ജനങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട; കുഞ്ഞൂഞ്ഞിന്റെ അന്ത്യവിശ്രമം ഇനി പുതുപ്പള്ളിയിൽ

കോട്ടയം: സ്നേഹം കൊണ്ട് ജനമനസുകളില്‍ ഇടം നേടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണില്‍ അന്ത്യവിശ്രമം. രാവും പകലും ജനങ്ങൾക്കുവേണ്ടി ജീവിച്ച സ്വന്തം നേതാവിന് കേരളം വിട നൽകി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയെ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അദ്ദേഹം ഇനി അന്ത്യവിശ്രമം കൊള്ളുന്നത്.

കേരളത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെയാണ് മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര പള്ളിയിൽ എത്തിയത്. തുടർന്ന് പള്ളിയിലെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു.

ഇതെല്ലാം കണ്ടുനിന്ന ജനങ്ങൾക്ക് വെറുതെ നിൽക്കാനായില്ല. അവർ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…’ എന്നവർ ഒരേ ശബ്ദത്തോടെ പറഞ്ഞു.

സാധാരണക്കാരനായി ജനിച്ച ഞാൻ സാധാരണക്കാരനായി ജീവിക്കും, സാധാരണക്കാരനായി തന്നെ മരിക്കും” എന്ന ആ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് തന്നെ ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ചു. എന്നാൽ പുതുപ്പള്ളിയിലേക്കുള്ള ജനപ്രവാഹം ഇനിയും അവസാനിച്ചിട്ടില്ല. ജനങ്ങൾക്കൊപ്പം നിന്ന നേതാവിനെ ജനങ്ങൾ ഒരിക്കലും മറക്കില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൾ ചടങ്ങ്.

സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി

അര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് യാത്രയാവുമ്പോഴും മുൻ മുഖ്യമന്ത്രിയുടെ ഒരു സ്വപ്‌നം ബാക്കി നിൽക്കുകയാണ്, സ്വന്തം മണ്ണിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം. പുതുപ്പളളിയിൽ ഒരു വീട് എന്നത് അദ്ദേഹത്തിന്റെ എന്നത്തെയും സ്വപ്‌നമായിരുന്നു.

ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി വീട് നിർമ്മാണം ആരംഭിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം അസുഖബാധിതനായി. വീട് നിർമ്മാണം പ്രാരംഭ ഘട്ടത്തിലിരിക്കെയാണ് അദ്ദേഹം ഭൂമിയിൽ നിന്ന് യാത്രയായത്.

അതുകൊണ്ട് തന്നെ സംസ്‌കരിക്കാൻ കൊണ്ടുപോകും മുൻപ് അദ്ദേഹത്തിന്റെ സ്വപ്ന ഭവനത്തിൽ കുറച്ചു സമയം ഭൗതികശരീരം വയ്ക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. വീടിനോടു ചേർന്ന് പ്രത്യേകം തയാറാക്കിയ പന്തലിലാണ് പൊതുദർശനത്തിന് വച്ചത്. ആ നിമിഷങ്ങൾ കണ്ട് നിന്നവരുടെ പോലും കണ്ണ് നനയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News