പോലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ നായകളെ പരിശീലിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന വീട്ടില്‍ നാര്‍ക്കോട്ടിക് സംഘം റെയ്ഡ് നടത്തി; പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

കോട്ടയം: പോലീസിനെ കണ്ടാല്‍ എങ്ങനെ ആക്രമിക്കണം എന്ന് പരിശീലിപ്പിച്ച നായകളെ കാവൽ നിർത്തി കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കോട്ടയം കുമരനെല്ലൂരില്‍ റോബിന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് നാര്‍ക്കോട്ടിക് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി.

കുമരനെല്ലൂരിലെ വാടകവീട്ടിലാണ് റോബിൻ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇന്ന് (സെപ്തംബർ 25ന്) പുലർച്ചെ 4:00 മണിക്ക് ഈ വീട്ടിൽ പൊലീസും ആന്റി നാർക്കോട്ടിക് സംഘവും നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ട റോബിൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

13 ഇനം വിദേശ നായ്ക്കളെ റോബിന്റെ വീട്ടിൽ വളർത്തിയിരുന്നു. പെറ്റ് ഹോസ്റ്റൽ നടത്തുകയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. എന്നാല്‍, ഈ വിദേശ ഇനങ്ങളെ കൂടാതെ, മറ്റ് നായകളെ അവിടെ പാർപ്പിച്ചിരുന്നില്ല. പരിസരത്ത് താമസിക്കുന്നവരാരും പകൽസമയത്തെ ഈ വീട്ടിലെ സന്ദർശകരെ നിരീക്ഷിച്ചിരുന്നില്ല. എന്നാൽ, രാത്രിയിൽ പലരും ഇവിടെയെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി സമീപവാസികൾ പറഞ്ഞു. റോബിൻ അയൽക്കാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

വീട്ടിൽ മറ്റാരും കയറാതിരിക്കാൻ നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു റോബിന്റെ രീതി. ഇയാള്‍ക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല. കാക്കി (പോലീസ് യൂണിഫോമിലുള്ള ആരെയെങ്കിലും) കണ്ടാൽ ആക്രമിക്കാൻ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു.

റോബിൻ കുറച്ചുകാലമായി ഈ വീട്ടിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടായിരുന്നു. എക്സൈസ് സംഘം എത്തുമ്പോൾ നായ്ക്കളെ അഴിച്ചു വിടുന്നതായിരുന്നു ഇയാളുടെ തന്ത്രം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന്റി നർക്കോട്ടിക് സ്‌ക്വാഡും പോലീസും റോബിനെതിരെ ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന്, കോടതിയിൽ നിന്ന് അനുമതി നേടുകയും പുലർച്ചെ തിരച്ചിൽ നടത്തുകയും ചെയ്തു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും മറ്റുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പരിസരത്ത് അപ്രതീക്ഷിതമായി ധാരാളം നായ്ക്കളെ കണ്ടതില്‍ അദ്ദേഹം അത്ഭുതപ്പെട്ടു. അതിനാലാണ് ഇയാളെ പിടികൂടാൻ കഴിയാതിരുന്നതെന്നും അദ്ദേഹം സമ്മതിച്ചു. അപകടകാരികളായ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News