ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ ആരംഭിക്കുന്നു

കോവിഡ്‌ മഹാമാരിക്കാലത്താണ്‌ ഞാനിത്‌ എഴുതുന്നത്‌. രണ്ടായിരത്തി പത്തൊമ്പത്‌ ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി. പക്ഷേ, രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതി. പുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ചൈനയിലെ വുഹാനില്‍ നിന്നടിച്ച കൊറോണ വൈറസ്‌ അപ്പൂപ്പന്‍ താടികളെപോലെ പറന്ന്‌ ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴവന്‍ നീണ്ടുപരന്നു വ്യാപിച്ചു. ഭാരതത്തില്‍ ആയിരക്കണക്കിന്‌ പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി, കൊട്ടാരം മുതല്‍ കുടില്‍ വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രീക്ക് മിത്തോളജിയിലെ അധോലോക രാജാവ്‌ ‘ഹെയിഡ്‌സിന്റെ കുതിര കുളമ്പടി മുഴങ്ങി. ‘ഡ്രാക്കുള’ എന്ന രക്തരക്ഷസുകള്‍ പാഞ്ഞുവന്ന്‌ പാശ്ചാത്യ ലോകത്തെ കീഴടക്കി. ‘കോവിഡ്-19’ എന്ന്‌ വൈദ്യശാസ്ത്രം പേര് കല്പിച്ച മഹാവ്യാധി.

ലോക ചരിത്രത്തില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്‌. മഹാമാരികള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടയിട്ടുണ്ട്‌. മദ്ധ്യകാല യൂറോപ്പിലെ ‘ബ്ലാക്ക് ഡത്ത്’, ഒന്നാം ലോക മഹായുദ്ധകാലത്തെ ‘സ്പാനിഷ് ഫ്ലൂ’ എന്നിവ. എന്നാല്‍, വൈദ്യശാസ്ത്രം അത്യുന്നതിയില്‍ നില്‍ക്കുന്ന ഈ സൈബര്‍ യുഗത്തിലും, ശാസ്ത്രം ഈ മഹാമാരിയുടെ മുമ്പില്‍ ഇന്നും മുട്ടുകുത്തി നമ്രശിരസ്ക്കയായി നില്‍ക്കുന്നില്ലേ എന്ന്‌ ഇടക്ക്‌ തോന്നിപോകുന്നു.

വാക്സിനുകള്‍, രണ്ടായിരത്തി ഇരുപത്‌ അവസാനത്തിലും ഇരുപത്തൊന്ന്‌ ആരംഭത്തിലുമായി എത്തിയിട്ടുണ്ട്‌. എന്നിരിക്കിലും ഒരു പിടികിട്ടാപുള്ളിയെപ്പോലെ ജനിതക വ്യത്യാസങ്ങള്‍ വന്ന്‌ പല രൂപങ്ങളും, ഭാവങ്ങളും, നിറങ്ങളും ചാര്‍ത്തി പുറത്തെത്തുന്ന
“പ്രോട്ടീന്‍ സ്പൈക്കുകള്‍’ നിറഞ്ഞ ഈ അതിസൂക്ഷ്മാണു, മനുഷ്യരാശിയെ ഇന്നും അനുദിനം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സ്പൈക്കുകളെ നേരിടുന്ന പുതിയ പുതിയ ബൂസ്റ്റര്‍ വാക്സിനുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഈ സൂക്ഷ്മാണുവിനെ ഭൂമുഖത്തുനിന്നും പാടേ തുടച്ചു മാറ്റികളയാനാകുന്ന വാക്സീനുകള്‍ കാലക്രമേണ വൈറേളജി വിഭാഗത്തിന്‌ ഉണ്ടാകട്ടെ എന്ന
പ്രതീക്ഷയും പ്രത്യാശയും നമുക്ക് കൈവരിക്കാം.

ജോണ്‍ ഇളമത

++++++++++++

സിസ്റ്റര്‍ സെലീനാ കണ്ണുകള്‍ തുടച്ചു, എന്നിട്ടും അവള്‍ വിതുമ്പി. കാലപ്രവാഹം പോലെ! എന്റെ ഈശോയെ! എന്ന്‌ ഈ മഹാമാരി അവസ്സാനിക്കും? അവള്‍ ആ ഇറ്റാലിയന്‍ വൃദ്ധന്റെ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കി, സ്നേഹത്തോടും, സഹതാപത്തോടും കൂടെ. അയാള്‍ക്കെന്തൊക്കെയോ പറയാനുള്ളതുപോലെ. അയാളുടെ മുഖത്ത്‌ വെന്‍റലേറ്ററിനുള്ളില്‍ ജീവവായു പിടയുന്നു. ജീവന്‍ കിടക്കാനുള്ള ആഹാരത്തിന്റെ ടൂബ്‌ അയാളുടെ മുക്കില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു. നഗ്നമായ മാറിടം നിറയെ മോണിറ്റോര്‍ ചെയ്യുന്ന മിഷ്യനുകളുടെ വയറുകള്‍ ചുറ്റിപിണഞ്ഞു കിടക്കുന്നു. വാരിയെല്ലുകള്‍ ഉയര്‍ന്നു താഴുന്നു, പ്രാണവായുവിനു വേണ്ടി. ചുമ അയാളെ ഇടക്കിടെ ശ്വാസം മുട്ടിക്കുബോള്‍ കണ്ണുകള്‍ തള്ളി പുറത്തേക്ക്‌ വന്ന്‌ ഞെളിപിരികൊള്ളുന്നു, ജീവവായു എടുക്കാനുള്ള വെപ്രാളത്തില്‍.

