സിഖ് നേതാവിന്റെ കൊലപാതകം: അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക

വാഷിംഗ്ടൺ: സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ മണ്ണിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിന് അമേരിക്ക പിന്തുണ അറിയിച്ചതായും, അന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണമാണ് ഉചിതമായ സമീപനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അങ്ങനെ സംഭവിച്ചത് എന്താണെന്ന് നമുക്കെല്ലാവർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. തീർച്ചയായും സഹകരിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കണം,” വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ജോൺ കിർബി സിഎൻഎന്നിനോട് പറഞ്ഞു.

ഹർദീപ് സിംഗ് നിജ്ജാർ സിഖുകാർക്ക് പ്രത്യേക ഖാലിസ്ഥാനി രാഷ്ട്രത്തിനായി വാദിക്കുകയും 2020 ജൂലൈയിൽ ഇന്ത്യ “ഭീകരവാദി” ആയി പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ്. എന്നാല്‍, വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ റിപ്പോർട്ട് ചെയ്തതുപോലെ, അദ്ദേഹം ഈ ആരോപണങ്ങളെ എതിർത്തിരുന്നു. കനേഡിയൻ സിഖുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ മുന്‍പില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് നിജ്ജാര്‍.

ജൂണ്‍ മാസത്തില്‍ സറേയിൽ നിജ്ജാറിനെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഇന്റലിജൻസ് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് മറുപടിയായി ഒട്ടാവ ഇന്ത്യയുടെ ചീഫ് ഇന്റലിജൻസ് ഓഫീസറെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ അവകാശവാദങ്ങൾ സജീവമായി അന്വേഷിക്കുകയാണെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പ്രതികാരമായി കനേഡിയൻ നയതന്ത്രജ്ഞന് രാജ്യം വിടാൻ ന്യൂഡൽഹി അഞ്ച് ദിവസത്തെ നോട്ടീസ് നൽകി. “അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യങ്ങളാൽ പ്രചോദിതവുമാണ്” എന്ന കനേഡിയൻ ആരോപണം ഇന്ത്യ നിരസിക്കുകയും കനേഡിയൻ മണ്ണിൽ ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു.

കാനഡയുടെ ആരോപണത്തെ “വളരെ ഗൗരവമുള്ളതായി” കാണണമെന്നും, യു എസ് പ്രസിഡന്റ് ജോ ബൈഡന് ഈ സാഹചര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ജോൺ കിർബി അഭിപ്രായപ്പെട്ടു. കാനഡയുടെ ആരോപണത്തിന് അടിസ്ഥാനമായ രഹസ്യാന്വേഷണത്തെക്കുറിച്ച് യുഎസിന് അറിയാമോ എന്ന് ചോദിച്ചപ്പോൾ, കിർബി പറഞ്ഞത് “ഈ അന്വേഷണത്തിന്റെ സമഗ്രതയെ മാനിക്കുന്നതിനും അടിസ്ഥാന വിവരങ്ങളും അവരുടെ നിരന്തരമായ ശ്രമങ്ങളും ചർച്ച ചെയ്യാൻ ഞാന്‍ ഇവിടെ എന്റെ പരാമർശങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അവരാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല,” എന്നാണ്.

“മുന്‍‌വിധിയിലേക്ക് നാം എടുത്തു ചാടരുത്. സജീവമായ അന്വേഷണം നടക്കുന്നുണ്ട്, അത് സുതാര്യവും സമഗ്രവുമാകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാനഡ അത് ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. അന്വേഷണവുമായി സഹകരിക്കാൻ ഞങ്ങൾ
വീണ്ടും ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു. എല്ലാ വസ്തുതകളും നിഗമനങ്ങളും ലഭിച്ചുകഴിഞ്ഞാൽ മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ,” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്ന് തെളിഞ്ഞാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കിർബി പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഹൗസ് ഓഫ് കോമൺസിന് നൽകിയ അടിയന്തര പ്രസ്താവനയിൽ, ഒരു കനേഡിയൻ പൗരനെ കൊല്ലുന്നതിൽ ഒരു വിദേശ ഗവൺമെന്റിന്റെ ഏതെങ്കിലും പങ്കാളിത്തം “നമ്മുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണ്” എന്ന് ഊന്നിപ്പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വെളിപ്പെടുത്തലിനെ ഇന്ത്യ അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തിൽ കാനഡയുടെ നിലപാട് യുഎസ് നിരസിച്ചുവെന്ന റിപ്പോർട്ടുകൾ ദേശീയ സുരക്ഷാ കൗൺസിലിലെ മറ്റൊരു വക്താവ് അഡ്രിയൻ വാട്‌സൺ നിഷേധിച്ചു. “ചൈനയ്‌ക്കെതിരായ സന്തുലിതാവസ്ഥയായി പ്രസിഡന്റ് ബൈഡൻ ഇന്ത്യയുടെ മോദിയെയാണ് കാണുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ ഒരു സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടായിരിക്കാം എന്ന കാനഡയുടെ സ്‌ഫോടനാത്മകമായ ആരോപണത്തെത്തുടർന്ന് ആ ശ്രമം ഇപ്പോൾ സങ്കീർണ്ണമായിരിക്കുകയാണ്. ഈ വിഷയത്തിൽ കാനഡയുടെ നിലപാട് ഞങ്ങൾ നിരസിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണ്. ഈ വിഷയത്തിൽ ഞങ്ങൾ കാനഡയുമായി അടുത്ത് ഏകോപിപ്പിക്കുകയും കൂടിയാലോചിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്, കാനഡയുടെ നിലവിലുള്ള നിയമ നിർവ്വഹണ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ഞങ്ങളുമായി ഇടപെടുന്നു,” വാട്സണ്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഒരു ലേഖനത്തില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News