പ്രൊഫ. ടി ജെ ജോസഫിനെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; മറ്റു പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവ്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം മലയാളം പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ആദ്യ മൂന്ന്‌ പ്രതികള്‍ക്ക്‌ കൊച്ചി എന്‍ഐഎ കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുവാറ്റുപുഴ സ്വദേശി സജില്‍ (36), മുഖ്യ സൂത്രധാരനായിരുന്ന മൂന്നാം പ്രതി ആലുവ സ്വദേശി എംകെ നാസര്‍ (48), അഞ്ചാം പ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്‌ (42) എന്നിവരെയാണ് ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകര പ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധിക്കിടെ, പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ബാക്കി മൂന്ന്‌ പ്രതികള്‍ക്ക്‌ മൂന്ന്‌ വര്‍ഷം വീതം തടവ്‌ ശിക്ഷ വിധിച്ചിരുന്നു. ഒമ്പതാം പ്രതി നൗഷാദ്‌ (48), പത്താം പ്രതി പി പി മൊയ്തീന്‍ കുഞ്ഞ്‌ (60), പന്ത്രണ്ടാം പ്രതി പി എം അയുബ്‌ (48) എന്നിവര്‍ക്കാണ് മൂന്ന്‌ വര്‍ഷം വീതം തടവ്‌ ശിക്ഷ വിധിച്ചത്.

പ്രതികള്‍ക്ക്‌ എന്ത്‌ ശിക്ഷയാണ്‌ ലഭിച്ചതെന്നത്‌ തനിക്ക്‌ പ്രശ്നമല്ലെന്ന് പ്രൊഫ.ടി.ജെ.ജോസഫ്‌ പ്രതികരിച്ചു. പ്രതികളെ ശിക്ഷിച്ച രാജ്യത്ത്‌ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശമനമുണ്ടാകുമോയെന്ന്‌ രാഷ്ട്രീയ നിരീക്ഷകരും അഭിഭാഷകരും തീരുമാനിക്കട്ടേ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഘട്ട വിധി കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ്‌ ഇത്‌ ആസുത്രണം ചെയ്ത്‌ നടപ്പാക്കിയതെന്ന്‌ എന്‍ഐഎ കണ്ടെത്തി. കേസില്‍ തീവ്രവാദ പ്രവര്‍ത്തനം തെളിയിക്കപ്പെട്ടതായും ആറ്‌ പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കി. സജില്‍, നാസര്‍, നജീബ്‌, നൌഷാദ്‌, മൊയ്തീന്‍ കുഞ്ഞ്‌, അയ്യൂബ്‌ എന്നിവര്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌. ഷഫീഖ്‌, അസീസ്‌, സുബൈര്‍, മുഹമ്മദ്‌ റാഫി, മന്‍സൂര്‍ എന്നിവരെ കോടതി വെറുതെ വിട്ടു.

ആദ്യഘട്ടത്തില്‍ 37 പ്രതികളെ കോടതി വിചാരണ ചെയ്യുകയും 11 പേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി ശിക്ഷ വിധിക്കുകയും
ചെയ്തു. കുറ്റപത്രത്തിന്റെ ആദ്യ ഘട്ടത്തിന്‌ ശേഷം രണ്ടാം ഘട്ടത്തില്‍ അറസ്റ്റിലായവരുടെ വിചാരണ പൂര്‍ത്തിയായി.

തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദ്ദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചത്. പ്രതികൾ നിയമം കൈയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാൻ ശ്രമിച്ചു. അദ്ധ്യാപകൻ ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു.

ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫ. ടി.ജെ. ജോസഫിൻറെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

രണ്ടാം പ്രതി സജിലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയും കോടതി വിധിച്ചു. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ശിക്ഷാ വിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദേശിച്ചു.

Print Friendly, PDF & Email

Leave a Comment