“സെലീനാ! ആ വൃദ്ധന്റെ വെന്‍റിലേറ്റര്‍ വേഗം ഈരിയെടുക്ക്‌, എന്നിട്ട്‌ ഡെസ്ഇന്‍ഫക്ഷന്‍ ചെയ്യ്‌! വേഗംവേണം.”

സിസ്റ്റര്‍ മെറ്റില്‍ഡായുടെ കണ്ണില്‍ ചോര ഇല്ലാത്ത ആജ്ഞ!

“വെന്‍റലേറ്റര്‍ ഈരിയെടുക്കാനോ?”

“അതെ. തിരിച്ചുചോദ്യം വേണ്ട.”

മരണം കണ്ടു മരവിച്ച കഠിന ഹൃദയമുള്ള മലയാളി കന്യാസ്ത്രീ! ഫ്ലോറൻസിലെ ബനഡിക്‌ ടൻ ഓഡറില്‍ ആതുര ശുശ്രൂഷ ചെയ്യുന്ന നഴ്സിംഗ് സൂപ്പര്‍‌വൈസര്‍! അവര്‍ക്കാണ്‌ ആ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല.

“എന്തേ, സിസ്റ്റര്‍ സെലീനാ റൂള്‍ തടി വിഴുങ്ങിതുപോലെ മിഴിച്ചു നില്‍ക്കുന്നത്‌, പറഞ്ഞതു കേട്ടില്ലേ!”

സെലീന സിസ്റ്റര്‍ മെറ്റില്‍ഡായുടെ ക്രൂരമായ കണ്ണുകളിലേക്ക്‌ നോക്കി. കര്‍ത്താവിന്റെ മണവാട്ടിക്ക്‌ ഇങ്ങനെ പറയാനാകുമോ?

“വേഗം വേണം. ഒരു ചെറുപ്പക്കാരന്‍ വന്നിട്ടുണ്ട്‌. വെന്‍റിലേറ്റര്‍ ഇല്ല. ഇത്‌ അയാള്‍ക്ക്‌ കൊടുത്ത്‌ അയാളെ രക്ഷിക്കണം. ഈ രോഗിക്ക്‌ എഴുപത്തഞ്ചു കഴിഞ്ഞു.”

എന്തൊരു തീരുമാനം. എഴുപത്തഞ്ചു കഴിഞ്ഞ വൃദ്ധനെ എഴുതിതള്ളുകയോ, ആര്‍ക്കാണ്‌ മരിക്കാനിഷടം!

“ങാ, സെലീനാ, ഈ വൃദ്ധന്‌ അവസാനത്തെ സിപ്പ്‌ വെള്ളം കൊടുത്തേക്ക്‌. പെരുവെള്ളം പോലാണ്‌ രോഗികളുടെ ഒഴുക്ക്‌. ഇനിമുതല്‍ എഴുപതിന്‌ മേലെത്തിയവരെ പരിചരിക്കാനാവില്ല. അവര്‍ക്ക്‌ വേണ്ടി പ്രത്യേകം മുറി ഒരുക്കുകയാണ്‌.”

സെലീന അന്തം വിട്ടു നിന്നു. കന്യാസ്ത്രീ മഹാ ദേഷ്യക്കാരിയാണ്‌. അവള്‍ മെറ്റില്‍ഡായുടെ ആജ്ഞ ശിരസാവഹിക്കാന്‍ തുടങ്ങി. വൃദ്ധന്റെ മുഖത്തു നിന്ന്‌ വെന്‍റിലേറ്റര്‍ മാറ്റി. ടൂബുകള്‍ മാറ്റി, മോണിറ്റോര്‍ ചെയ്തിരുന്ന എല്ലാ വയറുകളും അയാളുടെ ശരീരത്തില്‍ നിന്ന്‌ നീക്കം ചെയതു. അവസാനത്തെ രണ്ടു സിപ്പു വെള്ളം വൃദ്ധന്റെ വായിലേക്ക്‌ ഇറ്റിച്ചു കൊടുത്തു. അയാളുടെ കണ്ണുകള്‍ തുറിച്ച്‌ ജലാര്‍ദ്രമായി. സംസാരിക്കാന്‍ കഴിയാതെ അയാളുടെ നാവ്‌ ഞരക്കങ്ങളിലൂടെ എന്തൊക്കയോ ശബ്ദം പുറപ്പെടുവിക്കുന്നു എന്നു തോന്നി. തളര്‍ന്ന അയളുടെ വലതുകാരം ഇഴഞ്ഞുവന്ന്‌ സെലീനായുടെ വലതു കരത്തെ പൊതിഞ്ഞു. അവസാനത്തെ അത്താണിക്കായ്‌. സെലിനായുടെ ചൂടുള്ള രണ്ടു തുള്ളി കണ്ണീള്‍ അയാളുടെ കരതലത്തില്‍ വീണു ചിന്നി ചിതറി!

