അക്ഷയ കേന്ദ്രങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഓപ്പറേഷൻ ഇ-സേവ് എന്ന പേരിൽ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. അക്ഷയ സെന്റർ നടത്തിപ്പുകാർ പൊതുജനങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്നും, ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ ഇത്തരം ക്രമക്കേടുകൾക്ക് അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാറിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ പതിനൊന്ന് മണി മുതൽ പരിശോധന ആരംഭിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായാണ് സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കാതെ തന്നെ കംപ്യൂട്ടറൈസ്ഡ് ഹെൽപ്പിംഗ് സെന്ററുകൾ രൂപീകരിച്ചത്. ഇതിന്റെ ഭാഗമായാണ് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും ഓൺലൈനായി സർട്ടിഫിക്കറ്റുകൾ നേടാനും പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുപാർശയോടെ സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ് (എസിഇ) ആരംഭിച്ചത്.

അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സേവന ഫീസിന്റെ പത്തിരട്ടി അനധികൃതമായി അക്ഷയ കേന്ദ്രങ്ങളിൽ ഈടാക്കിയതായി കണ്ടെത്തി. ഫീസ് ഈടാക്കുമ്പോള്‍ കമ്പ്യൂട്ടർ ജനറേറ്റഡ് രസീത് നൽകണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. സംസ്ഥാന ഐടി വകുപ്പ് 2013ലും 2018ലും പുറത്തിറക്കിയ സർക്കാർ ഉത്തരവുകളിൽ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനവും വിവിധ ആവശ്യങ്ങൾക്ക് ഈടാക്കാവുന്ന ഫീസും സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ചില അക്ഷയ കേന്ദ്രങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

വില്ലേജ് ഓഫീസർമാർക്കും സബ് രജിസ്ട്രാർമാർക്കും ഇടയിൽ ഇടനിലക്കാരായി അക്ഷയ സെന്റർ നടത്തിപ്പുകാർ പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment