അനധികൃത സ്വത്ത് സമ്പാദനം: കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു

എറണാകുളം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് പരാതി നൽകിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ സ്മാരകം പണിയാൻ ഫണ്ട് പിരിവ് ഉൾപ്പെടെയുള്ള ഇടപാടുകളിൽ അഴിമതി നടത്തിയാണ് കെ സുധാകരൻ സ്വത്ത് സമ്പാദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

സുധാകരൻ വനം മന്ത്രിയായിരുന്ന കാലത്തെ അഴിമതിയും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിലെ ക്രമക്കേടും ഉൾപ്പെടുന്ന അഴിമതിയാണ് കോൺഗ്രസ് നേതാവിന് എതിരെ പ്രശാന്ത് ബാബു പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

2021 ജൂൺ 7 ന് സുധാകരനെതിരെ പ്രശാന്ത് ബാബു നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ വിജിലൻസ് സെൽ എസ്പി കെപി അബ്ദുൾ റസാഖ് പ്രകാശ് ബാബുവിൽ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധം പരിഗണിച്ച് സുധാകരനെതിരായ കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമോയെന്ന സംശയവും പരാതിക്കാരൻ പ്രകടിപ്പിച്ചിരുന്നു.

കെപിസിസി അദ്ധ്യക്ഷൻ സുധാകരനെതിരെയുള്ള അഴിമതി ആരോപണങ്ങൾ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കുകയും യുഡിഎഫിലും കോൺഗ്രസിലും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, അതെല്ലാം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് കെ സുധാകരൻ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News