ഫ്ലോറന്‍സില്‍ മഞ്ഞുപാതത്തിന്റെ അവസാനത്തെ മഞ്ഞുകണങ്ങള്‍ ഇലകള്‍ പൊഴിഞ്ഞു പോയ വൃക്ഷശിഖരങ്ങളില്‍ നിന്ന്‌ ഇളംകാറ്റില്‍ പറന്നുകൊണ്ടിരിക്കുന്നു, മരണംപോലെ. അവ നിശ്ശേഷം പറന്നു തീരുമ്പോള്‍ മഴ പെയ്യും. മഴയില്‍ വൃക്ഷങ്ങളില്‍ വീണ്ടും പുതിയ ജീവന്‍ തളിര്‍ക്കും, പുതിയ നാമ്പുകളോടെ. വഴിമാറുന്ന ജീവിതചര്യയുടെ നിലൊട്ടം. പഴയത്‌ പുതിയതിനു വേണ്ടി വഴിമാറുന്നു. എന്നാല്‍ ഇതങ്ങനെയാണോ! വര്‍ഗ്ഗനിറഭേദമോ ജാതിമതഭേദമോ, വലിപ്പചെറുപ്പമോ, പ്രായവ്യത്യാസമോ ഇല്ലാതെ
പാഞ്ഞെത്തുന്ന ഭീകരയക്ഷി! ‘കൊറോണ’, കോവിഡ്‌ പത്തൊമ്പത്‌!

ഫ്ലോറന്‍സിന്‌ ചുറ്റും കറുത്ത ച്രകവാളങ്ങള്‍ ഉരുണ്ടു കൂടി. കാറും കോളും നിറഞ്ഞ്‌ വലിയ പേമാരിക്കുള്ള ഒരുക്കം തന്നെ. ഓ, പകര്‍ച്ചവ്യാധിയുടെ സുനാമി! സുനാമിയേക്കാള്‍ ഭീകരമാകാം. വേരറ്റു നില്‍ക്കുന്ന വൃക്ഷങ്ങള്‍ കടപുഴക, അല്ല ആരോഗ്യം കുറഞ്ഞ എല്ലാതരം മരങ്ങളും വീഴും, ചിലപ്പോള്‍ കുഞ്ഞുസസ്യങ്ങള്‍ പോലും! മരണം ചിറകിട്ടടിക്കുന്ന പക്ഷികളേപ്പോലെ ചുറ്റിലും. ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പിറ്റലിലെ കൂറ്റന്‍ മോന്തായങ്ങളില്‍ ചുറ്റിയടിക്കുന്ന ചെകുത്താന്‍ കാറ്റ്‌ പുറത്ത്‌ ചുളംവിളിക്കുന്നു, ലൂസിഫറിന്റെ കാഹളംപോലെ!

മുറിക്കുള്ളില്‍ മുളലുകളും, ഞരക്കങ്ങളും നെടുവീര്‍പ്പായി ഉയര്‍ന്നുപൊങ്ങുന്നു. ആശ്വാസവാക്കുകള്‍ കാറ്റില്‍ പറത്തി മുരണത്തെ മുഖാമുഖം ദര്‍ശിക്കുന്ന നഴ്സുമാരും, ഡോക്ര്‍മാരും, മറ്റ്‌ ആതുരശുശ്രൂഷയില്‍ വ്യാപൃതരായവരും. മഞ്ജയും, മാംസവുള്ള അവര്‍ക്കും മരണത്തെ പേടിയുണ്ട്‌. എങ്കിലും കര്‍ത്തവ്യങ്ങള്‍ക്കുമുമ്പില്‍ തളരാത്ത അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ പോലെ ആതുര ശുശ്രൂഷകര്‍ ഓടി നടക്കുന്നു. വിശ്രമിക്കാനവവര്‍ക്ക്‌ സമയമില്ല. നഴ്സിംഗ് മുറിയിലെ ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ മാസ്ക് വെച്ചുറങ്ങി സമയപരിമിതകളെ കാറ്റില്‍ പറത്തുന്ന നഴ്സുമാര്‍, കന്യാസ്ത്രീകള്‍, ഡോക്ടര്‍മാര്‍! അവര്‍ക്കൊക്കെ ഒരേ ഒരു ചോദ്യം, എന്നാണ്‌ ഇതിനൊക്കെ ഒരവസാനം? അതോ ലോകാവസാനമോ!

