ഷാജൻ സ്കറിയയെ എന്തിനു വേട്ടയാടുന്നു? (പ്രതികരണം): ജയൻ വർഗീസ്

എന്തിനാണ് ഷാജൻ സ്കറിയയെ വേട്ടയാടുന്നത്?

അയാൾ എന്ത് തെറ്റാണ് ചെയ്തത്? സുപ്രീം കോടതി ജഡ്ജിയായിരുന്ന ഒരാളുടെ മരുമകൻ തെറ്റ് ചെയ്താൽ അത് വാർത്തയിൽ വെളിപ്പെടുത്താൻ പാടില്ല എന്നുണ്ടോ? അയാൾ താഴ്ന്ന ജാതിക്കാരനാണ് എന്ന് പറയുന്നത് അയാൾ മാത്രമാണ്. നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളിലെ മഹാഭൂരിപക്ഷവും ജനങ്ങളെ ജാതി അടിസ്ഥാനത്തിൽ കാണുന്നില്ല. ജോലിക്കെത്തുന്നവരെ അങ്കിളേ എന്നും വീട്ടിലെ സഹായിയെ ആന്റി എന്നും വിളിക്കുന്നവരാണ് ഞങ്ങളെപ്പോലുള്ള നാട്ടുമ്പുറത്തുകാർ. ഏതെങ്കിലും ഒരു കുട്ടി ഈ ശീലം തെറ്റിച്ചാൽ അവരെ ശാസിച്ച് തിരുത്തുന്ന മുതിർന്നവരെയാണ് എനിക്ക് പരിചയമുള്ളത്. എന്റെ വല്യാമ്മ പ്രായഭേദമന്യേആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും “മാനേ“എന്നാണ് വിളിച്ചിരുന്നത് എന്ന് ഇവിടെ ഓർക്കുന്നു.

ലേഖകന്‍

ഒരാളുടെ ജാതി പറഞ്ഞാൽ അയാൾ അപമാനിക്കപ്പെടുന്നു എന്ന് പറയുന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. അങ്ങിനെയെങ്കിൽ നിങ്ങളുടെ ജാതി ആദ്യം പറയുകയും ഔദ്യോഗികമായി അത് രേഖപ്പെടുത്തുകയും ചെയ്തത് നിങ്ങളുടെ മാതാപിതാക്കൾ ആയിരുന്നുവല്ലോ? സ്‌കൂളിലെ പ്രവേശനഫാറത്തിലെ മത/ജാതി കോളത്തിൽ പുലയൻ എന്നോ പറയൻ എന്നോ ഉള്ളാടൻ എന്നോ ഊരാളി എന്നോ രേഖപ്പെടുത്തിയത് അവരായിരുന്നുവല്ലോ? കുഴിയിൽ കിടക്കുന്ന അവർക്കെതിരെയും കൊട് ഒരു ക്രിമിനൽ അന്യായം. ശവംതീനികഴുകന്മാരെപ്പോലെ നിങ്ങള്‍ക്കു വേണ്ടി വാദിക്കാനും ഉണ്ടാവും കുറെ കറുത്ത കോട്ടിട്ട നരിച്ചീറുകൾ !

അയാൾ താഴ്ന്ന ജാതിക്കാരൻ ആയതു കൊണ്ട് അയാളെക്കുറിച്ച് പറയുന്നതെന്തും അയാൾക്ക് മേലുള്ള ജാതിയാധിക്ഷേപമായി പരിഗണിക്കപ്പെടുമത്രേ ! ഏതൊരു വിവര ദോഷികളാണ് ഈ നിയമം ഉണ്ടാക്കിയത്? ഫ്യൂഡൽ പ്രഭുത്വത്തിന്റെ തീണ്ടൽക്കാലത്ത് നമ്പൂരിയെക്കണ്ടാൽ വഴിമാറി പോകേണ്ടിയിരുന്നവനെ കണ്ടാൽ ഇന്ന് നമ്പൂരി വഴിമാറി പോകേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതി ആയിരിക്കാം. എന്നാൽ, ആ രീതി തെറ്റായിരുന്നു എന്ന് പറയുവാനും വേരോടെ അത് പിഴുതെറിയുവാൻ സാധിച്ചതുമാണ് മഹത്തായ നമ്മുടെ സംസ്ക്കാരത്തിന്റെ കൊടിപ്പടങ്ങൾ എന്ന് നാം മനസ്സിലാക്കണം.

