ബക്രീദ് അവധി നീട്ടണം; മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

തിരുവനന്തപുരം: ബക്രീദിന്‌ 29ന്‌ സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഈദുല്‍ അദ്ഹ 29-നാണ് ആഘോഷിക്കുന്നതെങ്കിലും നിലവില്‍ അവധി നല്‍കുന്നത്‌ 28നാണ്‌. ഇക്കാരണത്താല്‍ അവധി ഒരു ദിവസം കൂടി നീട്ടണമെന്ന്‌ കത്തിലൂടെ മുഖ്യമന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജൂണ്‍ 28 നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 29 നും ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗവും ആത്മത്യാഗവുമാണ്‌ ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. ആഘോഷ ദിനം ഈദുല്‍ അദ്ഹ എന്നും ബക്രീദ്‌ എന്നും അറിയപ്പെടുന്നു. സ്വപ്നത്തില്‍ ദൈവത്തിന്റെ കല്‍പ്പന പ്രകാരം തന്റെ മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ ഹസ്രത്ത്‌ ഇബ്രാഹിം തയ്യാറായതിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്‌.

ഇസ്ലാമിലെ അഞ്ച്‌ പുണ്യ കര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ്‌ ഈ ദിവസമാണ്‌. ഇസ്ലാമിക കലണ്ടറിലെ ദുല്‍ ഹിജ്ജ മാസത്തിലെ പത്താം ദിവസമാണ്‌ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്‌. ഹജ്ജിന്റെ പ്രധാന പരിപാടിയായ അറഫ സംഗമം ദുല്‍ഹിജ്ജ മാസത്തിലെ ഒമ്പതാം തീയതിയാണ്‌. ബക്രീദോടെയാണ്‌ ഹജ്ജ്‌ അവസാനിക്കുന്നത്‌. ദുല്‍ഹിജ്ജ മാസത്തിലെ എട്ടു മുതല്‍ പന്ത്രണ്ടാം തീയതി വരെയാണ്‌ മക്കയിലേക്കുള്ള ഹജ്ജ്‌ തീര്‍ത്ഥാടനം.

Print Friendly, PDF & Email

Leave a Comment

More News