സെലിനായുടെ മനസ്സു വേദനിച്ചു. ക്രൂശിതനായ ഈശോയുടെ തിരുമുഖം. അവള്‍ ദര്‍ശിച്ചു. അവളോര്‍ത്തു, തിരുവചനങ്ങള്‍. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ! ഈ പാനപാത്രം കഴിയുമെങ്കില്‍ എന്നില്‍ നിന്ന്‌ എടുത്തുകൊള്ളേണമേ.’എന്നാല്‍ വീണ്ടും അവള്‍ കര്‍ത്താവിന്റെ വചനങ്ങളോര്‍ത്ത്‌ ആശ്വാസപ്പെട്ടു. എല്ലാം നിവര്‍ത്തിയാകേണ്ടതിന്‌ സര്‍‌വ്വശക്തനായ ദൈവത്തിന്റെ തിരുമനസ്സ്‌ പൂര്‍ത്തിയാകേണ്ടതിന്‌! ദൈവത്തിന്‌ ഒരു പദ്ധതിയുണ്ട്‌, നമ്മുടെ ചിന്തകള്‍ക്കും, ബുദ്ധിക്കുമൊക്കെ അതീതമായി. എങ്കിലും സാത്താന്‍ പരീക്ഷിക്കുന്നു എന്ന്‌ അവള്‍ക്കുതോന്നി. എന്തിന്‌ എനിക്ക്‌, എനിക്ക്‌ മാത്രം ഈ മുള്‍ക്കിരീടം തന്നു? സാത്താനെ അകന്നുപേകൂ എന്ന്‌ ഹൃദയം നൊന്തവള്‍ പ്രാര്‍ത്ഥിച്ചു. പെട്ടന്നവളുടെ മനോമുകരത്തിന്റെ തിരശ്ശീല രണ്ടായി പിളര്‍ന്നു. രണ്ടായിരത്തി പതിനെട്ടിലെ വലിയ വെള്ളപ്പൊക്കം. താമരശ്ശേരിയിലെ വീടിനു ചുറ്റും വെള്ളം പൊങ്ങി. മലമുകളിലെ വൈത്തിരിയില്‍ നിന്ന്‌ ഉരുള്‍പൊട്ടി ഒഴുകി, കടപുഴകി വൃക്ഷങ്ങളും, സസ്യലതാതികളും. എങ്ങും പ്രളയം! മലയുടെ അടിവാരം വലിയ തടാകമായി. കലക്കവെള്ളം തുള്ളിക്കളിക്കുന്ന തടാകം. അപ്പോള്‍ രക്ഷിക്കാനെത്തിയ ചെറുപ്പക്കാരന്‍ സേവ്യര്‍!

ഉരുള്‍പൊട്ടി വീട്‌ ഒലിച്ചുപോയി. ആ നല്ല ചെറുപ്പക്കരന്‍ തന്റെ മാതാപിതാക്കളെ ഏറെ സഹായിച്ചു. മരണത്തിലേക്കൊഴുകിയ അപ്പനേയും, അമ്മയേയും അയാളാണ്‌ രക്ഷപ്പെടുത്തിയത്. രണ്ടു കൊല്ലം മുമ്പ്‌ ഓഗസ്റ്റിലാണതു സംഭവിച്ചത്‌. ഞങ്ങളെപോലെ പാലായില്‍ നിന്ന്‌ മലബാറിലേക്ക്‌ കുടിയേറിയ ഒരു കുടുംബത്തിന്റെ ഏക അത്താണി. പക്ഷേ,അതൊരു ആകസ്മികമായ കൂടിചേരലിന്റെ ആരംഭമായിരുന്നില്ലേ. ആദ്യം എനിക്കു തോന്നി ഇനിയിപ്പോള്‍ ഇതൊന്നും വേണ്ടായെന്ന്‌. മലബാറിലേക്ക്‌ കുടിയേറിയ പലരുടേയും അനുഭവം കേട്ട ഞാന്‍ എന്നേ കല്ല്യാണം ഉപേക്ഷിച്ചിരുന്നു. പഠിപ്പേറെയില്ലാത്ത മലയോര കര്‍ഷകര്‍. പത്തും പതിനൊന്നുമൊക്കെ പെറ്റു കൂട്ടിയ അമ്മമാര്‍. അവരുടെയൊക്കെ പെണ്‍മക്കള്‍ വിവാഹക്കമ്പോളത്തിലെ വില്‍പ്പന ചരക്കുകളായിരുന്നു. കുറേ പേര്‍ മഠങ്ങളിലും, മറ്റു കുറേപ്പേര്‍ നഴ്സിംഗിനായി വടക്കേ ഇന്ത്യയിലേക്കും, വിദേശത്തേക്കുമൊക്കെ ചേക്കേറി. എന്തിന്‌ ഞാനും അങ്ങനെ തന്നെ. അദ്ധ്വാനിക്കാന്‍ ആങ്ങളമാരില്ലാത്ത ദരിദ്ര കര്‍ഷകനായ എന്റെ അപ്പന്റെ അത്താണിയായി നഴ്സിംഗിന് ഞാനങ്ങനെയാണ്‌ ഫ്ലോറന്‍സില്‍ എത്തപ്പെട്ടത്‌. എന്റെ അമ്മായിയായ കന്യാസ്ത്രിവഴി. കുറേ ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കല്‍ക്കട്ടയിലെ ‘മിഷ്യനറീസ് ഓഫ്‌ ചാരിറ്റി’ ഓര്‍ഡറില്‍ കന്യാസ്ത്രീയായി വൃതമെടുത്ത്‌ സഭാവസ്ത്രം സ്വീകരിച്ച സമര്‍പ്പിതയാണ്‌ എന്റെ അമ്മായി

