പാമ്പുകടിയേല്പിച്ച് മുൻ കാമുകനെ കൊലപ്പെടുത്തിയ യുവതി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു

നൈനിറ്റാൾ: യുവ വ്യവസായിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പുതിയ കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവാവിനെ കാമുകി പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

നൈനിറ്റാളിലെ ഹൽദ്വാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അങ്കിത് ചൗഹാന്‍ (32) എന്ന യുവാവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം അങ്കിതിന്റെ കാമുകി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ജൂലൈ 15 നാണ് രാംബാഗ് കോളനി സ്വദേശിയായ അൻകിത് ചൗഹാൻ എന്ന യുവാവിനെ രാംപുർ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻറെ എസിയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചാകാം മരണം എന്നായിരുന്നു പോലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായി. യുവാവിന്റെ രണ്ട് കാലുകളിലും പാമ്പുകടിയേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മഹി ആര്യ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നതായി കണ്ടെത്തിയത്. എന്നാൽ അടുത്തിടെയായി ഇവർ അകന്നു നിൽക്കുകയായിരുന്നു. തുടർന്ന് യുവതി ദീപ്കാന്ത് എന്ന യുവാവുമായി അടുപ്പത്തിലായി.

ആര്യയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോഴാണ് ഇവർ പാമ്പാട്ടിയായ രമേശ് നാഥുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് 10000 രൂപയ്ക്ക് ഒരു മൂർഖൻ പാമ്പിനെ യുവതിക്ക് നൽകിയതായി ഇയാൾ വെളിപ്പെടുത്തിയത്. അൻകിത് തന്നെ നിരന്തരം ശല്യം ചെയ്യുന്നുണ്ടെന്നും ഇയാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാനാണ് പദ്ധതിയെന്നും ഇയാളോട് യുവതി പറഞ്ഞിരുന്നു. അൻകിത് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുവതി പുതിയ കാമുകനുമായി നേപ്പാളിലേക്ക് കടന്നത്.

കൊലപാതകത്തിൽ രമേശ് നാഥിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. മഹി ആര്യ അങ്കിതിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തുകയും അതിന് ശേഷം രമേശിന്റെ സഹായത്തോടെ പാമ്പ് കടിയേല്പിക്കുകയുമായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കാറിനുള്ളിൽ വെച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം മഹി ആര്യ തന്റെ പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു.

Print Friendly, PDF & Email

Leave a Comment

More News