സ്വന്തം ജാതിപ്പേര് പറയുന്നത് തനിക്ക് അപമാനമാണെന്നു വാദിക്കുന്ന ഈ അഭിനവ നമ്പൂരിമാർ എവിടെയെല്ലാം ജാതി എഴുതിച്ചേർത്ത് ആനുകൂല്യങ്ങൾ അടിച്ചെടുക്കുന്നു? അന്തസ്സുള്ളവരാണെങ്കിൽ മേലിൽ നിങ്ങളുടെ ജാതിക്കോളങ്ങളിൽ ‘മനുഷ്യൻ ’ എന്ന് മാത്രം എഴുതുക. ജാതിപ്പേരിലുള്ള യാതൊരു ആനുകൂല്യങ്ങളും തനിക്ക്ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക. ന്യൂനപക്ഷ മതങ്ങൾ എന്ന കോരു വലയിൽ മീൻ കോരി പിടിച്ചു കൂട്ടുന്നവർക്കും ഇത് ബാധകമായിരിക്കണം.

( മനുഷ്യന് ജാതി വേണ്ട, മതം വേണ്ട, മനുഷ്യൻ എന്ന ഒറ്റ ലേബൽ മതി. അത് നടപ്പിലായാൽ അതിരുകൾ ഇല്ലാതാവുന്ന ലോകത്ത് മഹാ മനുഷികൾ സ്വപ്നം കണ്ട മൺ സ്വർഗ്ഗങ്ങൾ യാഥാർഥ്യമാകും.)

ലോകം ആദരിക്കുന്ന ഒരു വൻകിട മുതലാളിയുടെ സ്വകാര്യതയിൽ ഇടപെട്ടു എന്നതാണ് മറ്റൊരു മാനനഷ്ടക്കേസ്. മുസ്ലിം വ്യക്തി നിയമങ്ങളിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം പെൺമക്കൾക്ക് പിതൃ സ്വത്ത് ലഭിക്കാതെ പോകുന്ന ഒരു സാഹചര്യമുണ്ട്. ഇതിനെ മറികടക്കാൻ മുസ്ലിങ്ങളായ ചിലർ നിയമ സാധുതയുള്ള വിവാഹ രേഖകൾ ഉണ്ടാക്കാനായി രണ്ടാമത് വിവാഹം രജിസ്റ്റർ ചെയ്യാറുണ്ട്. പെൺമക്കൾ മാത്രമുള്ള ടി മുതലാളിയും ഇത് ചെയ്തിട്ടുണ്ട് എന്ന് അയാൾക്ക്‌ (ഷാജന്)കിട്ടിയ ഏതോ ഇൻഫോർമേഷൻ അടിസ്ഥാനമാക്കി ഷാജൻ സ്കറിയയും റിപ്പോർട്ടു ചെയ്തിരുന്നു. ഇത് മുതലാളിക്ക് വലിയ മാനഹാനി ഉണ്ടാക്കിഎന്നതാണ് കേസ്. ശരിയാണ്, ഒരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല. ആ അപവാദം കൊണ്ട് മാനം നഷ്ടപ്പെട്ടു എന്ന് തോന്നുകയാണെങ്കിൽ പറഞ്ഞ വ്യക്തിയെക്കൊണ്ട് തിരുത്തിക്കുകയല്ലേ വേണ്ടത് ? കുറെ പൈസയുടെ ചാക്കിൽക്കെട്ടി സ്വന്തം മാനം പൊതുജനങ്ങൾക്ക് തട്ടാൻ ഇട്ടു കൊടുക്കുകയാണോ വേണ്ടത്?

(ഇന്ത്യയിലും വിദേശത്തുമായി മാസാമാസം കോടാനുകോടികൾ ശമ്പളം കൊടുത്ത് ലക്ഷോപലക്ഷംകുടുംബങ്ങളെ സംരക്ഷിക്കുന്നവനാണ് താൻ എന്നാണു മുതലാളിയുടെ വീര വാദം. സംഗതി ശരിയായിരിക്കാം. മുതലാളി സ്വന്തം വായിലൂടെ അത് പറയുമ്പോളാണ് വീരവാദമാകുന്നത്. ഏതൊരു മുതലാളിയും തന്റെ വ്യവസായം തുടങ്ങുന്നത് തനിക്ക് വേണ്ടിയോ തന്റെ ശമ്പളക്കാർക്കു വേണ്ടിയോ എന്ന് എല്ലാ മുതലാളിമാരും തുറന്നു പറയണം. പലചരക്കു കടക്കാരന് എടുത്തു കൊടുപ്പുകാർ വേണം. ഫാക്ടറിയുടമയ്ക്ക് മെഷീനിസ്റ്റുകൾ വേണം. എങ്കിലേ ആ വ്യവസായങ്ങൾ നടത്തികൊണ്ടു പോകാനാവൂ. ഇതൊരു കൂട്ടായ്മയാണ്. മുതലാളിയും സഹായിയും (helpar അമേരിക്കൻ ഭാഷ ) ചേർന്നുള്ള കൂട്ടായ്മ. നേരെ ചൊവ്വേ നടക്കുകയാണെങ്കിൽ രണ്ടുപേർക്കും അന്നം കിട്ടുന്നു എന്നേയുള്ളു.)

