ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്ത പോലീസിന് തിരിച്ചടി; കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വിട്ടയച്ചു

കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ അറസ്റ്റു ചെയ്ത പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്നലെ നിലമ്പൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന്‌ ഹാജരായ ഷാജനെ മറ്റൊരു കേസില്‍ തൃക്കാക്കര പോലീസാണ് നിലമ്പൂരിലെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍, എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കേണ്ടി വന്നു.

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ ഷാജന്‍ ഇന്നലെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്‌. ഇതിനിടെയാണ്‌ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ്‌ ആലോചിക്കുന്നതായി ഷാജന്‍ അറിഞ്ഞത്‌. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് രാവിലെ 10:30ഓടെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചെങ്കിലും, ആ വാദം തള്ളിക്കൊണ്ട് കോടതി ഉടന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട്‌ ആള്‍ ജാമ്യത്തിലും ഷാജനെ ഇന്നലെ വിട്ടയക്കണമെന്ന്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജി പി.കെ.മോഹന്‍ദാസ് ഉത്തരവിട്ടു. പോലീസ്‌ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

രജിസ്ട്രാര്‍ ഓഫ്‌ കമ്പനീസില്‍ വ്യാജരേഖ ചമച്ച്‌ ഷാജന്‍ ട്രേഡിംഗ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ്‌ രജിസ്റ്റര്‍ ചെയ്ത്‌ ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നേടിയെന്ന്‌ കാണിച്ച്‌ ഡല്‍ഹിയിലെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയിലാണ്‌ ഷാജനെ തൃക്കാക്കര പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

Print Friendly, PDF & Email

One Thought to “ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്ത പോലീസിന് തിരിച്ചടി; കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വിട്ടയച്ചു”

  1. Gopalakrishnan Nair

    തേവൻ രാമചന്ദ്രൻ ആണോ ജഡ്ജ് ?

Leave a Comment

More News