കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം അതിരുകടന്ന നടപടി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിലും പോലീസ് സേനയെ വിന്യസിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ തീരുമാനം അതിരു കടന്നതാണെന്നും, പൊതുജനങ്ങൾക്ക് ഭാരവുമാണെന്നും അദ്ദേഹം വിലയിരുത്തി. ഓണം ആഘോഷിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറുന്ന തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മുഖ്യമന്ത്രി കോടിക്കണക്കിന് രൂപ ഹെലികോപ്ടർ യാത്രയ്ക്കായി ചിലവഴിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

25 മണിക്കൂർ പ്രതിമാസ ഫ്ലൈറ്റ് സമയത്തിന് 80 ലക്ഷം രൂപയും ഒരു മണിക്കൂറിൽ അധികമായി പറക്കുന്നതിന് 90,000 രൂപയും കൂടി നൽകണമെന്നാണ് കരാർ. ട്രഷറിയിൽ ചെക്കുകൾ പോലും മാറ്റിക്കിട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ഈ തീരുമാനം. ഇതിന് മുമ്പ് പിണറായി വിജയൻ തന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി 22 കോടി രൂപ ചെലവഴിച്ചുവെന്നത് ശ്രദ്ധേയമാണ്.

ശ്രീലങ്കയിലെയും പാക്കിസ്താനിലെയും സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നത്. ഇക്കാലത്ത് സർക്കാർ ഇത്തരത്തിൽ അത്യാഗ്രഹത്തോടെയും ധാർഷ്ട്യത്തോടെയും മുന്നോട്ടുപോകുന്നത് ഉത്കണ്ഠാജനകമാണെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകയ്ക്ക് ഇന്ന് ഗ്രീൻ സിഗ്നൽ നൽകി. ഒരു സ്വകാര്യ കമ്പനിയാണ് പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് അവരുടെ സേവനം വാഗ്ദാനം ചെയ്തത്. രണ്ടാഴ്ചയ്ക്കകം ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹെലികോപ്ടറിനുള്ള സർക്കാർ ശിപാർശയ്ക്ക് ധനവകുപ്പിന്റെ അനുമതി ലഭിച്ചു. ഹെലികോപ്റ്റർ സർവീസുകളുടെ കരാർ ചിപ്‌സൺ എയർവേയ്‌സാണ്. മാർച്ചിലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾക്കനുസൃതമായാണ് ആഭ്യന്തര മന്ത്രാലയം ക്രമീകരണത്തിന് അന്തിമരൂപം നൽകിയത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും ദുരന്ത മേഖല സന്ദർശനത്തിനും ഹെലികോപ്റ്റർ ഉപയോഗിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ആക്ഷേപമുണ്ട്.

80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ ധനവകുപ്പ് അനുമതി നൽകിയത് മുതൽ വിമർശനം ഉയർന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുമ്പോഴും സർക്കാരിന്റെ ധൂർത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News