യുകെയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവിന് ജീവപര്യന്തം ശിക്ഷ

ലണ്ടന്‍: കഴിഞ്ഞ വർഷം ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച മലയാളി യുവാവിന് യുകെ കോടതി ജീവപര്യന്തം (40 വര്‍ഷം) തടവ് ശിക്ഷ വിധിച്ചു.

തിങ്കളാഴ്ച നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ട സാജു ചെലവലേൽ (52), കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ഭാര്യ അഞ്ജു അശോക് (35), രണ്ട് മക്കളായ ജീവ സാജു (6), ജാൻവി സാജു (4) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ മൂന്ന് കേസുകളിൽ കുറ്റം സമ്മതിച്ചിരുന്നു.

2022 ഡിസംബർ 15 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.

“നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ ജീവൻ കവർന്നെടുക്കുമ്പോൾ, നിങ്ങളുടെ കുട്ടികൾ അവരുടെ മമ്മിക്കുവേണ്ടി കരയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം. എന്താണ് സംഭവിക്കുന്നതെന്ന് അവർ കേട്ടിരുന്നുവെന്നും അവൾ നിങ്ങളാൽ വേദനിപ്പിക്കപ്പെടുന്നുവെന്ന് അവർ അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്,” അഞ്ജുവിന്റെ മരണസമയത്ത് എടുത്ത ഒരു ഓഡിയോ റെക്കോർഡിംഗിനെ പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് എഡ്വേർഡ് പെപ്പെരാൾ തന്റെ ശിക്ഷാ പരാമർശത്തിൽ കുറിച്ചു. ശിക്ഷാവിധി കേൾക്കുമ്പോൾ ആ റെക്കോഡിംഗ് കോടതിയിൽ പ്ലേ ചെയ്തു.

അഞ്ജുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന്റെ റെക്കോർഡിംഗാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസമെന്ന് പ്രൊസിക്യൂട്ടര്‍ ന്യൂട്ടൺ പ്രൈസ് പറഞ്ഞു. അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെ ഉറക്കാന്‍ ഉദ്ദേശിച്ചുള്ള ചോക്ലേറ്റിന്റെയും ഗുളികകളുടെയും മിശ്രിതം നിർമ്മിക്കാൻ ഒരു ബ്ലെൻഡർ ഉപയോഗിക്കുന്ന ശബ്ദവും ഫോണിൽ ഉണ്ടായിരുന്നതായി ന്യൂട്ടൺ പ്രൈസ് പറഞ്ഞു.

മാരകമായി പരിക്കേറ്റ നിലയിൽ കെറ്ററിംഗിലെ ഫ്ലാറ്റിൽ അഞ്ജുവിനെയും കുട്ടികളെയും 2022 ഡിസംബർ 15 നാണ് കണ്ടെത്തിയത്. അഞ്ജു സംഭവസ്ഥലത്തും കുട്ടികൾ ആശുപത്രിയിലുമാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മൂന്ന് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് നോർത്താംപ്ടൺഷയർ പോലീസ് പറഞ്ഞു.

പീതർടൺ കോടതിയിൽ സാജു ചെലവലേൽ (52) ഏപ്രിലിൽ കൊലപാതക കുറ്റം സമ്മതിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ ജസ്റ്റിസ് പെപ്പെരാൾ വിധി പ്രസ്താവിച്ചത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. കുറഞ്ഞത് 40 വർഷം തടവ് അനുഭവിക്കണമെന്നാണ് ഉത്തരവ്. ഈകാലയളവിൽ ഇരകളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്.

സാജു സംശയ രോഗി: തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നെന്നും, മദ്യപിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടെന്നും, ഡിസംബർ 14 ന് ഏകദേശം രാത്രി പത്ത് മണിയോടെ ഫ്ലാറ്റിൽ വെച്ച് അഞ്ജുവിനെ കൊലപ്പെടുത്തിയെന്നും കോടതിയിൽ സാജു പറഞ്ഞു. പിറ്റേന്ന് അതിരാവിലെ ഒരു ഡ്രസ്സിംഗ് ഗൗൺ കോർഡ് ഉപയോഗിച്ച് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. അഞ്ജുവിനെ കൊലപ്പെടുത്തി നാല് മണിക്കൂറുകളോളം കഴിഞ്ഞ ശേഷമാണ് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൺ-പ്രൈസ് കെസി പറഞ്ഞു. അതേസമയം, സാജുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് അഞ്ജു ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മറ്റ് സ്ത്രീകൾക്കായി ഡേറ്റിംഗ് വെബ്‌സൈറ്റുകൾ തിരഞ്ഞിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ ഓർത്തോപീഡിക് നഴ്‌സായി ജോലി ചെയ്തിരുന്ന അഞ്ജു സംഭവ ദിവസം ജോലിക്ക് ഹാജരാകാൻ എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഇതിനിടയിൽ അയൽവാസിയുടെ ഫോണ്‍ വിളിയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ബലമായി ഫ്‌ളാറ്റിനുള്ളിൽ കയറിയ ഉദ്യോഗസ്ഥർ സാജു തന്റെ കഴുത്തിൽ കത്തി പിടിച്ചിരിക്കുന്നതായി പോലീസിന്റെ ബോഡി ക്യാമറാ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തന്നെ വെടിവച്ചുകൊല്ലാൻ പോലീസിനോട് ആവശ്യപ്പെടുകയും ടേസർ ചെയ്യപ്പെടുന്നതിന് മുമ്പ് മരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സാജു പറഞ്ഞു. തൊട്ടടുത്ത കിടപ്പുമുറിയുടെ തറയിലാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മൃതദേഹങ്ങള്‍ കട്ടിലിലും കണ്ടെത്തി.

