ശിശിരം (കവിത): ജയ് പിള്ള

ഇലകൊഴിയുന്നൊരു ശിശിരമാണിപ്പോൾ
നമുക്കൊത്തു കൂടുവാൻ നേരമില്ലൊട്ടും,
ജീവിത വീഥിയിലെ മലരും, ഫലങ്ങളും,
തേടുന്ന വേളയിൽ, സ്വയം വേരറ്റു പോയൊരാ
വടവൃക്ഷമാണ് നാം

ചില്ലകളിൽ ഇടതൂർന്നു നിന്നൊരാ പച്ചപ്പു
നാമറിയാതെ നിറം മങ്ങി വീണതും
അതുകണ്ടു ചുളിവീണ ഇലകൾ ചിരിച്ചതും
അന്തിയ്ക്കു ചേക്കേറി കൂടണഞ്ഞൊരാ
ചെറുകിളികൾ,നമ്മിൽ നിന്ന് എങ്ങോ പറന്നതും

ഋതുഭേദ ഭാവങ്ങൾ മാറുന്ന വേളയിൽ
മണ്ണിൽ മുളച്ചോരാ നൂതന ചിന്തകൾ
ദശവർഷകാലത്തെ പിൻനടത്തിൽ
എവിടെയോ ഇടറിയ നുകം വച്ച വാക്കുകൾ
ഒരു കരിനാളമായ് മനസ്സിൽ എരിയുന്നു ഇപ്പോഴും

ഇലകൊഴിഞ്ഞുണങ്ങിയ മരച്ചില്ലയിൽ
ഒരു വിറയാർന്ന ശബ്ദമായ് തെറ്റിന്റെ
പേക്കൂത്തുകൾ പല്ലിളിക്കുമ്പോൾ
ഒരു മാത്ര പോലുമൊരു കേഴ്‌വി യ്
കാത്തു നിൽക്കാതെ നാം പിൻതിരിയുന്നു
നിറം വച്ച ശിശിരമായ് ഒരു നിശബ്ദത മാത്രം
പകലിനു കൂട്ടായ് പിറക്കുന്നു ….

Print Friendly, PDF & Email

Leave a Comment