ഏവുപ്രാസിയാമ്മ (അപ്പന്റെ പെങ്ങള്‍) അമ്മായി ഇന്ന്‌ ഇവിടെ ഫ്ലോറന്‍സില്‍ മദറാണ്‌. കോണ്‍വന്‍റ്‌ വക വൃദ്ധാലയത്തിന്റെ ചുമതലയുള്ള മദര്‍. മദര്‍ത്രേസ്യയുടെ വഴികളിലൂടെ സഞ്ചരിച്ച്‌ സ്വന്തം കുരിശു ചുമന്നാണ്‌ അമ്മായി ഇവിടെ എത്തി പ്രേക്ഷിത വേല ചെയ്യുന്നത്‌. എന്തിന്‌ എന്റെ ഇളയ അഞ്ചു സഹോദരികളുടെതന്നെ അനുഭവങ്ങള്‍ എന്നെ തളര്‍ത്തിയിരിക്കുന്നു. ഞാന്‍ കുറേ വര്‍ഷങ്ങള്‍ ഇവിടെ ജോലി ചെയ്താണ്‌ എനിക്ക്‌ താഴെയുള്ള സഹോദരിമാരെ എല്ലാം കെട്ടിച്ചയച്ചത്. എന്നിട്ടോ!, അവര്‍ക്കാക്കും സ്വൈര്യമില്ല..ഇഷ്ടംപോലെ സ്ത്രീധനം വാരിക്കോരികൊടുത്തിട്ടുപോലും. ഭര്‍ത്താക്കന്മാരെല്ലാം മലബാറിലെ കുടിയേറ്റക്കാര്‍ തന്നെ. ധനം ഏറെ ഉണ്ടങ്കില്‍തന്നെ വിദ്യാഭ്യാസമേറെയില്ലാത്ത മുശടന്മാര്‍. ഭര്‍തൃആധിപത്യത്തിന്റെ കാലാള്‍ പടയാളികള്‍. അവര്‍ അവരുടെ യാഥാസ്ഥിതികരായ മതാപിതാക്കളുടെ ആഞ്ജാനുവര്‍ത്തികള്‍ തന്നെ. പുരുഷ മേധാവിത്വത്തിന്റെ സൂക്ഷിപ്പുകാര്‍. അവര്‍ക്ക് ഭാര്യമാര്‍ അടിമകള്‍തന്നെ. അങ്ങനെയാണ്‌ അവരുടെ അപ്പനമ്മമാര്‍ അവരെ ശിക്ഷണം ചെയ്തിരിക്കുന്നത്‌. ഇനിയും എനിക്കു വേറൊരു കഥകൂടി. ആ കഥകേട്ടാല്‍ ആരും പറഞ്ഞുപോകാം, ഇനിയും നിനക്കൊരു പരീക്ഷണം കൂടി വേണമോ എന്ന്!

അന്ന്‌ ഞനേറെ ചെറുപ്പമായിരുന്നു. നഴ്സിംഗ് കഴിഞ്ഞ്‌ ഫ്ലോറൻസിലെത്തിയ കാലം. ആദ്യം അമ്മായി, ഏവുപ്രാസിയാമ്മ ചാര്‍ജ്ജായി ജോലി ചെയ്തിരുന്ന വൃദ്ധാലയത്തില്‍ നഴ്സായി ചാര്‍ജ്ജെടുത്ത കാലം. വാസ്തവത്തില്‍ അതൊരു ലാറ്റിന്‍ പഠനത്തിന്റെ കാലം എന്ന്‌ കരുതയാല്‍ മതിയാകും. പ്രൈവറ്റ്‌ മഠമല്ലേ, ശമ്പളം തുലോം തുഛം! ആതുര ശുശ്രൂഷക്ക്‌ മുന്‍ഗണ നല്‍കുന്ന ‘മിഷ്യനറീസ്‌ ഓഫ്‌ ചാരിറ്റി’ അങ്ങനെ ഒരു ഭാഷാപഠന സൗകര്യം തന്നത്‌ മനോഗുണം തന്നെ. അല്ല, ഭാഷ പഠിക്കാതെ നഴ്സ് ആണെന്ന്‌ പറഞ്ഞാല്‍ തന്നെ ആരാ ജോലി തരാന്‍. അക്കാലത്ത്‌ അവിടെ നഴ്സിംഗ് ഹോമില്‍ ചാപ്ലിനായിരുന്ന ഇറ്റാലിയന്‍ ഫാദര്‍ അന്റോണിയോ ഫ്രാങ്കോയെ കാണാന്‍ കൂടെ കൂടെ ഒരു മലയാളി ശെമ്മാച്ചന്‍ വന്നിരുന്നു. ഡേവി എന്നു വിളിക്കുന്ന ഡേവിഡ്‌. വെളുത്ത്‌ മെല്ലിച്ച പൊക്കമുള്ള സുന്ദരനായ ചെറുപ്പക്കാരന്‍. കുസൃതിചിരിയുള്ള ശെമ്മാച്ചന്‍. ദൈവവിളി ശെമ്മാച്ചനില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നൊക്കെ അക്കാലത്തൊക്കെ എനിക്കും തോന്നിതുടങ്ങി. ചാപ്ലയിനെ കാണാനെത്തുന്ന ശെമ്മാച്ചന്‍ ഒരിക്കലെന്നെ കണ്ടുമുട്ടി. ഏവുപ്രാസിയാമ്മക്ക്‌ വാസ്തവത്തില്‍ ആ ശെമ്മാച്ചനില്‍ ഒരു സംശയവും തോന്നിയിരുന്നുതന്നെയില്ല. ഞാനാ ശെമ്മാച്ചനെ ചൂണ്ടയിട്ടു പിടിച്ചുവെന്ന്‌ പില്‍ക്കാലത്ത്‌ ആരെങ്കിലും ചിന്തിച്ചിരുന്നുവെങ്കില്‍ അവര്‍ക്കൊക്കെ തെറ്റിപോയി.

