മലപ്പുറത്ത് രണ്ടു കുട്ടികളേയും മാതാപിതാക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുണ്ടുപറമ്പ്‌ മൈത്രി നഗറിലെ വാടകവീട്ടില്‍ മാതാപിതാക്കളേയും രണ്ടു കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കാരാട്ടുകുന്നുമ്മേല്‍ സബീഷ്‌ (30), ഭാര്യ ഷീന (30), മക്കളായ ഹരിഗോവിന്ദ്‌ (6) ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

സബീഷും ഷീനയും രണ്ട്‌ മുറികളിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലും ശ്രീവര്‍ധന്റെ മൃതദേഹം സബീഷിന്റെ മുറിയിലെ
കട്ടിലിനടിയിലും ഹരിഗോവിന്ദന്റേത്‌ തറയിലെ മെത്തയിലുമായിരുന്നു. കുട്ടികളുടെ കഴുത്തില്‍ ചുവന്ന പാടുകള്‍
ഉണ്ടായിരുന്നു. ജനിതക രോഗമായ ഡുചെന്‍ മസ്കുലര്‍ ഡിസ്ട്രോഫി (ഡിഎംഡി) ബാധിച്ച കുട്ടികളില്‍ വിഷാദരോഗം മൂലമാണ്‌ ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യതെന്നാണ്‌ പോലീസ്‌ നിഗമനം.

ഒരു വയസ്സുള്ളപ്പോഴാണ്‌ ഹരിഗോവിന്ദിന്‌ ഡിഎംഡി ബാധിച്ചത്‌. ഇളയ കുട്ടിക്കും ഇതേ രോഗലക്ഷണങ്ങളുണ്ടെന്ന്‌ രണ്ട്‌ ദിവസം മുമ്പ്‌ ആശുപത്രിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിരുന്നു. പേശികളെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ്‌ ഡിഎംഡി, ഇത്‌ കുട്ടികളില്‍ വൈകല്യത്തിനും അകാല മരണത്തിനും ഇടയാക്കും.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മലപ്പുറം ബ്രാഞ്ച്‌ മാനേജരാണ്‌ സബീഷ്‌. മലപ്പുറം എസ്ബിഐയില്‍ അസിസ്റ്റന്റ്‌ മാനേജരായിരുന്ന ഷീനയ്ക്ക് അടുത്തിടെയാണ്‌ കണ്ണൂരില്‍ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചത്‌. ജോലി ആവശ്യാര്‍ഥം ഒന്നര വര്‍ഷം മുന്‍പാണ്‌ ഇവര്‍ മുണ്ടുപറമ്പിലെ വാടക വീട്ടില്‍ താമസമാക്കിയത്‌.

കണ്ണൂരില്‍ ജോയിന്‍ ചെയ്ത ശേഷം പത്തു ദിവസത്തെ ലീവ്‌ എടുത്ത ഷീന കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി സാധനങ്ങള്‍
കൊണ്ടുപോയിരുന്നു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിയായ ഹരിഗോവിന്ദിനെ കണ്ണൂരിലെ
സ്‌കൂളില്‍ ചേര്‍ക്കാന്‍ ടിസി വാങ്ങാനും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. വ്യാഴാഴ്ച കണ്ണൂരിലേക്ക്‌ സാധനങ്ങള്‍ അയക്കുമെന്നും പോകുന്ന വഴി ഷീനയുടെ വീട്ടിലെത്തുമെന്നും രക്ഷിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് യാത്ര വെള്ളിയാഴ്ച രാവിലേക്ക് മാറ്റിയതായി അറിയിച്ചു.

ഫോണ്‍ കോളുകള്‍ക്ക്‌ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഷീനയുടെ വീട്ടുകാര്‍ സബീഷിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ഇവര്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

സംസ്കാരം ഇന്ന്‌ രാവിലെ ഒമ്പതിന്‌ കോഴിക്കോട്‌ വെസ്സ്ഹില്‍ ശുശാനത്തില്‍.

Print Friendly, PDF & Email

Leave a Comment

More News