കുതിരാൻ ദേശീയപാതയുടെ വിണ്ടുകീറിയ ഭാഗം വീണ്ടും തകർന്നു; മഴ തുടർന്നാൽ വൻ അപകടമുണ്ടാകും

തൃശൂർ: കുതിരാൻ ദേശീയപാതയുടെ വിള്ളൽ വീണ ഭാഗം വീണ്ടും തകർന്നു. മണ്ണുത്തി-വടക്കുഞ്ചേരി ഹൈവേയിൽ വഴുക്കും‌പാറയിൽ നേരത്തെ വിള്ളലുണ്ടായ ഭാഗത്താണ് വീണ്ടും വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റർ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്. മഴ തുടർന്നാൽ ഏതുനിമിഷവും റോഡ് 30 അടിയോളം താഴ്ചയിലേക്ക് താഴ്ന്നുപോകാൻ സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടപ്പോൾ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ സിമന്റ് റഫ് ഉപയോഗിച്ച് വിള്ളൽ അടച്ച് റോഡ് തകരാതിരിക്കാൻ മുകളില്‍ പോളിത്തീൻ ഷീറ്റ് വിരിച്ചു.

എന്നാല്‍, രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞയുടൻ പീച്ചി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്.

അതേസമയം, ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗത സുരക്ഷ പരിഗണിച്ച് പ്രദേശത്ത് അടിയന്തരമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. അപകടസാദ്ധ്യതയുള്ള ട്രാക്ക് അടച്ചിടും. തുടര്‍ന്ന് പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ തുരങ്കത്തില്‍ നിന്നും പുറത്തിറങ്ങുന്നതോടെ പാലക്കാട് -തൃശൂര്‍ ട്രാക്കിലേക്ക് തിരിച്ചുവിടും.

ഇതോടെ 600 മീറ്റർ ദൂരത്തിലുള്ള ട്രാക്കിലൂടെ വാഹനങ്ങൾ ഇരുവശത്തേക്കും കടന്നുപോകും. അപകടമേഖല കടന്ന് പാലക്കാട്-തൃശൂർ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ദേശീയപാതയുടെ മധ്യഭാഗത്ത് 600 മീറ്റർ ദൂരത്തിൽ പ്ലാസ്റ്റിക് ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

കൂടാതെ, റോഡിന് താഴെ സര്‍വീസ് റോഡില്‍ സ്ഥിതിചെയ്യുന്ന വര്‍ക്ക്‌ഷോപ്പ്, അംഗന്‍വാടി, വായനശാല, ആരോഗ്യകേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കിയതായും നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ പൊലീസ് സേന ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News