അത് ലഹരി സ്റ്റാമ്പല്ല; 72 ദിവസം ജയിലില്‍ കിടന്ന വീട്ടമ്മ നിയമയുദ്ധത്തിലേക്ക്

ചാലക്കുടി: എക്സൈസ്‌ ഉദ്യോഗസ്ഥന്‍ ബാഗില്‍ നിന്ന്‌ പിടികൂടിയത്‌ മയക്കുമരുന്ന്‌ അല്ലെന്ന്‌ കണ്ടെത്തിയതോടെ ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ നിയമ നടപടികളിലേക്ക്‌.

ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിക്കാണ്‌ (51) ദുരനുഭവമുണ്ടായത്‌. ഫെബ്രുവരി 27-നാണ് മാരക മയക്കുമരുന്നായ 12 എല്‍.എസ്‌.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്ന കുറ്റത്തിന്‌ എക്സൈസിന്റെ ഉരിങ്ങാലക്കുടയിലെ പ്രത്യേക സംഘം ഷീലയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഏക വരുമാന മാര്‍ഗ്ഗമായ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ ഷീല മെയിന്‍ റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഹൈക്കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിച്ചതിനു പിന്നാലെ മരുമകന്‍ ജോയ്സണ്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ എറണാകുളം എക്സൈസ്‌ ക്രൈം ബ്രാഞ്ച്‌ കാക്കനാട്‌ ഗവ. ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ അല്ലെന്ന്‌ തെളിഞ്ഞത്‌. അടുത്ത ബന്ധുവും അവരുടെ കൂട്ടാളികളുമാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ ഷീല പറയുന്നു.

ജീവിതം തകര്‍ത്തത്‌ ആരാണെന്ന്‌ കണ്ടെത്തണം. ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. അതിനുവേണ്ടിയാണ് ഷീല നിയമയുദ്ധത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News