മൂന്ന് പതിറ്റാണ്ട് മുമ്പ് സുരേഷിന് വന്ന ആ പോസ്റ്റ് കാര്‍ഡില്‍ ‘സുല്‍ത്താന്റെ’ കൈയ്യൊപ്പുണ്ടായിരുന്നു

കണ്ണൂർ: മൂന്ന് പതിറ്റാണ്ട് മുമ്പ്, അതായത് 1993 സെപ്തംബർ മാസത്തിൽ ഹിന്ദി അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് അന്നൂരിനെ തേടി ഒരു പോസ്റ്റ്കാർഡ് വന്നു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ….”പ്രിയ സുരേഷ്, ചിത്രം നന്നായിട്ടുണ്ട്, ധാരാളം വരയ്ക്കുക, വിജയം നേരുന്നു….” ആ പ്രശസ്തമായ ഒപ്പും താഴെയുണ്ടായിരുന്നു. കഥകളുടെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റേതായിരുന്നു അത്…. കഥകളിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന് ആദരമായി ചിത്രം വരച്ച് അയച്ചുകൊടുത്തതിന്‍റെ മറുപടിയായാണ് സുരേഷിനെ തേടി ആ കത്ത് എത്തിയത്.

കഥകൾ വായിച്ച് കഥാകാരനെ ആഴത്തിൽ അടുത്തറിഞ്ഞപ്പോൾ ആരാധന തോന്നിയതാണ് ബഷീറിനെ ക്യാൻവാസിലേക്ക് പകര്‍ത്താന്‍ പ്രചോദനമായത്. കണ്ണൂർ കരിവെള്ളൂർ എ.വി.മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ കേരളത്തിലെ അപൂർവം ഡോട്ട് ചിത്രകാരന്മാരിൽ ഒരാളാണ്. കഴിഞ്ഞ മുപ്പത് വർഷമായി കലാരംഗത്ത് സജീവമാണ് ഈ അദ്ധ്യാപകൻ. വെള്ളക്കടലാസിൽ കുഞ്ഞുകുത്തുകള്‍ കൊണ്ടാണ് ബഷീറിനെ വരച്ചത്. കാറല്‍ മാര്‍ക്സ് മുതൽ ഇ കെ നായനാർ വരെയും നരേന്ദ്ര മോദിയേയും കെ കരുണാകരനേയും സുരേഷ് ക്യാന്‍‌വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട്.

അന്തരിച്ച സിനിമാ താരങ്ങളായ കലാഭവൻ മണിയും മോനിഷയേയുമൊക്കെ സുരേഷ് ഡോട്ട് പെയിന്‍റിങ് വഴി സൃഷ്ടിച്ചിട്ടുമുണ്ട്. മലയാള സാഹിത്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ പ്രിയ കഥാകാരൻ ഓർമയായി 29 വർഷങ്ങൾ പിന്നിടുമ്പോൾ ബേപ്പൂര്‍ സുല്‍ത്താൻ അയച്ച കത്തിന്‍റെ ഓർമത്തിളക്കത്തിലാണ് ചിത്രകാരനായ സുരേഷ് അന്നൂർ.

നിരവധി ചെറിയ കുത്തുകൾ ചേർന്ന് മനോഹരമായ വലിയ ചിത്രം സൃഷ്ടിക്കുന്നതാണ് ഡോട്ട് ചിത്രരചന. അപൂർവം കലാകാരൻമാർ മാത്രമാണ് ഈ രംഗത്ത് സജീവമായിട്ടുള്ളത്. ആയിരക്കണക്കിന് കുത്തുകൾ ചേർത്താണ് മനോഹര ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത്. ഡോട്ട് പെയിന്‍റിങ്ങിന് ഇപ്പോൾ കലാകാരൻമാർക്കിടയില്‍ വലിയ പ്രചാരമുണ്ട്.

ഏറ്റവുധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു. സ്വന്തം ജീവിതവും സമൂഹവും, കഥകളും നോവലുകളുമായി. പ്രേമലേഖനം, ബാല്യകാലസഖി, ന്‍റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീ നിലയം, വിഡ്ഢികളുടെ സ്വർണം, മുച്ചീട്ടുകളിക്കാരന്‍റെ മകൾ, ജീവിത നിഴല്‍പ്പാടുകൾ, സർപ്പയജ്ഞം തുടങ്ങി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുതിവെച്ച നിരവധി നോവലുകളും കഥകളും ബഷീറിന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. അതീവലളിതവും ശൈലികൾ നിറഞ്ഞതുമായ രചനകൾ ബഷീറിനെ കഥകളുടെ സുല്‍ത്താനാക്കി.

1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ച ബഷീറിന്റെ മരണം 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ വെച്ചായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് കേരളത്തിലെത്തിയ മഹാത്മാ ഗാന്ധിയെ കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് സ്വാതന്ത്ര്യ സമര സേനാനിയായി. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. വിവിധ ജോലികളിൽ പല വേഷങ്ങളിൽ പ്രവർത്തിച്ചു. കേരളത്തിൽ തിരിച്ചെത്തിയ ശേഷം കഥകളും നോവലുകളും എഴുതി മലയാളിയുടെ ഹൃദയങ്ങളിലേക്ക് കുടിയേറി.

Print Friendly, PDF & Email

Leave a Comment

More News