പുതിയ ബാറുകൾ തുറക്കാനുള്ള നടപടി ആത്മഹത്യാപരം: വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പുതിയ ബാറുകളും പൂട്ടിയ ബിവറേജുകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ നടപടി ആത്മഹത്യാപരമാണെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത്. സംസ്ഥാന ഭരണകൂടത്തിന്റെ വികലമായ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യ വില്പനയിലൂടെ ലഭിക്കുന്ന നികുതിയേക്കാൾ വലിയ തുക അതിന്റെ ഉപഭോഗത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും ജനങ്ങളും ചിലവഴിക്കേണ്ടി വരുന്നു എന്നുള്ളത് ഇതിൻ്റെ ബുദ്ധിശൂന്യതയെയാണ് കാണിക്കുന്നത് എന്നും, തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്നാണ് ഇതിലൂടെ വെളിവാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യത്തിന്റെ വരുമാനത്തിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ച ഒരു ഭരണകൂടവും വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ എ കെ പുതുശ്ശേരി പറഞ്ഞു. മദ്യലഭ്യത കുറക്കുന്നതിലൂടെ മാത്രമേ ഉപഭോഗം കുറക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ സെക്രട്ടറിമാരായ നിസാർ കളമശ്ശേരി, നാദിർഷ, അഡ്വ. സഹീർ മനയത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ വി.കെ. അലി, റിയാദ് മുഹമ്മദ്, അബ്ദുൽ മജീദ്, ജലാൽ വി.കെ. തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News