ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനാചരണം സെപ്റ്റംബർ 2ന്

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനാചരണം കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2ന് രാവിലെ 9മണിക്ക് നടക്കും.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ടുവളർത്തിയ വ്യക്ഷചുവട്ടിൽ പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേരും.

സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ.വിനോദ് വർഗ്ഗിസ് സന്ദേശം നല്കും.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിക്കുമെന്ന് ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അറിയിച്ചു.

നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടിട്ടുള്ളത്. 2010-ൽ തിരുവനന്തപുരത്ത് വെച്ച് പരിസ്ഥിതി ഉച്ചകോടി ആൻ്റപ്പൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്ക് പരിശുദ്ധിയോട് നല്‍കണമെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രകൃതി സഹവാസ ക്യാമ്പുകൾ ആൻ്റപ്പൻ കേരളത്തിലുടനീളം സംഘടിപ്പിച്ചത്. ഇന്ന് രാജ്യമെമ്പാടും ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകർ ആ ദീർഘവീക്ഷണശാലിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നിലകൊളളുന്നു .

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം (39) ലോകത്തോട് വിട ചൊല്ലിയത്.

Print Friendly, PDF & Email

Leave a Comment

More News