സൗഹൃദ നഗറിലെ റോഡുകളുടെ ദുരവസ്ഥ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബി.കെ ബീനാകുമാരി സ്ഥലം സന്ദർശിച്ചു

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സൗഹൃദ നഗറിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബി.കെ ബീനാകുമാരി സ്ഥലംസന്ദർശിച്ചു. യാത്രാ ക്ലേശവും, ശുദ്ധജല ക്ഷാമവും പരിഹരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊതുപ്രവർത്തകൻ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള ജൂൺ 28ന് നല്‍കിയ ഹർജിയിൽ കേസ് ഇന്നലെ പരിഗണിക്കവെയാണ് സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്.

സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൻ്റെ കിഴക്കെ അറ്റം വരെ കാൽനടയായി സന്ദർശിച്ച് ഇരുവശത്തുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ കമ്മീഷൻ അംഗം, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാറിനെ പ്രദേശത്ത് വിളിച്ചു വരുത്തി അടിയന്തിരമായി നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള, റോഡ് സമ്പാദക സമിതി രക്ഷാധികാരി തോമസ്ക്കുട്ടി പാലപറമ്പിൽ, കൺവീനർ മനോജ് മണക്കളം, ജേക്കബ് മാത്യു, പി.കെ. ശുഭാനന്ദൻ, കെ.കെ എബി, ഉണ്ണികൃഷ്ണൻ എന്നിവർ വിശദികരിച്ചു.

നിലവിലുള്ള റോഡ് 3 മീറ്റർ വീതിയിൽ നിർമ്മിക്കുവാൻ പ്രദേശവാസികൾ തയ്യാറായ സാഹചര്യത്തിൽ റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ പഞ്ചായത്തിൻ്റെ ചിലവിൽ മാറ്റി കൊടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാർ സംസ്ഥാന കമ്മീഷൻ അംഗം കെ.ബി ബീനാ കുമാരിയെ അറിയിച്ചു. വസ്തു ഉടമകളുടെ യോഗം ശനിയാഴ്ച 6 മണിക്ക് വാലയിൽ ബെറാഖാ ഭവനിൽ നടക്കും.

ഈ റോഡിൽ 25-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന’ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. ചില ആഴ്ചകൾക്ക് മുമ്പ് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ കർഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കൽ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നു മരണപ്പെട്ടു. ആംബുലൻസ് എത്തിയെങ്കിലും നാട്ടുകാർ സ്ട്രെച്ചറിൽ കിടത്തി 700 മീറ്റർ നടന്നാണ് ആംബുലൻസിൽ രോഗിയെ എത്തിച്ചത്.

ഈ റോഡിൽ ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടികിടന്ന് ചെളിയാകുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് ഈ പ്രദേശത്ത് അനുഭവിക്കുന്നത്. വഴിവിളക്കുകൾ പോലും ഈ റോഡിൽ ഇല്ല. മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. വെള്ളപൊക്ക സമയത്ത് സൗഹൃദ നഗറിൽ മടയ്ക്കൽ – മണ്ണാരുപറമ്പിൽ പടി റോഡിൻ്റെ ചില ഭാഗങ്ങളിൽ 4 അടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്. നിലവിലുള്ള വഴികൾ മണ്ണിട്ട് ഉയർത്തി സഞ്ചാര യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കഴിഞ്ഞ ആഴ്ച തോമസ് കെ. തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment