ഒന്നിനും ഒരു കുറവുമുണ്ടാവുകയില്ല; മാവേലി പ്രജകളെ കാണാന്‍ സന്തോഷത്തോടെ വന്നു തിരിച്ചുപോകും: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓണച്ചിലവിനോട് മുഖം തിരിക്കുമ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം പരാജയപ്പെട്ട സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയേണ്ടതില്ല. ഇത്തരം സാമ്യങ്ങൾ ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഓണത്തിന് കുറവുണ്ടാകില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ തിരിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുടിഞ്ഞവരുടെ കൈയിൽ ഏൽപ്പിക്കാതെ ഇടതുപക്ഷത്തെയാണ് കേരളത്തിലെ ജനത സംസ്ഥാനം ഏൽപ്പിച്ചത്.സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നത് ഇല്ലാക്കഥയാണെന്ന് ധനമന്ത്രി പറഞ്ഞു.ബുദ്ധിമുട്ടുണ്ടെങ്കിലും സർക്കാർ പണം നൽകുന്നുണ്ടെന്നും ഈ ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ കേരളത്തിൽ വരുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

അതേസമയം ഈ വർഷത്തെ ഓണം ചെലവുചുരുക്കി പോലും നടത്താനാകില്ലെന്ന വേവലാതിയിലാണ് കേരളം. 8,000 കോടി രൂപ ഓണച്ചിലവുകൾക്കായി വേണ്ടിവരുമെന്ന് കണക്കാക്കിയെങ്കിലും പണത്തിനായി കൈനീട്ടുകാണ് സംസ്ഥാന സർക്കാർ. കടമെടുപ്പുവഴി 3,000 രൂപയാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കി പണത്തിന് ഏത് വഴി സ്വീകരിക്കുമെന്ന് ഇത് വരെ നിശ്ചയിച്ചിട്ടില്ല.

ഈ മാസം 15 ന് റിസർവ്വ് ബാങ്ക് വഴി 3,000 കോടി രൂപ കടമെടുത്താലും ചിലവുകൾക്കായി ഇനിയും 5,000 കോടി വേണം.ബാക്കി തുക സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നും കണ്ടെത്താമെന്നാണ് പ്രതീക്ഷയെങ്കിലും അതു കൊണ്ട് തികയില്ലെന്നതാണ് യാഥാർത്ഥ്യം.സഹകരണ ബാങ്കിൽനിന്നും ബവ്റിജസ് കോർപറേഷനിൽ നിന്നും പണം സമാഹരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ എല്ലാ ആനുകൂല്യങ്ങളും നൽകാനാണു തീരുമാനമെങ്കിൽ വരുമാനം ഉറപ്പാക്കാൻ സർക്കാർ ഏറെ വിയർക്കേണ്ടി വരും. പ്രഖ്യാപനം പോലെ ഈയാഴ്ച 2 മാസത്തെ ക്ഷേമ പെൻഷനും വിതരണം ചെയ്തു തുടങ്ങണം. അതിനു മാത്രം വേണം 1700 കോടി രൂപ. ഇതെല്ലാം എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് ധനവകുപ്പ്.

Print Friendly, PDF & Email

Leave a Comment

More News