ഫാമിലി/യൂത്ത് കോൺഫറൻസ് ആവേശത്തോടെ സമാപിച്ചു!

ഡാൽട്ടൺ (പെൻസിൽവേനിയ): ഫാമിലി/യൂത്ത് കോൺഫറൻസിന്റെ അവസാന ദിവസം വളരെ പെട്ടെന്ന് എത്തി! . അഭിവന്ദ്യ ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്‌കാരത്തിനും വിശുദ്ധ കുർബാനയ്‌ക്കുമായി മുഴുവൻ വൈദികരും പ്രതിനിധികളും ചാപ്പലിൽ സന്നിഹിതരായി. ജൂലൈ 15 ശനിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലഘു പൊതു ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ച കോർ കമ്മിറ്റിക്കും വിവിധ സബ് കമ്മിറ്റികൾക്കും നന്ദി പറഞ്ഞു.

മുഖ്യ പ്രഭാഷകരായ അഭിവന്ദ്യ എബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. മാറ്റ് അലക്‌സാണ്ടർ എന്നിവരുടെ സമാപന സന്ദേശങ്ങൾക്കും സമയമുണ്ടായിരുന്നു. വിഭവസമൃദ്ധമായ ബ്രഞ്ചോട് കൂടി ഔദ്യോഗികമായി കോൺഫറൻസ്
അവസാനിച്ചെങ്കിലും പലരും വിടപറയാൻ തിരക്ക് കൂട്ടാതെ സൗഹൃദം പങ്കുവച്ചുകൊണ്ട് നില്ക്കുന്നത് കോൺഫറൻസ് സൃഷ്ടിക്കുന്ന ബന്ധങ്ങൾ എത്ര ശക്തമാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു.

നാലു ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്നുപോയത്. ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടന്ന ചരിത്രപ്രസിദ്ധമായ ഫാമിലി കോൺഫറൻസ് സമാപിച്ചു. ഈ സമ്മേളനത്തിന്റെ പൊടിപടലങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പുതന്നെ, എല്ലാ വർഷവും ഒന്നിടവിട്ട് സമ്മേളനം ഇവിടെവച്ച് നടത്തണമെന്ന അഭിപ്രായമുള്ളവരുണ്ട്. അത് തന്നെ ഈ
സമ്മേളനം പങ്കെടുത്തവരുടെ മനസ്സിൽ ഉണ്ടാക്കിയിട്ടുള്ള മതിപ്പിന്റെ സൂചനയാണ്.

ഭദ്രാസനത്തിന്റെ സ്വന്തം റിട്രീറ്റ് സെന്ററിൽ ഒരു വലിയ കോൺഫറൻസ് നടത്തുന്നത് ശ്രമകരമായിരുന്നെങ്കിലും, സന്നദ്ധ പ്രവർത്തകർ ഒരു ടീമായി പ്രവർത്തിച്ചത് കോൺഫറൻസിന്റെ വിജയത്തിന് സഹായകരമായി. ഈ കോൺഫറൻസ് സൃഷ്ടിച്ച ഊർജവും ആത്മീയ ഉണർവും അത്യന്തം പ്രചോദനകരമാണെന്നതിൽ ഭദ്രാസനത്തിന് അഭിമാനിക്കാം.

“ദൈവത്തിനു സ്തോത്രം പാടുക, അത് നമ്മുടെ ജീവിതത്തെ പരിവർത്തിതമാക്കും” എന്ന ഓർത്തഡോക്സിയുടെ ദൈവത്തെ പുകഴ്ത്തുന്ന യഥാർത്ഥ അർത്ഥത്തെ അഭിവന്ദ്യ ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത സൂചിപ്പിച്ചതും ഇതേ അർത്ഥത്തിൽ തന്നെയാണ്.

Print Friendly, PDF & Email

Leave a Comment

More News