കോളേജ് വിദ്യാർത്ഥികൾക്കായുള്ള യു എസ് ടി ‘ഡീകോഡ്’ ഹാക്കത്തോൺ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു

ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവും ലക്ഷ്യമാക്കി ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കും

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്ത്യയിൽ ഉടനീളമുള്ള വിവിധ കോളേജ്‌, സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡീകോഡ് ഹാക്കത്തോണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു.  ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ യു എസ് ടി വിഭാവനം ചെയ്ത ഹാക്കത്തോൺ ആണ് ഡീകോഡ്. പ്രശ്നപരിഹാര മാർഗ്ഗങ്ങൾ, പുത്തൻ കണ്ടുപിടുത്തങ്ങൾ, ഡിസൈൻ സാദ്ധ്യതകൾ തുടങ്ങിയ നിരവധി പ്രായോഗിക കാര്യങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഡീകോഡ് എന്ന പ്ലാറ്റ് ഫോം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളെ പുതുയുഗ സാങ്കേതിക വിദ്യയുടെ ലോകത്തേയ്ക്ക് ആനയിക്കുക എന്ന കർത്തവ്യമാണ് യു എസ് ടി ചെയ്യുന്നത്. ‘എക്സ്പ്ലോറിങ് ജനറേറ്റീവ് എ ഐ: ക്രാഫ്റ്റിങ് ദ ഫ്യൂച്ചർ’ എന്നതാണ് ഡീകോഡ് മൂന്നാം എഡിഷന്റെ പ്രധാന വിഷയം. ഡീകോഡ് 2023 ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് ഡി3 വെബ്സൈറ്റിലോ ഹാക്കർഎർത്തിലോ ആഗസ്റ്റ് 15 നു മുൻപ് രജിസ്റ്റർ ചെയ്യാം.

ആദ്യം 2019 ലും, പിന്നെ 2022 ലുമാണ് ഡീകോഡ് ഹാക്കത്തോണിന്റെ മുൻ പതിപ്പുകൾ സംഘടിപ്പിച്ചത്. മൂന്നാം എഡിഷനിൽ എത്തിനിൽക്കുന്ന ഡീകോഡ് പ്രായോഗിക മേഖലകളിൽ പ്രയോജനകരമാകുന്ന വിധത്തിലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യതകളെക്കുറിച്ചാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു എസ് ടി യുടെ തിരുവനന്തപുരം ക്യാമ്പസിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഡി 3 ടെക്നോളജി കോൺഫറൻസിനു മുന്നോടിയായാണ് ഡീകോഡ് ഹാക്കത്തോൺ നടത്തുന്നത്. ബിരുദ – ബിരുദാനന്തര വിദ്യാർഥികൾക്ക് ഹാക്കത്തോണിൽ പങ്കെടുത്ത് സമ്മാനത്തുകയായ 19 ലക്ഷം രൂപ പങ്കിടാൻ സാധിക്കും.

“ഇന്ത്യയിലെ മിടുക്കരായ വിദ്യാർത്ഥികളെ ഡീകോഡ് 2023 ൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പുത്തൻ സാങ്കേതികതയായ നിർമ്മിതബുദ്ധിയിൽ ഊന്നിക്കൊണ്ടുള്ള മികച്ച സൃഷ്ടികളും സേവനങ്ങളും ജീവിത പരിവർത്തനത്തിനായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്ന ഈ ഘട്ടത്തിൽ പുതിയ തലമുറയിൽ വിദ്യാർഥികൾ  പ്രശ്നപരിഹാരങ്ങൾക്കായി അവയെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനറേറ്റീവ് ഐ ഐയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഡീകോഡ് 2023 ൽ ഭാഗമാകുക വഴി, യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ബിരുദ-ബിരുദാന്തര വിദ്യാർത്ഥികൾക്കും പങ്കാളിത്തം ഉറപ്പാക്കാനാവും,” എന്ന് യു എസ് ടി ചീഫ് ടെക്നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ പറഞ്ഞു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 15 നു മുമ്പേ രജിസ്‌ട്രേഷനും ഐഡിയ സബ്മിഷനും പൂർത്തിയാക്കേണ്ടതുണ്ട്. ആഗസ്റ്റ് 18 മുതൽ 27 വരെ നടക്കുന്ന ഒന്നാം റൗണ്ടിൽ പ്രോഗ്രാമിങ് മത്സരങ്ങൾ പൂർത്തിയാക്കിയശേഷം, ആഗസ്റ്റ് 30 ന് ആദ്യ പത്ത് മത്സരാർത്ഥികളുടെ ഷോർട് ലിസ്റ്റ് പ്രഖ്യാപിക്കും. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 14 വരെ വീഡിയോ അഭിമുഖങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം റൗണ്ട് നടക്കും. ഫിനാലെയിലേക്കു തിരഞ്ഞെടുക്കുന്ന ടീമുകളെ സെപ്റ്റംബർ 15 ന് ക്ഷണിക്കും. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെയാണ് ഓൺസൈറ്റ് ഫിനാലെ. ഒക്ടോബർ 1 നു വിജയികളെ പ്രഖ്യാപിക്കും.

മൂന്നു  യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് ഡീകോഡ് 2023 ഹാക്കത്തോൺ. ഈ റൗണ്ടുകളെത്തുടർന്നാണ് ഓൺസൈറ്റ് ഹാക്കത്തോൺ നടക്കുക.  ഒന്നാമതെത്തുന്ന അഞ്ചു ടീമുകളെ യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 24-മണിക്കൂർ നേരത്തെ ഓൺസൈറ്റ് റൗണ്ടിലേയ്ക്ക് ക്ഷണിക്കും. ഈ ഓൺസൈറ്റ് റൗണ്ടിൽ ടീമുകൾ തങ്ങളുടെ ആശയങ്ങളും തുടർന്ന് അവയുടെ പ്രോട്ടോടൈപ്പുകളും വിധികർത്താക്കളുടെ പാനലിനു മുമ്പാകെ അവതരിപ്പിക്കും.

ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 7 ലക്ഷം രൂപയും, രണ്ടാമത്തെ ടീമിന് 5 ലക്ഷം രൂപയും, മൂന്നാമതെത്തുന്ന ടീമിന് 3 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. അവസാനത്തെ രണ്ടു ടീമുകൾക്ക് ഹോണററി മെൻഷനും 2 ലക്ഷം രൂപ വീതവും നൽകും. ഇത് കൂടാതെ, ഈ അഞ്ചു ടീമുകളിലെ അംഗങ്ങൾക്കും ഉപാധികളും നിബന്ധനകളും പ്രകാരം യു എസ് ടി യുടെ ഇന്ത്യയിലെ ഓഫിസുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. ഒന്നാം സ്ഥാനക്കാരായ ടീം യു എസ് ടി ഡി 3 2023 കോൺഫറൻസിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടും.

Print Friendly, PDF & Email

Leave a Comment

More News