പിന്നെ ഏതൊരു സാധാരണ മനുഷ്യനും തെറ്റുകൾ പറ്റുന്നതും നാക്കുപിഴ സംഭവിക്കുന്നതും തികച്ചും സ്വാഭാവികം മാത്രമാകുന്നു. സത്യം ബോധ്യപ്പെടുമ്പോൾ അത് തിരുത്താനുള്ള ആർജ്ജവം എല്ലാവരും കാണിക്കണം. ഒരു ക്ഷമ ചോദിച്ചാൽ, ഒന്ന് മാപ്പു പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് ധരിക്കുന്നതുമൗഢ്യമാണ് (രാഹുൽ ഗാന്ധി ഉദാഹരണം).

കൈയ്യൂക്ക് കൊണ്ട് കത്യം നടത്തുന്ന മറ്റൊരു മുതലാളിയെ തുറന്നു കാണിച്ചു എന്നതാണ് ഷാജൻ ചെയ്തുപോയ മറ്റൊരു അപരാധം. ഇങ്ങനെ ചെയ്യുന്നതിനെയല്ലേ പത്രപ്രവർത്തനം എന്ന് നമ്മൾ വിളിക്കുന്നത് ? അതോ പരിശുദ്ധന്മാരെ സൃഷ്ടിക്കുന്ന പള്ളിപ്പാത്രങ്ങളെപ്പോലെയും, ഫ്യൂഡൽ സമ്പ്രദായങ്ങളുടെ കാല് നക്കികളായ മഞ്ഞപ്പത്രങ്ങളെപ്പോലെയോ കണ്ണും കത്തുമടച്ച് നക്കിത്തിന്നു കൊണ്ടിരിക്കണമോ ?

സത്യമില്ലാത്ത ഒരു നാട്ടിൽ സത്യം പറയുന്നത് വലിയ പാതകമാണ്, വലിയ പാപമാണ്. പോരെങ്കിൽ പൊതുജനക്ഷേമത്തിനായി സ്വന്തം ജീവിതങ്ങൾ ചുമ്മാ ഉഴിഞ്ഞു വച്ചു കളഞ്ഞ നമ്മുടെ രാഷ്ട്രീയ അമ്മാവന്മാരും ജാതി മതമുത്തപ്പന്മാരും “ഇപ്പ ശരിയാക്കിത്തരാം“ എന്ന ഭാവത്തോടെ മസില് പിടിച്ചു നിൽക്കുന്ന നമ്മുടെ കേരളത്തിൽ !

ഷാജൻ സ്കറിയ സത്യം പറയുന്ന പത്ര പ്രവർത്തകനാണ്. നീതി തേടി അയാൾ മുട്ടിയ കോടതി വാതിലുകൾഅയാൾക്ക്‌ മുന്നിൽ ക്രൂരമായി അടഞ്ഞു കിടക്കുന്നു.

നാട് നന്നാക്കാൻ ജീവിതം ഉഴിഞ്ഞു (ഉഴിഞ്ഞ് ശരിക്കും ഉഴിഞ്ഞ്) വച്ച രാഷ്ട്രീയ അമ്മാവന്മാരും, ജാതിമതമുത്തപ്പന്മാരും പിന്നാമ്പുറത്ത് ഒളിഞ്ഞിരുന്ന് വലിക്കുന്ന ചരടിൽ ചാടിക്കളിക്കാൻ ചാപ്പ കുത്തപ്പെട്ടവരാണോ ഈ കോടതി തോൽപ്പാവകൾ എന്ന് ആരറിയുന്നു ?

Print Friendly, PDF & Email

Leave a Comment

More News