സാമ്പ്രാണിക്കോടി തുരുത്തിൽ ചുറ്റുവേലി നിർമ്മിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ ചുറ്റുവേലി നിർമ്മിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം കുടുംബവുമായി ഇവിടെ സന്ദർശനം നടത്തിയതിന് ശേഷം നേരിട്ട് മനസ്സിലാക്കിയ വിഷയങ്ങൾ മുഖപുസ്തകത്തിലും പങ്കുവെച്ചു.

ചുരുങ്ങിയ കാലത്തിനുള്ളിൽ സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറിയ പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ, സൗന്ദര്യത്തിനൊപ്പം അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. മുട്ടൊപ്പം വെളളം മാത്രമാണ് ഈ തുരുത്തിൽ ഉള്ളതെങ്കിലും അല്പം മാറിയാൽ ആഴത്തിൽ പതിക്കും. കോവളം – കോട്ടപ്പുറം ദേശിയ ജലപാതയും കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെ പാതയും ഇതുവഴിയാണ്. അഷ്ടമുടിക്കായലിലെ വൈകുന്നേരങ്ങളിലെ പ്രക്ഷുബ്ധമായ കാറ്റിലും തിരമാലയിലും മത്സ്യതൊഴിലാളികൾക്ക് പോലും അപകടം സംഭവിക്കാറുണ്ട്.

അപകട സൂചന മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അവ ശ്രദ്ധിക്കാറില്ല. സീസണിൽ ഇവിടെ 3000 മുതൽ 5000 വരെ സഞ്ചാരികൾ ഇവിടെയെത്താറുള്ളതായി ഡി.ടി പി.സി അധികൃതർ പറഞ്ഞു. ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ സ്വകാര്യ സർവ്വീസും ഇവിടെ നടത്തുന്നുണ്ട്. തുരുത്തിൽ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഐസ്ക്രീം, ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും മറ്റും ഇപ്പോഴും വിറ്റഴിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആഴത്തിൽ രണ്ടാം സ്ഥാനത്തുള്ള അഷ്ടമുടിക്കായലിൻ്റെ മധ്യഭാഗത്ത് ഉള്ള തുരുത്തിൻ്റെ അതിർത്തികൾ തിരിച്ചറിയുവാനും വൻ ദുരന്തം ഒഴിവാക്കുവാനും ചുറ്റുവേലി ഉൾപ്പെടെ നിർമ്മിച്ച് സുരക്ഷാ സംവിധാനങ്ങൾ തുരുത്തിൽ ഒരുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News