വംശഹത്യയല്ല സനാതന ധർമ്മത്തെയാണ് ഉന്മൂലനം ചെയ്യേണ്ടത്: ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ‘സനാതന ധർമ്മം’  (Sanatan Dharma) ഉന്മൂലനം ചെയ്യാനുള്ള തന്റെ ആഹ്വാനത്തെച്ചൊല്ലി വിവാദങ്ങൾ നേരിടുന്ന തമിഴ്‌നാട് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ ( Udayanidhi Stalin), തന്റെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയും അവ വിമർശനം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

സനാതന ധർമ്മം തുടച്ചുനീക്കണമെന്ന് താൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഞായറാഴ്ച വൈകുന്നേരം പ്രസ്താവനയിൽ പറഞ്ഞു.

ദ്രാവിഡ പ്രത്യയശാസ്ത്രം മാറ്റം പ്രചരിപ്പിക്കുമ്പോൾ സനാതന ധർമ്മം ശാശ്വതവും മാറ്റത്തിന് വിധേയമല്ലാത്തതുമായ ഒന്നാണെന്നും ദ്രാവിഡ സങ്കൽപ്പത്തിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെ വംശഹത്യ നടത്താനാണ് താൻ ആഹ്വാനം ചെയ്തതെന്ന് ചിലർ പറയുന്നത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡം നിർത്തലാക്കണമെന്ന് ചിലർ പറയുന്നുണ്ടെന്നും അതിനർത്ഥം ഡിഎംകെ പ്രവർത്തകരെ കൊല്ലണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ‘കോൺഗ്രസ് മുക്ത് ഭാരത്’ എന്ന് പതിവായി പറയാറുണ്ടെന്നും, എന്നാൽ അതിന്റെ അർത്ഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊന്നൊടുക്കണമെന്നല്ല എന്നും അദ്ദേഹം പറഞ്ഞു.

വസ്‌തുതകൾ വളച്ചൊടിക്കലും നുണകൾ പ്രചരിപ്പിക്കലും ബിജെപിയുടെ സ്ഥിരം ശീലമാണെന്നും അദ്ദേഹം ആരോപിച്ചു. അത് മാറ്റണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണമെന്നും അദ്ദെഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഇന്ത്യൻ സഖ്യത്തെ ഭയക്കുന്നുവെന്നും, വിഷയം വഴിതിരിച്ചുവിടാനും തെറ്റായ കഥ പ്രചരിപ്പിക്കാനും ശ്രമിക്കുകയാണെന്ന് കരുണാനിധി കുടുംബത്തിലെ യുവ തലമുറയായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പിയും കാവിയും ചേർന്ന് നടത്തുന്ന ഏത് പ്രത്യാഘാതവും നേരിടാൻ താന്‍ തയ്യാറാണെന്നും, പ്രകോപനവും ഭീഷണിയും കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News