റസാഖ് പാലേരിയുടെ കേരള പര്യടനം 18, 19, 20 തീയതികളിൽ എറണാകുളം ജില്ലയിൽ

കൊച്ചി : വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദ്ദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ജൂൺ 18, 19, 20 തീയതികളിൽ എറണാകുളത്ത് പര്യടനം നടത്തുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുമാണ് പര്യടനത്തിലൂടെ ശ്രമിക്കുന്നത്.
വംശീയ രാഷ്ട്രീയവും കോർപ്പറേറ്റ് ചങ്ങാത്തവും ധ്രുവീകരണ അജണ്ടകളും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. രാജ്യത്തിന്റെ സാമൂഹിക ശരീരത്തിൽ ഭീകരമായ വിള്ളലുകളാണ് സംഘ്പരിവാർ സൃഷ്ടിക്കുന്നത്. അധികാരം ഉപയോഗിച്ച് എല്ലാത്തരം പ്രതിലോമ പ്രവർത്തനങ്ങളും അവർ നടത്തുകയാണ്. തങ്ങളല്ലാത്ത എല്ലാവരെയും തകർത്തെറിയുകയാണ് അവർ ചെയ്യുന്നത്. മണിപ്പൂരിൽ ഉയരുന്ന കൂട്ട നിലവിളി രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെയും സമാധാന പൂർണമായ സാമൂഹിക ജീവിതത്തെയും ഇല്ലാതാക്കി വെറുപ്പും വിദ്വേഷവും ആശങ്കകളും ഭീതിയും പടച്ചുവിട്ട് വക്ര വഴികളിലൂടെ അധികാരം പിടിച്ചടക്കുന്ന രീതിയാണ് അവർ നടപ്പാക്കുന്നത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലും ഇത്തരം ശ്രമങ്ങൾ അവർ തുടങ്ങിയിരിക്കുന്നു.
രാഷ്ട്രീയ അധികാരത്തിൽ നിന്ന് ബിജെപിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും അകറ്റി നിറുത്തുവാനുള്ള രാഷ്ട്രീയ ജാഗ്രതയും പ്രബുദ്ധതയും കേരളം എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ബിജെപി രാഷ്ട്രീയത്തിന് വിജയിക്കാൻ കഴിയാത്ത സ്ഥലമാണ് കേരളം. എന്നാൽ സമീപകാലത്തായി കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ആശങ്കാജനകമാണ്. അധികാര സ്വാധീനങ്ങളിലൂടെ പ്രലോഭിപ്പിച്ചും ഭരണകൂട ഉപകരണങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും ചില സാമൂഹിക വിഭാഗങ്ങളെ കൂടെ നിറുത്തുവാൻ സംഘ്പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ശത്രുതയും സംശയവും വളർത്തൽ ലക്ഷ്യംവെച്ച് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടത്തുകയാണ്. ഇതിന് വേണ്ടി നൂറ് കണക്കിന് വ്യക്തികളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിയോഗിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന അപകടകരമായ ഈ സാമൂഹിക അന്തരീക്ഷത്തെ ഇല്ലാതാക്കാൻ കൂടുതൽ ക്രിയാത്മകമായ സാമൂഹിക – രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവണമെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഇഴയടുപ്പവും ആശയക്കൈമാറ്റങ്ങളും ശക്തിപ്പെടുത്തണം. ഇത്തരം ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാനും അഭിപ്രായ രൂപീകരണം നടത്താനും സാധിക്കുന്ന വ്യക്തികളും സമൂഹങ്ങളും സാമൂഹിക വിഭാഗങ്ങളും പ്രസ്ഥാനങ്ങളും ഒരുമിച്ചിരുന്നു കൂട്ടായ ശ്രമങ്ങൾ നടത്തണം.
കലാ – സാഹിത്യ – സാംസ്കാരിക – വാണിജ്യ – വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും. രാഷ്ട്രീയ- മത – സമുദായ സംഘടനകൾക്കും നേതാക്കൾക്കും ഇത്തരം ശ്രമങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ സാധിക്കും. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിലനിൽക്കെ തന്നെ രാജ്യത്തിന്റെ ഭാവി ലക്ഷ്യം വെച്ച് ഒരുമിക്കാൻ കഴിയണം. അതിലൂടെ മാത്രമേ ഇന്ത്യ എന്ന ആശയത്തെയും സൗഹാർദ്ദ കേരളത്തെയും വീണ്ടെടുക്കാൻ കഴിയൂ. ഇതിന് അനുഗുണമായ അന്തരീക്ഷം നിർമ്മിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കും. കേരളീയ നവോഥാനത്തിന്റെ പുനർവായനകളും നവോഥാന നായകരുടെ പോരാട്ട സ്മരണകളും പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ നമുക്ക് കരുത്തേകും.
സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം, സഹവർത്തിത്വം എന്നീ ആശയങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ‘ ഒന്നിപ്പിന്റെ ‘ സാഹചര്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം എറണാകുളം ജില്ലയിൽ ജൂൺ 18 19 20 തീയതികളിലാണ് എത്തുന്നത് . ജൂൺ 18ന് പറവൂരിൽ നടക്കുന്ന അയ്യങ്കാളി അനുസ്മരണ സംഗമം, ജൂൺ 20ന് വൈപ്പിനിൽ നടക്കുന്ന സാമൂഹ്യനീതി സംഗമം എന്നീ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വ്യവസായ – വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ റസാഖ് പാലേരി സന്ദർശിക്കും. പിന്നാക്ക പ്രദേശങ്ങൾ, ദലിത് – ആദിവാസി കോളനികൾ, തെരഞ്ഞെടുത്ത തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തും. വിവിധ സംഘടനാ ആസ്ഥാനങ്ങൾ സന്ദർശിച്ച് നേതാക്കളുമായി സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
കെ. എച്ച്. സദഖത്ത് (ജില്ലാ പ്രസിഡണ്ട്)
ഷംസുദ്ദീൻ എടയാർ (ജില്ലാ ജനറൽ സെക്രട്ടറി)
സദീഖ് കെ. എ. (ജില്ലാ ട്രഷറർ)
അഡ്വ. സഹീർ മനയത്ത് (ജില്ലാ സെക്രട്ടറി)

ഷബീർ എം ബഷീർ (ജില്ലാ സെക്രട്ടറി)

Print Friendly, PDF & Email

Leave a Comment

More News