വേർപാടിൻ്റെ നൊമ്പരങ്ങൾക്കിടയിലും മിണ്ടാപ്രാണിക്ക് പുതുജീവിതം

എടത്വ: വേർപാടിൻ്റെ നൊമ്പരങ്ങൾക്കിടയിലും മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച ജീവകാരുണ്യ പ്രവർത്തകന് അഭിനന്ദന പ്രവാഹം.

തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ഭാര്യമാതാവ് വാർദ്ധക്യ സഹജമായ രോഗത്താൽ ഏകദേശം നാലര മാസത്തോളം ഡോ. ജോൺസൺ വി. ഇടിക്കുളയുടെ പരിചരണത്തിൽ ആയിരുന്നു. ജൂൺ 11ന് അത്യാസന നിലയിലെത്തിയതിനെ തുടർന്ന് എടത്വ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സ തേടി. ആ സമയം ആശുപത്രിയുടെ മതിലിൽ വിശന്ന് കരയുന്നതും ആരോ ഉപേക്ഷിച്ചതുമായ ഒരു പൂച്ച കുഞ്ഞ് ഇവരുടെ ശ്രദ്ധയിൽ പെട്ടു. തിരക്കുകൾക്കിടയിലും കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ മകൻ ഡാനിയേൽ ഭക്ഷണത്തിൻ്റെ ഒരു പങ്ക് പൂച്ചയ്ക്ക് മാറ്റിവെച്ചു കൊണ്ട് അല്പസമയം അതിനെ താലോചിച്ചു. ഇവരുടെ അടുത്തേക്ക് ഓടിയെത്തി ചെയ്യുന്ന സ്നേഹപ്രകടനങ്ങൾ മൂലം ഈപൂച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കളയാൻ ഇരുവർക്കും മനസ്സായില്ല. തൊട്ടടുത്ത ദിവസം വൈകിട്ട് മാതാവ് മരണപെടുകയും മൃതദേഹം പരുമല സെൻ്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം മോർച്ചറിയിൽ വെച്ചതിന് ശേഷം മടങ്ങി എടത്വയിൽ എത്തി ആ പൂച്ച കുഞ്ഞിനെ ഇവർ വീട്ടിൽ എത്തിക്കുകയായിരുന്നു.

2 വർഷങ്ങൾക്ക് മുമ്പ് ഇവർക്ക് വഴിയരികിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിൽ ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞിനെ ലഭിച്ചിരുന്നു. അതിനെ എടുത്ത് ‘മിക്കി’ എന്ന് പേരിട്ട് വളർത്തിയിരുന്നു. നാട്ടുകാരും വീട്ടുകാരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ‘മിക്കി’ ചില ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടതിനെ തുടർന്ന് വീടിൻ്റെ മുറ്റത്ത് കല്ലറ ഉണ്ടാക്കി അടക്കം ചെയ്തത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറൽ ആയിരുന്നു. ‘മിക്കി ‘യെ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നതും താലോലിച്ചതും ഡോ. ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണി ജിജിമോൾ ജോൺസൺ ആണ്. ‘മിക്കി ‘യുടെ മരണം ഇവരെ ഏറെ നൊമ്പരപെടുത്തിയതിനാൽ പുതിയതായി കിട്ടിയ പൂച്ചയ്ക്ക് ‘മിക്കി’ എന്ന് പേരിട്ടു. മിണ്ടാപ്രാണികളോട് ഉള്ള സാമൂഹിക പ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹാനുഭൂതി നിറഞ്ഞ പ്രവർത്തനങ്ങളെ ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ ഡോ.ബി സന്തോഷ്കുമാർ അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News