ബാലരാമപുരം കൈത്തറി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സിസ്സയുടെ സഹകരണം സഹായകമായി: ഡോ. സഞ്ജന ജോൺ

ബാലരാമപുരം കൈത്തറി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സിസ്സയുടെ (സെന്‍റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) പങ്കിനെ പ്രശംസിച്ചു ന്യൂയോർക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും മൂവി മേക്കറും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. സഞ്ജന ജോൺ .

നമ്മുടെ പാരമ്പര്യവും വേരുകളും പരിസ്ഥിതി സുസ്ഥിരതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം ബാലരാമപുരത്തുള്ള കൈത്തറിശാലകൾ സഞ്ജന സിസ്സയുടെ സഹകരണത്തോടെ സന്ദർശിക്കുകയും ഡോക്യൂമെന്ററി തയ്യാറാക്കുകയും ചെയ്തിരുന്നു. പ്രകൃതിയുമായി ചേർന്ന് സുസ്ഥിരമായ ഒരു മോഡൽ എന്ന ആശയത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കേരള കൈത്തറിയാണ് അനുയോജ്യമായ ഉദാഹരണമെന്ന് ഡോ സഞ്ജന പറയുന്നു. “ഇവിടുത്തെ നെയ്ത്തുകാരുടെ അധ്വാനവും കഴിവും ലോകം അറിയണം എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഞാൻ കാലിഫോർണിയ മാലിബുവിൽ ബാലരാമപുരം കൈത്തറി ഉപയോഗിച്ച് ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ ‘പാക്ട് & ഇന്റർനാഷണൽ ലീഗ് ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒരു ഫാഷൻ ഷോയും സംഘടിപ്പിച്ചിരുന്നു”, ഡോ സഞ്ജന പറഞ്ഞു.

അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റിവെലിൽ പങ്കെടുക്കാനാണ് ഡോ. സഞ്ജന ജോൺ വന്നിരിക്കുന്നത്. ഇന്ന് (29/06/23) നടക്കുന്ന പരിപാടിയിൽ കൈത്തറി മേഖലയ്ക്ക് ആദരവ് നൽകുന്നതിനായി ഒരു സെഷനും ഉണ്ടാകും. പരിപടിയിൽ പ്രശസ്ത നടി സണ്ണി ലിയോൺ പങ്കെടുക്കും.

ബാലരാമപുരം കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മെച്ചപ്പെട്ട ഉപജീവനമാർഗത്തിനായി നൂതനവും ബൗദ്ധികവുമായ പദ്ധതികൾ സിസ്സയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. അതോടൊപ്പം സഞ്ജന ജോണുമായുള്ള സഹകരണം കൈത്തറി മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും സിസ്സയുടെ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ വർഷം അരിസോണയില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആയിരത്തോളം പ്രതിനിധികള്‍ അണിഞ്ഞത് സിസ്സയുടെ നേതൃത്വത്തിൽ ബാലരാമപുരത്തു നിന്ന് കയറ്റി അയയ്ച്ച കൈത്തറി വസ്ത്രങ്ങളായിരുന്നു. സിസ്സയുമായി സഹകരിച്ച് ബാലരമപുരം കൈത്തറി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡോ സഞ്ജന പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News