ഒരിക്കലും അങ്ങനെയായിരുന്നില്ല. ആ ശെമ്മാച്ചനാണ്‌ എന്നോട്‌ അടുപ്പം കാട്ടിതുടങ്ങിയത്. തീര്‍ച്ചായായും ഒരു പെണ്‍മനസ്സ്‌ അക്കാലങ്ങളില്‍ എനിക്കുണ്ടായിരിന്നിരിക്കണം. ചെറു പ്രായം. ഇരുപത്തിമൂന്ന്‌ വയസ്സ്‌. സ്വപ്നങ്ങള്‍ കണ്ട്‌ നടക്കുന്ന സ്ത്രൈണ
മനസ്സ്! കുപ്പിചില്ലുപോലെ ഉടഞ്ഞുപോകാവുന്ന മനസ്സില്‍ ഞാനന്നും ഭയവും, ഭക്തിയും, പേടിയും, ചാരിത്രവും ഒക്കെ കാത്തു സൂക്ഷിച്ചിരുന്നു. ഒറ്റക്ക്‌ അതേ, മതാപിതാക്കളില്‍ നിന്നൊക്കെ അകലെ കൈയ്യെത്താ ദൂരത്തു താമസിക്കുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ മനസ്സ്‌ പതറിപോകാന്‍ എത്രനേരം വേണം! അക്കാലളില്‍ അമ്മയുടെ കത്തുകള്‍ അതെപ്പോഴും എന്നെ
ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. സാഹചര്യങ്ങള്‍കൊണ്ട്‌ പിഴച്ചു പോയ എത്രഎത്ര പെണ്‍കുട്ടികളുടെ കഥകള്‍ അമ്മ കത്തുകളിലൂടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. എന്നെപോലുള്ള പെണ്‍കുട്ടികളുടെ പ്രായം കൊല്ലന്‍മാരുടെ ആലയില്‍ പഴുപ്പിച്ചെടുത്ത ഇരുമ്പകട്ട പോലെതന്നെ. കത്തി നില്‍ക്കുന്ന ആ കഷണം ഏതു രൂപത്തില്‍ വേണമെങ്കിലും അടിച്ചുപരത്തി എതാകൃതിയും കൊടുക്കാം. അതൊക്കെ ഓര്‍ത്തപ്പോള്‍ ഞാന്‍ ഞെട്ടി! അപ്പോഴൊക്കെ ഞാന്‍ എന്റെ അമ്മയുടെ ശബ്ദം കേട്ടു, നീ നിന്നെ സൂക്ഷിക്കണം!

എങ്കിലും ഡേവിയുടെ കുസൃതിച്ചിരിയിലും നോട്ടത്തിലും ഭാവത്തിലും ഞാന്‍ അലിഞ്ഞുപോയി. അതിന്‌ കാരണക്കാരന്‍ ആ ചെറുപ്പക്കരന്‍ തന്നെയായരുന്നു. അയാളെന്നോടടുക്കുകയായിരുന്നു, ഞാനറിയാതെ. പ്രണയത്തിന്‌ കണ്ണും കാതുമില്ലെന്ന പ്രമാണം കവികള്‍ പാടിയിട്ടുണ്ടെങ്കിലും അതിന്റെ അസ്വസ്തത ഞാനറിയാതെ എന്റെ ഹൃദയത്തിലേക്കാഴ്‌ന്നിറങ്ങി. എങ്ങനെയായിരുന്നു അതിന്റെ ആരംഭം. ഞാന്‍ ജോലിയിലായിരുന്നപ്പോള്‍ ശെമ്മാച്ചന്‍ ഒരിക്കല്‍ വൃദ്ധാലയത്തിലേക്ക്‌ കടന്നുവന്നു കുസൃതിച്ചിരയാടെ ആരംഭിച്ചു…..

“മലയാളിയാണല്ലേ!”

“അതെ..”

