എസ്.ആർ.വി. സംഗീത കോളേജിൻറെ ഭൂമി കൈമാറ്റം ഉടൻ നടത്തണം: സതീഷ് കളത്തിൽ

തൃശ്ശൂർ: തൃശ്ശൂരിലെ ശ്രീ രാമവർമ്മ ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് കലാകാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകൾക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നും എസ്.ആർ.വിക്ക് സ്വന്തമായി അനുവദിച്ചുകിട്ടിയ ഭൂമിയുടെ കൈമാറ്റം നടക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് എത്രയുംവേഗം കൈമാറ്റം നടത്തണമെന്നും ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയർമാനും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.

സ്വന്തമായ കെട്ടിടസമുച്ചയം ഉണ്ടാക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമങ്ങൾക്ക് സർക്കാർതല ചുവപ്പുനാടകൾ അനാവശ്യമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ്. രാമവർമപുരം ഗവ. യു. പി. സ്‌കൂളിനോടനുബന്ധിച്ചു കിടക്കുന്ന രണ്ടര ഏക്കറയോളം ഭൂമി എസ്.ആർ.വിക്ക് കൈമാറാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ എൻ. ഓ. സി മൂന്ന് വർഷങ്ങൾക്കുമുൻപ് ലഭിച്ചിട്ടും ഭൂമി കൈമാറ്റത്തിനാവശ്യമായ ‘അഡ്മിനിസ്ട്രേറ്റീവ് സാങ്ങ്ഷൻ’ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻറിൽനിന്നും ലഭിച്ചിട്ടില്ലയെന്നത് ഗൗരവമായി കാണേണ്ട സംഗതിയാണ്. റവന്യു ഡിപ്പാർട്ടുമെൻറിൻറെ പ്രോപ്പസൽ സർട്ടിഫിക്കറ്റിൽ, ‘കൈമാറ്റത്തിന് ഈ ഭൂമി ഉപയുക്തമാണ്’ എന്ന് റിമാർക്സ് ചെയ്തിട്ടില്ലെന്നും പറഞ്ഞാണ് സാങ്ങ്ഷൻ തടഞ്ഞുവെച്ചിരിക്കുന്നത്. ഫയൽ വീണ്ടും റവന്യു ഡിപ്പാർട്ടുമെൻറിലേക്ക് അയച്ചിരിക്കുകയാണെന്നാണ് ഡിപ്പാർട്ടുമെൻറിൻറെ ഭാഷ്യം. എന്നാൽ, ഇതെല്ലാം വെറും മുട്ടാപ്പോക്ക് ന്യായങ്ങളുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ്. ഇവിടെ, ഡിപ്പാർട്ടുമെൻറ് ടു ഡിപ്പാർട്ടുമെൻറ് ഭൂമി വില്പനയാണ് നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, റിമാർക്സ് ഇല്ലെങ്കിലും ഭരണാനുമതി നല്കേണ്ടതാണ്. അതേസമയം, റിമാർക്സ് ചെയ്യണമെന്നാണെങ്കിൽതന്നെയും മറ്റു സാങ്കേതിക പ്രശ്നങ്ങളോ അധിക സമയമോ റവന്യു വിഭാഗത്തിന് ആവശ്യമില്ലതാനും. എന്നിട്ടും, ഈയൊരു നിസാര പ്രശ്നത്തിൽ തട്ടി ഭൂമി കൈമാറ്റം വർഷങ്ങളായി നീണ്ടുപോകുകയാണ്. ഇത് അന്വേഷിക്കേണ്ടതാണ്.

ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിനോടനുബന്ധിച്ചുള്ള കോമ്പൗണ്ടിൽ ആറ് ക്‌ളാസ് മുറികളിലാണ് ഈ സ്ഥാപനം പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നത്. തൊണ്ണൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റുമായി ഇരുപത്തിരണ്ടോളം സ്റ്റാഫുകളുമുള്ള ഒരു കോളേജിനു പ്രവർത്തിക്കാൻ ഒരു ചാൺ ഇടമാണുള്ളതെന്നുള്ളത് എത്രമാത്രം കഷ്ടമാണ്. ഓഫീസ് ആവശ്യത്തിനു രണ്ട് മുറികൾ ഉപയോഗിക്കുന്നു. നാല് മുറികൾ പകുത്താണ് അധ്യയനം നടത്തുന്നത്. സുരക്ഷിതമായ സ്ഥലമില്ലാത്തതിനാൽ സംഗീതോപകരണങ്ങൾ പരിമിതമാക്കാൻ വിധിക്കപ്പെട്ട ഈ കോളേജിൽ റെക്കോഡിങ്ങ് സ്റ്റുഡിയോ, ലൈബ്രറി, കൺസർവേറ്ററി, ഓഡിറ്റോറിയം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള റാമ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ, സ്വന്തമായ ഒരു കെട്ടിടസമുച്ചയം ഈ കോളേജിന് അനിവാര്യമാണ്. അതിനുവേണ്ട സത്വര നടപടികൾക്ക് അതതു വകുപ്പുകളിലെ ഉദ്യാഗസ്ഥർക്കു റവന്യു- എഡ്യൂക്കേഷൻ മന്ത്രിമാർ കർശന നിർദ്ദേശം നല്കണം.

കൊച്ചി രാജവംശത്തിലെ രാമവർമ്മ പതിനഞ്ചാമൻ, രാജവംശത്തിലെ സ്ത്രീകൾക്ക് സംഗീതം പഠിക്കാൻ ആരംഭിച്ച ഈ സ്ഥാപനം കേരളത്തിലെ ആദ്യത്തെ സംഗീത വിദ്യാലയംകൂടിയാണ്. എന്നാൽ, കേരളത്തിൻറെ സംഗീതപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മഹത്തായ ഒരു പാരമ്പര്യം പേറുന്ന ഈ സ്ഥാപനം നിലനിർത്തുന്നതിന് പണ്ടുമുതലേ സർക്കാർതലത്തിൽ ശുഷ്ക്കാന്തി ഉണ്ടാകാറില്ല. മറിച്ച്, ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും നടക്കാറുള്ളത്.

പത്തുവർഷം മുൻപ്, എസ്.ആർ.വി. സ്‌കൂളായിരുന്ന കാലത്ത്, അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഈ സ്‌കൂളിനെ ടെർമിനേറ്റ് ചെയ്യുകയുണ്ടായി. അതിനെതിരെ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് നടത്തിയ സമരങ്ങളുടെയും നിവേദനങ്ങളുടെയും മറ്റു ക്രിയാത്മക ഇടപെടലുകളുടെയുംകൂടി ഫലമാണ് ഈ സ്‌കൂൾ കോളേജാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ട്രസ്റ്റിൻറെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ, ഈ സ്‌കൂൾ നിലനിർത്തുന്നതിനുള്ള നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, അപ്ഗ്രേഡ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വിദ്യാലയത്തിനോടുള്ള അധികൃതരുടെ ഉദാസീനമനോഭാവങ്ങൾ ഇപ്പോഴും തുടരുന്നു എന്നറിയുമ്പോൾ നിരാശയാണു തോന്നുന്നതെന്ന് സതീഷ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News