ഫിലാഡല്‍ഫിയയില്‍ ‘ചന്ദ്രയാന്‍ 3’ ദൗത്യവിജയത്തെ അനുസ്മരിപ്പിച്ച വി. ബി. എസ്. പ്രോഗ്രാം

ഫിലാഡല്‍ഫിയ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു വിജയം വരിച്ചതുപോലെ ഫിലാഡല്‍ഫിയായിലെ ഒരു പറ്റം വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ കുട്ടികളുടെ ഭാവന ബഹിരാകാശം വരെ ചിറകുവിരിച്ച് ചന്ദ്രന്‍റെ ദക്ഷിണധൃവത്തില്‍ ടച്ച്ഡൗണ്‍ ചെയ്ത്, പുതിയ കണ്ടുപിടുത്തങ്ങളും, സാഹസികയാത്രകളും, ബഹിരാകാശചിത്രങ്ങളുമായി ഒരാഴ്ച്ച നീണ്ടുനിന്ന ബൈബിള്‍ എക്സ്പെഡീഷന്‍ ഫെയ്ത്ത്ലാന്‍ഡ് ചെയ്തു.

ബഹിരാകാശയാത്രയും, ഗഗനചാരികളും, താരാപഥങ്ങളും, റോക്കറ്റും, ശൂന്യാകാശ സൂട്ടുമൊക്കെയായിരുന്നു ഈ വര്‍ഷത്തെ വി. ബി. എസ് തീം ആയ STELLAR–Shine Jesus’ Light എന്നതില്‍. ജീവിതം അന്ധകാരതുല്യമാകുക, തമ്മില്‍ ഒത്തു പോകാതിരിക്കുക, സുകൃതങ്ങള്‍ സംഭവിക്കുക, സഹജീവികള്‍ ദുഖിതരായിരിക്കുക എന്നീനിമിഷങ്ങളില്‍ “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്നുര ചെയ്ത ജീസസിന്‍റെ പ്രകാശകിരണങ്ങള്‍ സഹോദരരില്‍ വര്‍ഷിക്കാന്‍ നാം കടപ്പെട്ടവരാണെന്നുള്ള ബൈബിള്‍ സന്ദേശങ്ങള്‍ കുട്ടികള്‍ ഈ സാഹസിക സ്റ്റെല്ലാര്‍ യാത്രയിലൂടെ മനസിലാക്കി യെടുത്തു. ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ആശയങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്.

വി. ബി. എസ് ഹാളും, പരിസരങ്ങളും സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും, ഗാലക്സിയുമൊക്കെയായി നല്ല രംഗപടങ്ങളാല്‍ അലങ്കരിച്ച് തികച്ചും ബഹിരാകാശതുല്യമായ ഒരു അന്തരീക്ഷം തങ്ങളുടെ ബൈബിള്‍ പഠനത്തിനായി ഒരുക്കിയിരുന്നു. സ്കൂള്‍ കുട്ടികള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദ പരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ.

ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ആഗസ്റ്റ് 14 മുതല്‍ 18 വരെ പ്രീകെ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ വെക്കേഷന്‍ ബൈബിള്‍ സ്കൂളിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്.

കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ സ്റ്റെല്ലാര്‍ സ്പേസ് എക്സ്പെഡീഷനു തികച്ചും അനുചിതമായ രീതിയില്‍ സ്റ്റേജും, ഹാളും സജ്ജമാക്കിയിരുന്നു. യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മ്മയേകി.

മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നടത്തപ്പെട്ട പ്രോഗ്രാമില്‍ ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്‍റ്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്‍റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു. സിംഗ് ആന്‍റ് പ്ലേ ബ്ലാസ്റ്റ് ഓഫ്, സ്റ്റെല്ലാര്‍ ബൈബിള്‍ അഡ്വെഞ്ചേര്‍സ്, ഇമാജിനേഷന്‍ സ്റ്റേഷന്‍, ആള്‍ സ്റ്റാര്‍ ഗെയിംസ്, ഗാലക്ടിക് സ്നാക്സ്, കിഡ് വിഡ് മൂവീസ് എന്നിവയിലൂടെ കടന്ന് അഞ്ചാം ദിവസം കോസ്മിക് ക്ലോസിംഗ് നടത്തിയത് കുട്ടികള്‍ അറിഞ്ഞതേയില്ല. ഗ്രേഡ് ലെവല്‍ അനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായിട്ടാണു ക്ലാസ് നടന്നത്.

ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ആഗസ്റ്റ് 14 നു അഞ്ചുദിവസം നീണ്ടുനിന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉത്ഘാടനം ചെയ്തു. 70 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി.എസില്‍ പങ്കെടുത്തു.

ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകര്‍, കൈക്കാരന്മാര്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യുവജനനേതാക്കളായ ആശിഷ് തങ്കച്ചന്‍, ഫിയോണാ കൊച്ചുമുട്ടം, ഏഞ്ജല്‍ പ്ലാമൂട്ടില്‍, ലിലി ചാക്കോ എന്നിവരാണൂ ഈ വര്‍ഷത്തെ വി. ബി. എസ്. പ്രോഗ്രാമിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ കോര്‍ഡിനേറ്റേഴ്സ് ആയിരുന്ന കാതറീന്‍ സിമെന്തി, ബ്രിയാന കൊച്ചുമുട്ടം, അലിസാ സിജി എന്നിവരും തങ്ങള്‍ ആര്‍ജിച്ച അറിവുകള്‍ ജൂനിയേഴ്സിനു പകര്‍ന്നു നല്കാനും, സഹായത്തിനുമായി അവരോടൊപ്പം ഉണ്ടായിരുന്നു. മതാധ്യാപകരായ ജാസ്മിന്‍ ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, സീനിയേഴ്സായ അബിഗെയില്‍ ചാക്കോ, എമിലിന്‍ തോമസ് എന്നിവരും, പി.ടി.എ. വോളന്‍റിയേഴ്സും, ഇടവകയിലെ യുവജനങ്ങളും, കുട്ടികളുടെ മാതാപിതാക്കളും ഭക്ഷണമുള്‍പ്പെടെ പലവിധ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തു.

വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്നു പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയത് മികച്ച സംഘാടനത്തിന്‍റെ മേന്മയാണു കാണിക്കുന്നത്.

18 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികളില്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

Print Friendly, PDF & Email

Leave a Comment