുകൾ വർധിപ്പിക്കുന്ന താൽക്കാലിക പരിഹാരങ്ങൾ വേണ്ട. അക്കാദമിക നിലവാരം തകർക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കുക.
‘ ഹയർ സെക്കന്ററി ഇല്ലാത്ത ഹൈസ്‌കൂളുകൾ ഹയർ സെക്കന്ററി സ്‌കൂളുകളായി പ്രൊമോട്ട് ചെയ്യുക.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തിയുള്ള വിവിധ ബഹുജന പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ:
കെ.വി. സഫീർഷാ (ജില്ലാ ജനറൽ സെക്രട്ടറി)
മുനീബ് കാരകുന്ന് (ജില്ലാ ട്രഷറർ)
കൃഷ്ണൻ കുനിയിൽ (ജില്ലാ വൈസ് പ്രസിഡണ്ട്)

ഹസീന വഹാബ് (മീഡിയാ കോഓര്‍ഡിനേറ്റർ, ഫോൺ: 7907384085)

Print Friendly, PDF & Email

Related posts

Leave a Comment