സങ്കോചം കൂടാതെ പറഞ്ഞു. അല്ലങ്കില്‍ ഒരു ശെമ്മാച്ചനെ എന്തിന്‌ സംശയിക്കണം. ദൈവ വിളിയില്‍ സമര്‍പ്പിതനായി വിദേശത്തേക്കെത്തിയ ആത്മീയ ചൈതന്യമുള്ള ഒരു ചെറുപ്പക്കാരനെ. ജീവിതം അങ്ങനെയല്ലേ! പലരും പലത്‌ തിരഞ്ഞെടുക്കുന്നു. നോക്കു, എന്റെ കര്‍മ്മ മണ്ഡലം ആതുര ശുശ്രൂഷ. നധസമ്പാദനത്തിനാണങ്കില്‍ പോലും അതിലുമില്ലേ ഒരു ചാരിതാത്ഥ്യം. ദീനിതരേയും, ദു:ഖിതരേയും, നിരാരലം‌ബരേയും ശുശ്രൂഷിക്കുക. അങ്ങനെ പലരും പലവിധത്തില്‍.

“പേരെന്താണ്‌?” ശെമ്മാച്ചന്റെ ചോദ്യം.

“സെലീന”

“സിസ്റ്റര്‍ സെലീന”

“സെലീന എന്ന്‌ ബ്രദര്‍ വിളിച്ചാല്‍ മതിയാകും”

“ഓ, അങ്ങനെയാകട്ടെ. എന്റെ പേര് ഡേവിഡ്‌. ഡേവി എന്ന്‌ വിളിച്ചാല്‍ സന്തോഷം. പിന്നെ ബ്രദര്‍ എന്നൊക്കെ വിളിക്കണമെന്നില്ല, സെമ്മനാരിയില്‍ തുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ നാട്ടില്‍ നിന്ന്‌ ഇങ്ങോട്ടേക്കെത്തുബോള്‍ ഒരു സന്യാസ സഭയില്‍ ചേര്‍ന്ന്‌ ജീവിതം ദൈവത്തില്‍ സമര്‍പ്പിച്ച്‌ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത്‌ ജീവിതം ധന്യമാക്കണമെന്നൊക്ക കരുതിയാണ്‌ ഇങ്ങോട്ടേക്ക്‌ എത്തിയത്‌. ചെറുപ്പത്തില്‍ തന്നെ ധാരാളം പുണ്യാത്മാക്കളുടെ ചരിത്രങ്ങളൊക്കെ വായിച്ചാണ്‌ ഇങ്ങനെ ധന്യമായ ജവിതത്തിന്‌ ഇറങ്ങി പുറപ്പെട്ടത്. അതുകൊണ്ട്‌ അതൊന്നും തെറ്റായി കണക്കാക്കാനില്ല. ദൈവവിളി ദൈവത്തിന്‍റ ദാനമാണ്‌. എനിക്കിപ്പോള്‍ തോന്നുന്നത്‌ മറ്റൊന്നു തന്നെ. അല്ലാ, സെലീനയെപോലെ ആതുര ശുശ്രുഷാരംഗത്തു പ്രവര്‍ത്തിച്ചാലും സമൂഹത്തില്‍ പുണ്യപ്രവര്‍ത്തികള്‍ ചെയ്ത്‌ ജീവിക്കാമല്ലോ എന്നൊരു തോന്നല്‍!”

ഞാന്‍ ഒന്നും ഉരിയാടാതെ എല്ലാകേട്ടു നില്‍ക്കുന്നതുകൊണ്ടാകാം ഡേവ്‌ എന്ന ശെമ്മാച്ചന്‍ അന്ന് അത്ര മാത്രം പറഞ്ഞ്‌ നിര്‍ത്തി. ഒടുവില്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു…

“വാസ്തവത്തില്‍ എന്തൊക്കെയോ കൂടി സംസാരിക്കണമെന്നുണ്ടായിരുന്നു. ങാ, അല്ലങ്കില്‍ അടുത്ത തവണ ഞാന്‍ ഇവിടെ എത്തുമ്പോള്‍ പറഞ്ഞുകൊള്ളാം!”

അങ്ങനെ അര്‍ത്ഥോക്തിയില്‍ നിര്‍ത്തിയാണ്‌ ശെമ്മാച്ചന്‍ യാത്ര പറഞ്ഞു പിരിഞ്ഞത്‌. അപ്പോള്‍ ചിന്ത അതായി. എന്താണ്‌ ശെമ്മാച്ചന് പറയാനുള്ളത്‌? ഒരെത്തും പിടിയും കിട്ടാത്ത ഒരുതരം സംസാരം!

കുറേ ദിവസങ്ങള്‍ക്കു ശേഷം ശെമ്മാച്ചന്‍ എന്നെ കാണാന്‍ വന്നു. എന്നിട്ട്‌ പറഞ്ഞു….