“ലോകമെമ്പാടുമുള്ള പലരെയും പോലെ അഞ്ജു ഒരു അമ്മയായിരുന്നു. തന്റെ മക്കളായ ജീവയ്ക്കും ജാൻവിക്കും കഴിയുന്ന ഏറ്റവും മികച്ച ജീവിതം നൽകാൻ അവൾ ആഗ്രഹിച്ചു,” സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.

“അഞ്ജുവിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഇന്ത്യയിലുള്ള ജീവിതം അവളില്ലാതെ ഒരിക്കലും സമാനമാകില്ല. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് അവൾ ഈ നാട്ടിൽ വന്നത്. താൻ വിശ്വസിച്ചിരുന്ന ഭർത്താവിൽ നിന്ന് ഒരു ദാരുണമായ മരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല,” കുടുംബ വക്താവ് ഈ ആഴ്ച കോടതിയെ അറിയിച്ചു.

“അവളുടെ ജീവിച്ചിരിക്കുന്ന ഏക സഹോദരിയും ജീവയുടെയും ജാൻവിയുടെയും അമ്മായിയും ഈ സംഭവത്തിന്റെ മാനസിക ആഘാതത്തിൽ നിന്നും ആഴത്തിലുള്ള മുറിവുകളിൽ നിന്നും കരകയറാത്തത്ര ആഘാതത്തിലാണ്. വാസ്തവത്തിൽ, സംഭവിച്ചതിന്റെ ഞെട്ടൽ കാരണം അവര്‍ ഒരാഴ്ച ഇന്ത്യയിൽ ആശുപത്രിയിൽ കിടന്നു,” വക്താവ് പറഞ്ഞു. ജയിലിൽ നിന്ന് അഞ്ജുവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ സാജു ശ്രമിച്ചത് അവര്‍ക്ക് അഗാധമായ അസ്വസ്ഥതയുണ്ടാക്കി.

“ഞങ്ങളുടെ കളിസ്ഥലത്ത് രണ്ട് വർണ്ണാഭമായ ബെഞ്ചുകൾ ഉണ്ട്, കുട്ടികളെ രണ്ടു പേരെയും ഓർക്കാൻ. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലുള്ള അവരുടെ ഓർമ്മകൾ ഉൾപ്പെടുത്തി ഒരു ആൽബവും സ്‌കൂൾ തയ്യാറാക്കിയിട്ടുണ്ട്,” ജീവയും ജാൻവിയും പഠിച്ചിരുന്ന കെറ്ററിംഗ് പാർക്ക് ഇൻഫന്റ് അക്കാദമിയിലെ പ്രധാന അദ്ധ്യാപിക സാറാ പവൽ കോടതിയെ അറിയിച്ചു.

കേസ് അന്വേഷിച്ച നോർത്താംപ്ടൺഷയർ പോലീസിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറായ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ്, ലോകമെമ്പാടുമുള്ള പലരെയും പോലെയാണ് അഞ്ജുവിനെ വിശേഷിപ്പിച്ചത്.

“തന്റെ മക്കളായ ജീവയ്ക്കും ജാൻവിക്കും കഴിയുന്ന ഏറ്റവും മികച്ച ജീവിതം നൽകാൻ അവൾ ആഗ്രഹിച്ചു. അവളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും അവളെ വളരെ കഠിനാധ്വാനി, മനഃസാക്ഷിയുള്ള, സൗഹൃദമുള്ള, ദയയുള്ളവളായാണ് വിശേഷിപ്പിച്ചത്. അവൾ ഒരിക്കലും പരാതിപ്പെടാത്തവളായിരുന്നു, ഒരു ഷിഫ്റ്റ് പോലും നഷ്ടപ്പെടുത്തുകയില്ല,” അദ്ദേഹം പറഞ്ഞു.

“ഒരു പിതാവെന്ന നിലയിൽ, സാജു ചെലവേലിന് ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. ഒരു ഭർത്താവും പിതാവും എന്ന നിലയിലുള്ള അയാളുടെ പ്രധാന പങ്ക് തന്റെ കുടുംബത്തെ അപകടത്തിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു. അവർ ഏറ്റവും സുരക്ഷിതമായി, വീട്ടിൽ, അയാളോടൊപ്പം ഉണ്ടായിരിക്കണം, പക്ഷേ അയാള്‍ അത് നശിപ്പിച്ചു. ഇനി ശിഷ്ടകാലം ഏകാന്ത തടവുകാരനായി ജയിലറയ്ക്കുള്ളില്‍ കഴിയണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഇപ്പോഴും പാടുപെടുന്ന അഞ്ജുവിന്റെ “ഇന്ത്യയിലെ തകർന്ന കുടുംബത്തിന്” ഓഫീസർ അനുശോചനം രേഖപ്പെടുത്തി.

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അഞ്ജു അശോക് 2021 മുതൽ കെറ്ററിംഗിലെ ലോക്കൽ ഹോസ്പിറ്റലിൽ ജോലി ചെയ്തു വരികയായിരുന്നു.

ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നുവെന്നും പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ജുവിനെ ഭര്‍ത്താവ് ഇതിന് മുമ്പും ഉപദ്രവിച്ചിരുന്നെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.

അഞ്ജുവിനെ വസ്ത്രത്തില്‍ പിടിച്ച് കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അമ്മ കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കുടുംബവും കഴിഞ്ഞിരുന്നതെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷമാണ് സാജുവും മക്കളും യുകെയിൽ ഭാര്യയോടൊപ്പം ചേർന്നത്. തൊഴിൽപരമായി ഡ്രൈവറായ സാജു ജോലി ലഭിക്കാത്തതിനെ തുടർന്ന് നിരാശനായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടായിരുന്നു, അത് കഴിഞ്ഞ വർഷം വഷളാവുകയും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News