കൊച്ചിയിൽ ഹോട്ടൽ മുറിയിൽ കാമുകന്റെ കുത്തേറ്റ് കാമുകി മരിച്ചു; കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

എറണാകുളം: സുഹൃത്തിന്റെ കുത്തേറ്റ് യുവതി മരിച്ചു. കൊച്ചി നഗരത്തിൽ ഇന്നലെ (ആഗസ്റ്റ് 09) രാത്രിയാണ് സംഭവം നടന്നത്. കോട്ടയം ചങ്ങനാശേരി സ്വദേശി രേഷ്മയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലുശ്ശേരി സ്വദേശി നൗഷിദ് അറസ്റ്റിലായി.

കലൂരില്‍ റൂം കെയർ ടേക്കറായി ജോലി ചെയ്തിരുന്ന നൗഷിദ് ലാബ് അറ്റൻഡറായ രേഷ്മയുമായി സൗഹൃദത്തിലായിരുന്നു. നൗഷിദ് രേഷ്മയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയതാണെന്ന് പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും നൗഷിദ് കത്തി കൊണ്ട് രേഷ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് സംശയം തോന്നി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.

സമൂഹമാദ്ധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് മാറ്റിപ്പറഞ്ഞതായും പോലീസ് പറഞ്ഞു.

എറണാകുളം നോർത്ത് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നൗഷിദിനെ പോലീസ് ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

Print Friendly, PDF & Email

Leave a Comment

More News