“കഴിഞ്ഞ പ്രാവശ്യം സെലീനായെ കണ്ടപ്പോള്‍ പറയാമെന്ന പറഞ്ഞ കാര്യമിതാണ്‌. ഏതായാലും ഇപ്പോള്‍ ഇറ്റാലിയന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ. ടൗണില്‍ സാന്താ മറിയാ ഹോസ്പ്പിറ്റലില്‍ ഇപ്പോള്‍ നഴ്സുമാരെ എടുക്കുന്നുണ്ട്‌. നല്ല ശമ്പള വ്യവസ്ഥയില്‍ ജോലി ആരംഭിക്കാം. അല്ല, ഇവിടെ ഇങ്ങനെ തുഛശമ്പളത്തില്‍ ജോലി ചെയ്താല്‍ മേല്‍ഗതി ഉണ്ടാകില്ലല്ലോ. ഇതിപ്പം രജിസ്ട്രേഷനുള്ള നഴ്സിന് മാസം രണ്ടായിരം ഒയിറോ ശമ്പളത്തില്‍ ജോലി ആരംഭിക്കാം. ഞാന്‍ ആപ്ലിക്കേഷന്‍ കൊണ്ടുവന്നിട്ടുണ്ട്‌, പൂരിപ്പിച്ച്‌ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയുമായി ഹ്യൂമന്‍ റിസോഴ്സിലേക്ക് അയച്ചുകൊടുക്കുക, വൈകണ്ടാ. എനിക്കു പരിചയമുള്ള ഒരു മലയാളി സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെട്ടതാണ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി. ഞാന്‍ അദ്ദേഹത്തോട്‌ സെലീനായ്വെപറ്റി പറഞ്ഞിട്ടുണ്ട്‌. തീര്‍ച്ചായായും സിസ്റ്ററിന്‌ ആ ജോലി കിട്ടും…”

ഡേവ്‌ തുടര്‍ന്ന്‌ നിര്‍ത്താതെ വാചാലനായി….

“ഞാന്‍ ‘സലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ബോസകോ’ഓഡറില്‍ ചേര്‍ന്നാണ്‌ ഇവിടെ ഫ്ലോറന്‍സില്‍ എത്തിയത്‌. അന്ന്‌ ഞങ്ങളുടെ സെമിനാരിയിലെ റെക്ടറായിരുന്നു അന്റോണിയാ അച്ചന്‍. അച്ചനായിരുന്നു ഞാന്‍ പുതുതായി ഇവിടെ എത്തിയപ്പോള്‍ എന്റെ
എല്ലാ കാര്യങ്ങളും നോക്കി നടത്തിയരുന്നത്‌. എനിക്കദ്ദേഹം എന്റെ അപ്പനെ പോലെതന്നെയാണ്‌. ഞാന്‍ എത്തി സെമിനാരി പഠനം ആരംഭിച്ചിട്ട്‌ രണ്ടു വര്‍ഷമാകുന്നു .അപ്പോഴേക്കും സീനിയറായിരുന്ന അച്ചനെ നിങ്ങളുടെ മഠത്തിലേയും, വൃദ്ധാലയത്തിലേയും ചാപ്ലിനാക്കി ഇങ്ങോട്ടേക്ക്‌ സഥലം മാറ്റി. പക്ഷേ ഇപ്പോഴത്തെ റെക്‌ടറച്ചന്‍ പുതിതായി ചാര്‍ജെടുത്ത മദ്ധ്യവയസ്ക്കനാണ്‌. ഇദ്ദേഹത്തെപോലെ ഒരു പിതാവിന്റെ വാത്സല്ല്യമൊന്നും അദ്ദേഹത്തിനില്ല, വളരെ കര്‍ക്കശക്കാരനാണ്‌.”

ഇത്തരം സംഭാഷണങ്ങളൊക്കെ ഒരു അസാധാരണ വിശേഷം പറച്ചില്‍ പോലെ എനിക്കു തോന്നി. ഞാന്‍ മറുപടി പറയാതെ
മൗനമായി കുറേനേരം നിന്നപ്പോള്‍ ഡേവ്‌ തന്നെ ആ സംഭാഷണം മുറിച്ചു

“അല്ല, ഇതൊക്കെ പെട്ടന്ന്‌ ആരും കേള്‍ക്കാനിഷ്ടപ്പെടാത്തതാകാം. ഇനി വരുമ്പോള്‍ ഞാന്‍ കാണാന്‍ വരാം. അപ്പോള്‍ വിശദമായി ചിലതൊക്കെ കൂടുതല്‍ സംസാരിക്കാം. നാമെല്ലാം മനുഷ്യരല്ലേ, പൂര്‍ണ്ണുത അവകാശപ്പെടാനില്ലാത്തവര്‍!”

ശെമ്മാച്ചന്റെ മനസ്സിന്റെ പതര്‍ച്ച എന്നില്‍ വിസ്മയവും, ജിജ്ഞാസയുമുണര്‍ത്തി, മറ്റനേകം ചിന്തകളും. അന്നു രാത്രി അതുതന്നെ ചിന്തിച്ചുകിടന്നു. എന്താണ്‌ ആ ചെറുപ്പക്കാരന്റെ മനസ്സില്‍? എന്തൊക്കയോ അയാള്‍ക്ക്‌ തന്നോട്‌ സംസാരിക്കാനുണ്ടെങ്കില്‍ അതെന്താണ്‌! അല്ല, അയാള്‍ തന്റെ ആരാണ്‌!

(……തുടരും)

 

Print Friendly, PDF & Email

Leave a Comment

More News